ചൈനയിൽ നിർമിച്ച ഫോക്സ്‌വാഗൺ ഇലക്ട്രിക് കാർ ഇറക്കുമതിക്ക് യു.എ.ഇയിൽ നിരോധനം
text_fieldsദുബൈ: ചൈനയിൽ നിർമിച്ച ഫോക്സ് വാഗൺ ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് യു.എ.ഇ താൽകാലിക നിരോധനം ഏർപെടുത്തി. അനധികൃത ചാനലുകൾ വഴി കാറുകൾ ഇറക്കുമതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് നിരോധനം ഏർപെടുത്തിയത്.
ചൈനയിൽ നിർമിച്ച ഫോക്സ് വാഗൺ കാറുകളുടെ രജിസ്ട്രേഷൻ താൽകാലികമായി നിർത്തിവെക്കും. പുനർ കയറ്റുമതിക്കായി യു.എ.ഇയിൽ ഇറക്കുമതി ചെയ്ത വാഹനങ്ങളെയും നേരത്തെ വാങ്ങിയ വാഹനങ്ങളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യു.എ.ഇയിൽ ഫോക്സ്വാഗന്റെ ഔദ്യോഗിക വിതരണക്കാർ അൽ നബൂദ ഓട്ടോമൊബൈൽസാണ്. ഇവർ വഴിയല്ലാതെ യു.എ.ഇയിൽ എത്തുന്ന കാറുകൾ വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇത്തരം നൂറോളം കാറുകൾ യു.എ.ഇയിൽ വിറ്റഴിഞ്ഞിരുന്നു. ഫോക്സ് വാഗന്‍റെ ഐ.ഡി 4 പ്രോ ക്രോസ്, ഐ.ഡി 6 കാറുകളാണ് ഇത്തരത്തിൽ വിറ്റത്. എന്നാൽ, ഇവക്ക് കമ്പനിയുടെ ഔദ്യോഗിക വാറന്‍റിയില്ലെന്ന് ഫോക്സ് വാഗൻ അധികൃതർ വ്യക്തമാക്കി. ഈ കാറുകൾ യു.എ.ഇയിൽ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. യു.എ.ഇയിലെ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് പരിശോധിച്ചിട്ടില്ല. അതിനാലാണ് നിരോധനം ഏർപെടുത്തിയത്.
സാധാരണ വിലയേക്കാൾ 30,000 ദിർഹം കുറച്ചാണ് ഈ കാറുകൾ വിൽക്കുന്നത്. 1.45 ലക്ഷം ദിർഹം മുതലാണ് വില. ഒരു കിലോമീറ്റർ പോലും ഓടാത്ത പുതിയ കാറുകളാണിതെങ്കിലും യു.എ.ഇയിലെ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കാത്തതാണ് പ്രശ്നം. ഈ കാറുകൾക്ക് ഇതുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നാണ് ഇത്തരം കാറുകൾ വിൽക്കുന്ന ഡീലർമാരുടെ വാദം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് മറച്ചുവെക്കാതെയാണ് ഇവർ വിൽപന നടത്തുന്നത്. നിരോധനത്തെ ഫോക്സ് വാഗനും അൽ നബൂദ ഓട്ടോമൊബൈൽസും സ്വാഗതം ചെയ്തു. വാഹനത്തിന്‍റെ സുരക്ഷക്കാണ് പ്രാധാന്യമെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രമെ വാഹനം വാങ്ങാവൂ എന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.