ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റ് ഓട്ടോമോട്ടിവ് കേരളത്തിലേക്ക്
text_fieldsകൊച്ചി: വൈദ്യുത വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടിവിന്റെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിപണന ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് 3,500 ചതുരശ്ര അടി വലുപ്പത്തില്‍ കേരളത്തില്‍ ഷോറും ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 25ല്‍ അധികം ഷോറൂമുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ ബംഗളൂരു, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഷോറുമുകള്‍ ഉണ്ട്. ബംഗളൂരു ആസ്ഥാനമായ അള്‍ട്രാവയലറ്റിന്റെ ആദ്യകാല നിക്ഷേപകരിലൊരാളാണ് ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍.
‘ഡിസൈന്‍ ഇന്‍ ഇന്ത്യ, ഡിസൈന്‍ ഫോര്‍ ദ് വേള്‍ഡ്’ എന്ന ആശയത്തില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ഈ വര്‍ഷംതന്നെ യൂറോപ്യന്‍ വിപണിയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യും. പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ പ്രിയ വിപണികളിലൊന്നായ കേരളത്തില്‍ ഈ വിഭാഗത്തിന്റെ അഞ്ച് ശതമാനം കൈയാളാനാണ് അള്‍ട്രാവയലറ്റ് ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ സി.ഇ.ഒ.യും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്‌മണ്യം അറിയിച്ചു.
ഷോറൂം നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിനൊപ്പം അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളുടെ ശൃംഖല ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 10.3 കിലോവാട്ട് ശേഷിയുള്ള എസ്.ആര്‍.ബി 7 ലിഥിയം അയോണ്‍ ബാറ്ററിയാണ് ‘എഫ്77 മാക് 2’ എന്ന മോഡലിന് കരുത്തേകുന്നത്. ബാറ്ററിക്ക് എട്ടുലക്ഷം കിലോമീറ്റര്‍ വാറന്റിയും ഒറ്റ ചാര്‍ജിങ്ങില്‍ 323 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.