'പറഞ്ഞാൽ കേൾക്കുന്ന'സ്കൂട്ടർ, എൻടോർക് റേസ് എക്സ്.പി വിസ്മയം തീർക്കും
text_fieldsജനപ്രിയ സ്കൂട്ടറായ എൻ ടോർകിന് കരുത്തുകൂടിയ വകഭേദം അവതരിപ്പിച്ച് ടി.വി.എസ്. വോയ്‌സ് കമാൻഡ് ഉൾപ്പടെയുള്ള പ്രത്യേകതകളുമായി വരുന്ന വാഹനത്തിന് എൻ ടോർക് റേസ് എക്സ്.പി എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ സ്കൂട്ടറിനായി ടിവിഎസ് കണക്റ്റ് മൊബൈൽ ആപ്ലിക്കേഷെൻറ യൂസർ ഇൻറർഫേസ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. കണക്റ്റുചെയ്‌തിരിക്കുന്ന ബ്ലൂടൂത്ത് ഉപകരണത്തിലൂടെയും 15 വ്യത്യസ്ത വോയ്‌സ് കമാൻഡുകൾ സ്വീകരിക്കാൻ ഇൗ സംവിധാനത്തിനാകും. നാവിഗേഷൻ മുതൽ വിവിധ മോഡുകൾ തിരഞ്ഞെടുക്കുന്നതുവരെയുള്ള കമാൻഡുകൾ ഇത്തരത്തിൽ വാഹനം സ്വീകരിക്കും.
സാധാരണ എൻ ടോർകിനേക്കാൾ കൂടുതൽ കരുത്തും ടോർകും ഉത്പ്പാദിപ്പിക്കുന്ന വാഹനമാണിത്. റേസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് റേസിങ് മോഡുകളും റേസ് എക്സ് പിക്കുണ്ട്. സാധാരണ എൻ ടോർകിെൻറ ഡിക്സ് ബ്രേക് വേരിയൻറിനേക്കാൾ 8000 രൂപ കൂടുതലാണ് പുതിയ മോഡലിന്. ഇതോടെ എൻ.ടോർക് മൊത്തം അഞ്ച് വേരിയൻറുകളിൽ ലഭ്യമാകും. ഡ്രം ബ്രേക് (71,095 രൂപ), ഡിസ്ക് (75,395), റേസ് (78,375), സൂപ്പർ സ്ക്വാഡ് (81,075), റേസ് എക്സ്പി (83,275) എന്നിവയാണ് നിലവിലെ വേരിയൻറുകൾ. മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി, റേസ് എക്സ്പിയുടെ എഞ്ചിൻ ടൂണിങിൽ വ്യത്യാസമുണ്ട്. 7,000 ആർപിഎമ്മിൽ 10.2 എച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 10.8 എൻഎം ടോർകുമാണ് സ്കൂട്ടറിനുള്ളത്.
മറ്റ് മോഡലുകളെ അപേക്ഷിച്ച് 0.8 എച്ച് പി, 0.3 എൻഎം ടോർക് എന്നിവ വർധിച്ചു. ഈ വേരിയൻറ് മറ്റ് മോഡലുകളേക്കാൾ ഭാരം കുറഞ്ഞതാണെന്നും കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട പെൻഫോമൻസ് ലഭിക്കുമെന്നതും പ്രത്യേകതയാണ്. റേസ് എക്സ് പിയുടെ ടോപ്പ് സ്പീഡ് 98 കിലോമീറ്ററാണ്. റേസ് മോഡിൽ മികച്ച ആക്സിലറേഷനും ലഭ്യമാകും. കുറഞ്ഞ വേഗതയിൽ സ്ട്രീറ്റ് മോഡ് ഉപയോഗിച്ചാൽ ഇന്ധനക്ഷമതയും വർധിക്കും. പുതിയ ത്രീ-ടോൺ കളർ സ്കീമും ചുവന്ന നിറമുള്ള അലോയ് വീലുകളും സ്കൂട്ടറിന് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.