വാഹന പുകപരിശോധന: ക്രമക്കേട് തടയാൻ പുതിയ ക്രമീകരണം
text_fieldsതിരുവനന്തപുരം: വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. കേന്ദ്ര സര്‍ക്കാറാണ് സോഫ്റ്റ്വെയറില് മാറ്റംവരുത്തിയത്. ഇതുവരെ പുറത്തേക്കുള്ള വാതകങ്ങളുടെ അളവ് ടെസ്റ്റിങ് സെന്ററുകള്‍ക്ക് നിരീക്ഷിക്കാമായിരുന്നു. ടെസ്റ്റിങ് സമയത്ത് പുകക്കുഴല്‍ ക്രമീകരിച്ച് പരിശോധനാഫലത്തില്‍ മാറ്റംവരുത്തുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ക്രമീകരണം. ഓക്സിജന്‍ അളവ് കുറയുമ്പോള്‍ നോസില്‍ പുറത്തേക്ക് നീക്കി വായു കയറ്റിവിട്ട് വിജയിപ്പിക്കുന്ന രീതി ചിലര്‍ അവലംബിച്ചിരുന്നു. വാഹനങ്ങളുടെ ആക്സിലറേഷന് ക്രമീകരിച്ചും പരിശോധനഫലത്തില്‍ മാറ്റംവരുത്തിയിരുന്നു.
ഇതൊഴിവാക്കുന്നതാണ് പുതിയ ക്രമീകരണം. അന്തിമ ഫലത്തില്‍ മാത്രേമേ ഒരോ വാതകത്തിന്റെയും അളവ് വ്യക്തമാകൂ. ഇതിനൊപ്പം പാസ് അല്ലെങ്കില്‍ പരാജയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരിശോധനക്കിടെ ഇടപെടാന്‍ കഴിയില്ല. പരാജയപ്പെട്ടാല്‍ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റിന് ഹാജരാക്കേണ്ടിവരും.
ഇതിനൊപ്പം വ്യാജ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന പുകപരിശോധന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപക പരിശോധനയും ആരംഭിച്ചു. ബഹിര്‍ഗമന വാതകങ്ങളുടെ അളവില്‍ അന്തരീക്ഷത്തിലെക്കാള് ഓക്സിജന്‍ രേഖപ്പെടുത്തിയ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. വ്യാജ സോഫ്റ്റ്വെയര് കണ്ടെത്താന്‍ ലാബ് സൗകര്യമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വെയറില് ലഭിക്കുന്ന പരിശോധന ഫലം വിശകലനം ചെയ്താണ് ക്രമക്കേട് കണ്ടെത്തുന്നത്.
ഇതിനിടെ എല്ലാ വാഹനങ്ങള്‍ക്കും ഒരേ പരിശോധന ഫലം നല്കിയ യന്ത്രങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്താൻ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.