രാജ്യത്തെ ആദ്യ ഫ്ലക്സ് എഞ്ചിൻ സിട്രോൺ സി 3ക്ക്?; വിപ്ലവകരമായ തീരുമാനവുമായി ഫ്രഞ്ച് നിർമാതാവ്
text_fieldsരാജ്യത്തെ വാഹനങ്ങളിൽ ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ സൂചന നൽകിയിരുന്നു. വാഹനരംഗത്തെ തുടർച്ചയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഫ്ലക്സ് എഞ്ചിനുകളും നിർബന്ധമാക്കുന്നത്. രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനത്തിെൻറ തുടർച്ചയായാണ് ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുന്നത്. ഇത്തരം ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിനായാണ് ഫ്ലക്സ് എഞ്ചിനുകൾ കണക്കാക്കപ്പെടുന്നത്.
നിലവിൽ 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനമാണ് വിൽക്കുന്നത്. ഇത് പടിപടിയായി ഉയർത്താനും 20 ശതമാനത്തിൽ എത്തിക്കാനുമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിെൻറ തീരുമാനം. അങ്ങിനെ വന്നാൽ വാഹനങ്ങളിൽ ഫ്ലക്സ് എഞ്ചിൻ നിർബന്ധമാക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതിനായുള്ള ടൈംലൈനുകൾ ഒന്നും ഇനിയും തീരുമാനിച്ചിട്ടില്ല.
സിട്രോൻ സി 3
അടുത്തിടെയാണ് ഫ്രഞ്ച് വാഹന നിർമാതാവായ സിട്രോൺ ഇന്ത്യയിലെത്തിയത്. സിട്രോൺ സി 5 എയർക്രോസ് എസ്.യു.വിയാണ് ഇവരുടെ ആദ്യ വാഹനം. അടുത്തതായി കുറച്ചുകൂടി ചെറിയ കോമ്പാക്ട് എസ്.യു.വി പുറത്തിറക്കാനാണ് സിട്രോൺ ലക്ഷ്യമിടുന്നത്. സിട്രോൺ സി 3 എന്നാണ് വാഹനത്തിെൻറ പേര്. സി 3യുടെ നിരവധി പരീക്ഷണ ഒാട്ടങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. വാഹനത്തെപറ്റി പുറത്തുവരുന്ന സൂചനകൾ വിശ്വസിക്കാമെങ്കിൽ ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിൻ വാഹനമായിരിക്കും സിട്രോൺ സി 3.
സിസി 21 എന്ന കോഡ്നാമമുള്ള സിട്രോൺ സി 3 അടുത്ത വർഷം ആദ്യമാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. സെപ്റ്റംബർ 16 ന് സിട്രോൺ C3 ഒൗദ്യോഗികമായി പുറത്തിറക്കാനും സിട്രോണിന് പദ്ധതിയുണ്ട്. സി 3 എസ്‌യുവിയുടെ ഉത്പാദനം ഒരേസമയം ചെന്നൈയ്‌ക്കടുത്തുള്ള തിരുവള്ളൂരിലെ സിട്രോൺ ഇന്ത്യ പ്ലാൻറിലും ബ്രസീലിലെ പോർട്ടോ റിയൽ പ്ലാൻറിലും നടക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ടർബോചാർജറുള്ള 1.2 ലിറ്റർ ഫ്ലക്സ്-ഫ്യുവൽ എഞ്ചിനാകും വാഹനത്തിന്.
എന്താണീ ഫ്ലക്സ് എഞ്ചിൻ
ഫ്ലക്സ് എഞ്ചിനുകൾ എന്നത് പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ്. ഫ്ലക്സ് എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ നിലവിൽ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2025 ആകുേമ്പാഴേക്ക് 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
പ്രതീക്ഷകൾ നിരവധി
ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ് കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പെട്രോളിെൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് പുറത്താണ്. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.