![ആദ്യ ഇലക്ട്രിക് സൂപ്പർസ്റ്റാർ ജനിച്ചു; വില 2.5 ലക്ഷം, റേഞ്ച് 140 കിലോമീറ്റർ ആദ്യ ഇലക്ട്രിക് സൂപ്പർസ്റ്റാർ ജനിച്ചു; വില 2.5 ലക്ഷം, റേഞ്ച് 140 കിലോമീറ്റർ](https://www.madhyamam.com/h-upload/2023/08/24/2053552-tvs-x.webp)
ആദ്യ ഇലക്ട്രിക് സൂപ്പർസ്റ്റാർ ജനിച്ചു; വില 2.5 ലക്ഷം, റേഞ്ച് 140 കിലോമീറ്റർ
text_fieldsരാജ്യെത്ത ആദ്യ ഇലക്ട്രിക് സൂപ്പർ സ്റ്റാർ എന്ന വിളിക്കാവുന്ന വാഹനം അവതരിപ്പിക്കപ്പെട്ടു. ടി.വി.എസ് ആണ് പുത്തൻ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയത്. നാം ഇതുവരെ കണ്ട് പരിചയിച്ചിരുന്ന ഇ.വി സ്കൂട്ടറുകളേക്കാൾ ഒരുപടി മുന്നിലാണ് ടി.വി.എസ് എക്സ് എന്ന പുതിയ വാഹനം. മാക്സി സ്കൂട്ടറുകൾക്ക് സമാനമായ രൂപമാണ് ഈ സ്കൂട്ടറിന്. ടി.വി.എസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിങ് ആരംഭിച്ചു.
ഏഥറും ഒലയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാണിരുന്ന ഇ.വി രംഗത്തേക്ക് ടി.വി.എസ് ആദ്യമെത്തിയത് ഐക്യൂബുമായാണ്. എന്നാൽ കൂടുതൽ ആളുകളും പുതിയ ബ്രാൻഡുകളെയാണ് തങ്ങളുടെ ആദ്യ ചോയ്സായി പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയൊരു ഇലക്ട്രിക് സ്കൂട്ടറിനെ ടി.വി.എസ് വിപണിയിലെത്തിച്ചത്. ദുബായില് നടക്കുന്ന ഇവന്റിലാണ് കമ്പനി പുതിയ എക്സ് ഇവി പുറത്തിറക്കിയത്.
പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറായി വരുന്ന ഈ മോഡലിന് 2.50 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആദ്യത്തെ 2,000 കസ്റ്റമേഴ്സിന് 18,000 രൂപയുടെ പ്രത്യേക ഫസ്റ്റ് എഡിഷൻ പാക്കേജും ലഭ്യമാവും. 2018-ൽ അവതരിപ്പിച്ച ക്രിയോൺ കൺസെപ്റ്റിൽ നിന്നും ഡിസൈൻ കടമെടുത്താണ് എക്സ് പണികഴിപ്പിച്ചിരിക്കുന്നത്. പെർഫോമൻസിലായാലും സാങ്കേതികവിദ്യയിലായാലും പുതിയ ടി.വി.എസ് എക്സ് ഇവിക്ക് എതിരാളികളില്ല.
കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈൽ ആരെയും കൈയിലെടുക്കാൻ പ്രാപ്തമാണ്. പരമ്പരാഗത സ്കൂട്ടറുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച ‘എക്സൽടോൺ’ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ നിർമിച്ചിട്ടുള്ളത്. റൈഡർക്കായി വീതിയേറിയ സ്പ്ലിറ്റ് സീറ്റുകളുമായാണ് മോഡൽ വരുന്നത്. എക്സ്റ്റെൽത്ത്, എക്സ്ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിങ് മോഡുകളുമായാണ് ഇ-സ്കൂട്ടർ വരുന്നത്.
റീജനറേറ്റീവ് ബ്രേക്കിംഗും ടി.വി.എസ് എക്സ് ഇവിയുടെ ഭാഗമാണ്. കമ്പനി ആന്തരികമായി വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്ന പുതിയ തലമുറ സ്മാർട്ട് കണക്ട് പ്ലാറ്റ്ഫോമാണ് ഇതിന് ലഭിക്കുന്നത്. 10.25 ഇഞ്ച് എച്ച്ഡി ടിൽറ്റ് സ്ക്രീൻ സജ്ജീകരണവും പ്രീമിയം ഫീലാണ് നൽകുന്നത്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. 19 ലിറ്ററാണ് അണ്ടർസീറ്റ് സ്റ്റോറേജ്. ക്രാഷ് ഡിറ്റക്ഷൻ, സ്പീഡ് ലിമിറ്റ്, ഓവർ സ്പീഡ് അലേർട്ട്, ടോവിംഗ് അലേർട്ട്, ജിയോഫെൻസിംഗ്, ഓട്ടോ ലോക്കിംഗ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ടി.വി.എസ് സ്മാർട്ട് ഷീൽഡും സജ്ജീകരിച്ചിട്ടുണ്ട്.
ഈ പെർഫോമൻസ് ഇലക്ട്രിക് ടൂവീലറിന് 4.44 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകും. 14.7 bhp പവറുള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ഒരുക്കിയിട്ടുള്ളത്. എക്സ് ഇവിക്ക് 0-40 കിലോമീറ്റർ വേഗത 2.6 സെക്കൻഡിൽ കൈവരിക്കാനാകും. 0-60 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ എത്തും.മണിക്കൂറിൽ 105 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറിനൊപ്പം വിപുലമായ തെർമൽ മാനേജ്മെന്റും വാഹനത്തിലുണ്ടെന്നാണ് കമ്പനി പറയുന്നത്. 0-80 ശതമാനം ചാർജിംഗിനായി 3 മണിക്കൂറും 40 മിനിറ്റും സമയമാണ് വേണ്ടിവരുന്നത്.
മുൻവശത്ത് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉള്ള അലുമിനിയം അലോയ് ഫ്രെയിമും ആണ്. ബ്രേക്കിങിഗിനായി ലും സിംഗിൾ-ചാനൽ എബിഎസോടുകൂടിയ 220 mm സിംഗിൾ ഫ്രണ്ട് ഡിസ്ക്കും 195 mm റിയർ ഡിസ്ക്കുമാണ് ഉണ്ടാവുക. 12 ഇഞ്ച് അലോയ് വീലുകളാണ് ഇ-സ്കൂട്ടറിന് ലഭിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററുമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.