തിടുക്കം വേണ്ട, ഒന്നിനും
text_fieldsഇപ്പോൾ വാഹന രജിസ്ട്രേഷനു വേണ്ടി ആർ.ടി.ഒ ഓഫിസിൽ പോകേണ്ടതില്ലെന്ന് അറിയാമല്ലോ. ഷോറൂമുകളിൽനിന്ന് തന്നെ വാഹനം പുറത്തിറങ്ങുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. പഴയ താൽക്കാലിക രജിസ്ട്രേഷൻ സംവിധാനം ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. വാഹനം കണ്ട് ബോധിച്ചശേഷം മാത്രമേ ഏത് വാഹനമായാലും നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാവൂ.
ഫാൻസി/സ്പെഷൽ നമ്പർ ആണ് വേണ്ടത് എങ്കിൽ ടി.പി നമ്പർ (താൽക്കാലിക സംവിധാനം - മഞ്ഞ പശ്ചാത്തലത്തിൽ ചുവപ്പ് അക്കങ്ങൾ) വെച്ച് വണ്ടി ഡെലിവറി എടുക്കാം. അതിനു കുറഞ്ഞത് 3000 രൂപ ഫീസ് അടച്ച് ഷോറൂമിൽനിന്നുള്ള ഇൻവോയ്സ് വെച്ച് അപേക്ഷ നൽകിയാൽ മതിയാകും. പ്രത്യേക നമ്പർ ഒന്നും വേണ്ട എങ്കിൽ വണ്ടി നേരെ രജിസ്ട്രേഷൻ പ്രോസസിലേക്ക് ഷോറൂമുകാർ തന്നെ വിടും. ഇതാണ് നിലവിലെ നടപടിക്രമം. ആറുമാസം വരെ താൽക്കാലിക രജിസ്ട്രേഷന് കാലാവധിയുണ്ടാകും. സാധാരണഗതിയിൽ സ്പെഷൽ നമ്പറുകൾ എല്ലാ തിങ്കളാഴ്ചയുമാണ് ആർ.ടി.ഒ ഓഫിസിൽനിന്ന് അലോട്ട് ചെയ്യുന്നത്.
ഒന്നിൽ കൂടുതൽ പേർ ഒരേ നമ്പർ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ലേല നടപടികളിലേക്ക് പോകും. അല്ലാത്തപക്ഷം നമുക്കാ നമ്പർ ലഭിക്കും. പത്ത് ദിവസത്തിനകം തന്നെ നമുക്ക് വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഷോറൂമിൽനിന്ന് ഫിറ്റ് ചെയ്യാവുന്നതാണ്. ഡെലിവറി കിട്ടുന്ന ദിവസം വാഹനം സൂക്ഷ്മമായി പരിശോധിച്ച് തുരുമ്പ്, പോറൽ എന്നിവയുണ്ടോ എന്ന് നോക്കണം.
ആക്സസറീസായി നാം പറഞ്ഞ മുഴുവൻ കാര്യങ്ങളും ഫിറ്റ് ചെയ്തിട്ടുണ്ടോയെന്നും ചെക്ക് ചെയ്യണം. ആർ.സി ബുക്ക് ഒഴികെ മുഴുവൻ രേഖകളും സ്പെയർ കീ ഉൾപ്പെടെ കിട്ടിയിട്ടുണ്ടെന്നും വാഹനവുമായി ഷോറൂം വിടും മുമ്പ് ഉറപ്പാക്കണം. ആർ.സി ബുക്കല്ല, ഇപ്പോൾ സ്മാർട്ട് പി.വി.സി കാർഡ് ആണ് ലഭിക്കുന്നത്. കുറഞ്ഞത് 45 ദിവസം വരെ കാലതാമസമുണ്ട് ഇത് കൈയിൽ കിട്ടാൻ. രജിസ്റ്റേർഡ് ഓണറുടെ തപാൽ അഡ്രസിലേക്ക് അയക്കുകയാണ് ചെയ്തുവരുന്നത്. ഇതിനുള്ള തപാൽ ചെലവ് ഉൾപ്പെടെ നമ്മുടെ കൈയിൽനിന്ന് ഡീലർഷിപ്പുകാർ വാങ്ങിയിട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.