അവരിട്ടാൽ ഞാനുമിടും!
text_fieldsഎതിരെ വരുന്ന വാഹനങ്ങൾക്കു മാത്രമല്ല, ഒരു വാഹനത്തിന് തൊട്ടുപുറകിൽ എത്തിയാലും നിർബന്ധമായും ഹെഡ് ലൈറ്റ് ഡിം ഇട്ടു കൊടുക്കാൻ തയാറാകണം
ഡിമ്മും ബ്രൈറ്റും ഇന്‍ഡിക്കേറ്ററുമെല്ലാം വെറുതെ തമാശക്ക് വേണ്ടിയാണെന്ന് കരുതുന്ന എത്ര ഡ്രൈവര്‍മാരെയാണ് റോഡിൽ കാണാനാവുക! ലെഫ്റ്റ് - റൈറ്റ് ഇൻഡിക്കേറ്റർ വെറുതെ ഓൺ ആക്കി ഓടിച്ചു പോകുന്നവരും ഓഫ് ചെയ്യാൻ മറന്നവരും റിയർ വ്യൂ മിറർ ഇല്ലാതെയും മടക്കിവെച്ചും പാഞ്ഞു പോകുന്നവരും സൈഡ് സ്റ്റാൻഡ് തട്ടാൻ മറന്നവരും തുടങ്ങി നിരവധി മറവിക്കാരാണ് റോഡിൽ. ഇതെല്ലാം റോഡിലെ മറ്റു വാഹനങ്ങളെയും അപകടത്തിൽപെടുത്തിയേക്കാം.
രാത്രി റോഡുകളിൽ കണ്ടുവരുന്ന തെറ്റായ ‘വിനോദമാണ്’ വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്തു കൊടുക്കാത്തത്. എതിരെ വരുന്ന വാഹനങ്ങൾക്കു മാത്രമല്ല, തൊട്ടു പുറകിൽ എത്തുന്ന വാഹനത്തിന്റെ പ്രകാശം മുമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നതാണ്. ഒരു വാഹനം ഡിം മോഡിൽ ഫ്ലാഷ് അടിച്ച് തുടർച്ചയായി സൂചന നൽകിയാലും യാതൊരു പ്രതികരണവുമില്ലാതെയും ബ്രൈറ്റ് മോഡിൽ തന്നെ ഓടിച്ചു പോകുന്ന എത്ര ഡ്രൈവർമാരാണ് നിരത്തുകളിൽ. ചിലർക്കെങ്കിലും വാഹനത്തിൽ ഡിം മോഡ്, ഫ്ലാഷ് പാസ് ലൈറ്റ് സ്വിച്ച് ഉണ്ടെന്ന് പോലും ഒരു ധാരണയുമില്ല.
നിങ്ങളുടെ വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വിസിബിലിറ്റിയും അഭിമാനമായി കണ്ടോളൂ, പക്ഷേ എതിരെ വരുന്നയാൾക്ക് ഒരു നിമിഷം കണ്ണ് ചിമ്മിയാൽ ഈ അഭിമാനത്തിന് വലിയ വില നൽകേണ്ടി വരും. ഇനി പറയുന്നത് ലളിതമായ ഒരു ടിപ്പാണ്. എതിരെവരുന്ന വാഹനത്തിന്റെ ലൈറ്റിലേക്ക് നോക്കി പോകാറുണ്ട് പലരും. വളരെ അപകടകരമായ ഒരു പ്രവണതയാണിത്. ഒരു കാരണവശാലും എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റിലേക്ക് ശ്രദ്ധിക്കാതിരിക്കുക, വാഹനത്തെ മാത്രം ശ്രദ്ധിക്കുക. ഹെഡ് ലൈറ്റിലേക്ക് നോക്കിയാല്‍ പ്രകാശത്തിന്റെ തീവ്രതയാൽ ഏതാനും സെക്കൻഡ് സമയത്തേക്ക് ഡ്രൈവര്‍ക്ക് കാഴ്ച മങ്ങിയ ഒരു അനുഭവമുണ്ടാകും (Temporary glare blindness).
ഞാൻ മാത്രം എല്ലാം കണ്ടാൽ പോരാ എതിരെ വരുന്നവനും എല്ലാം കാണാൻ സൗകര്യം ഒരുക്കി കൊടുക്കുക എന്നതാണ് ഒരു ഡ്രൈവർ റോഡിൽ ചെയ്യേണ്ട പ്രാഥമിക കടമകളിലൊന്ന്. നിങ്ങൾ ചെയ്യുന്ന പിഴവ് റോഡിൽ മാനം മര്യാദക്ക് വാഹനം ഓടിച്ചു പോകുന്നവരെ മാത്രമല്ല, നിങ്ങളെ കൂടി അപകടത്തിൽപെടുത്താനേ ഇടയാക്കൂ എന്ന് ഇനി വാഹനവുമായി പുറത്തേക്കിറങ്ങുമ്പോഴെങ്കിലും ഓർക്കുക. പ്ലീസ്... ആ ലൈറ്റ് ഒന്ന് ഡിമ്മിട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.