വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ വരുന്നു; ഒരുങ്ങുന്നത് ലോകോത്തര സൗകര്യങ്ങളോടെ -വിഡിയോ
text_fieldsരാജ്യത്തെ റെയില്‍ ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വന്ദേ ഭാരതില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനുള്ള റെയിൽവേയുടെ ശ്രമങ്ങള്‍ തുടർന്നുവരികയാണ്. നിലവില്‍ ചെയര്‍ കാറുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ബാംഗ്ലൂരില്‍ പുതുതായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രോട്ടോടൈപ്പിന്റെ വീഡിയോയാണ് കേന്ദ്രമന്ത്രി പുറത്തുവിട്ടത്. ട്രയല്‍റണ്‍ കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും എന്നതാണ് വന്ദേഭാരതിനെ ജനപ്രിയമാക്കുന്നത്. എയര്‍ കണ്ടീഷനിംഗ്, ബയോ ടോയ്‌ലറ്റുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയിനുകളില്‍ ഉള്ളത്. നിലവില്‍ ഇന്ത്യയിലുടനീളം 77 റൂട്ടുകളിലായി 51 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കാസർകോട് - തിരുവനന്തപുരം റൂട്ടില്‍ രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, സ്ലീപ്പര്‍ കോച്ചുകള്‍ ഇല്ലാത്തത് ദീര്‍ഘദൂര യാത്രകള്‍ക്ക് പരിമിതിയായി. ഇത് പരിഹരിക്കുന്നതിനായാണ് ഇന്ത്യന്‍ റെയില്‍വേ ബംഗളുരുവിലെ ബി.ഇ.എം.എല്‍ കോച്ച് ഫാക്ടറിയില്‍ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണത്തിന് തുടക്കമിട്ടത്.
പുതിയ സ്ലീപ്പര്‍ കോച്ചുകള്‍ നിലവിലുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ആഡംബരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്. ഫസ്റ്റ് ക്ലാസ് എ.സി കോച്ചിലെ യാത്രക്കാര്‍ക്ക് കുളിമുറിയും ചൂടുവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കുന്നു. ഓരോ ബെര്‍ത്തിലും യു.എസ്.ബി ചാര്‍ജിങും റീഡിങ് ലൈറ്റുകളും ഉണ്ടായിരിക്കും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളായിരിക്കും ഉണ്ടാകുക. അതില്‍ 11 എണ്ണം എ.സി 3 ടയര്‍ ആയിരിക്കും. നാല് എ.സി 2 ടയര്‍ കോച്ചുകളും 1 എ.സി ഫസ്റ്റ് ക്ലാസ് കോച്ചുമാണ് ഉണ്ടാകുക. ത്രീടയര്‍ എ.സി സ്ലീപ്പര്‍ കോച്ചുകളില്‍ 611 കിടക്കകളും സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ 188 കിടക്കകളും ഫസ്റ്റ് ക്ലാസില്‍ 24 കിടക്കകളും ഉള്‍പ്പെടെ മൊത്തം 823 ബെര്‍ത്തുകളാണ് ട്രെയിനിലുണ്ടാവുക. പുതുതായി നിര്‍മിച്ച കോച്ചുകള്‍ 10 ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷം വന്ദേഭാരത് ട്രെയിനുകളില്‍ കൂട്ടിയോജിപ്പിക്കും.
സുരക്ഷാ ക്യാമറകള്‍, പൊതു അറിയിപ്പുകള്‍ക്കായുള്ള സ്പീക്കറുകള്‍, വികലാംഗരായ യാത്രക്കാര്‍ക്കുള്ള പ്രത്യേക ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ദൂരം താണ്ടുന്ന ട്രെയിനുകള്‍ ആണെങ്കിലും ഇവ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല. ദീര്‍ഘദൂര യാത്ര പോകുന്നവര്‍ പ്രധാനമായും രാത്രിയുള്ള ട്രെയിനുകളെ ആശ്രയിക്കാറാണ് പതിവ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 800 മുതല്‍ 1200 കിലോമീറ്റര്‍ വരെ ദൂരമുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. നൂതന സ്ലീപ്പര്‍ കോച്ചുകള്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്നവയാകും ഈ ട്രെയിനുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.