ഇതുവരെ കണ്ടതൊന്നുമല്ല, ഇതാണ് യഥാർഥ റോയൽ എൻഫീൽഡ്; ഷോട്ട് ഗൺ ചിത്രങ്ങൾ പുറത്ത്
text_fieldsറോയൽ എൻഫീൽഡിന്‍റെ ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 മോട്ടോർസൈക്കിളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഷോട്ട്ഗൺ 650ന്റെ ചിത്രങ്ങൾ പുറത്ത്. രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തവേയാണ് ബൈക്ക് കാമറ കണ്ണുകളിൽ പതിഞ്ഞത്. നേരത്തേ ഷോട്ട്ഗൺ 650 വിദേശത്തും പരീക്ഷണം നടത്തിയിരുന്നു. നിലവിൽ പുറത്തുവന്ന ചിത്രങ്ങളിൽ പ്രൊഡക്ഷൻ മോഡലിന്‍റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമാണ്.
ഷോട്ട്ഗണിന്റെ ഡിസൈനും സ്റ്റൈലിങും SG650 കൺസെപ്റ്റിനോട് സാമ്യം പുലർത്തുന്നതാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും റിയർ വ്യൂ മിററുകളും കൂടാതെ ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും വീതിയേറിയ പിൻ മഡ്‌ഗാർഡും ബൈക്കിലുണ്ട്. ഈ ഡിസൈൻ ബിറ്റുകൾ ഇതിന് റെട്രോ-ക്ലാസിക് ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളിൽ എൽ.ഇ.ഡി ഘടകങ്ങളും ബ്ലിങ്കറുകൾക്ക് ഹാലൊജൻ ബൾബുകളുമുമാണ് നൽകിയിരിക്കുന്നത്.
ഷോട്ട്ഗൺ പരീക്ഷണ പതിപ്പിന് മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫുട്‌പെഗുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവയാണുള്ളത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയും ബൈക്കിൽ ഉൾെപ്പടുത്തും. സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നതിനായി ബൈക്കിന് മുന്നിൽ യുഎസ്‍ഡി ഫോർക്കുകളും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളുമുണ്ടാകും. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായിരിക്കും.
ബൈക്കിന്‍റെ ഔദ്യോഗിക എഞ്ചിൻ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. റോയൽ എൻഫീൽഡിന്റെ 648cc പാരലൽ-ട്വിൻ, എയർ-കൂൾഡ് എഞ്ചിനായിരിക്കും വാഹനത്തിന്. ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 എന്നിവയിലെ എഞ്ചിനാണിത്. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സാണ് ഇതിനൊപ്പം വരിക. എഞ്ചിൻ 47bhp കരുത്തും 52Nm ടോർക്കും ഉത്പ്പാദിപ്പിക്കും. എന്നാൽ ഷോട്ട്ഗൺ 650 സിസിയുടെ ശക്തിയും ടോർക്കും അല്പം വ്യത്യസ്‍തമായിരിക്കാം എന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.