മോഹിപ്പിക്കും മാറ്റങ്ങളുമായി വെസ്പകൾ; ഡ്യൂവൽ ടോൺ നിറങ്ങളും പുത്തൻ സ്റ്റിക്കറുകളും ലഭിക്കും
text_fieldsഅതസുന്ദരന്മാരായ ഇറ്റാലിയൻ ലൈഫ്സ്റ്റൈൽ സ്കൂട്ടറുകളാണ് പിയാജിയോ വെസ്പകൾ. ഇന്ത്യയിലെ പരമ്പരാഗത സ്‌കൂട്ടറുകളുടെ ശൈലി പൊളിച്ചെഴുതിയ മോഡലുകളാണിവ. ക്ലാസിക് ശൈലിക്കൊപ്പം പുത്തൻ സാങ്കേതികവിദ്യകളും ആധുനിക രൂപവും കോർത്തിണക്കുന്നതാണ് വെസ്‌പ മോഡലുകളുടെ വിജയം.
കിടിലൻ പരിഷ്ക്കാരങ്ങളോടെ ഏറ്റവും പുതിയ 2023 മോഡൽ വെസ്‌പ 125, 150 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. നവീകരണങ്ങളുടെ ഭാഗമായി സ്‌കൂട്ടറുകളിൽ പുതുപുത്തൻ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ പിയാജിയോ അവതരിപ്പിച്ചിട്ടുണ്ട്. നാല് ഡ്യുവൽ-ടോൺ കോമ്പിനേഷനുകൾക്കൊപ്പം പില്യൺ റൈഡറിന്റെ കംഫർട്ടിന്റെ മെച്ചപ്പെടുത്തലുകളും വാഹനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി സുഖപ്രദമായ ബാക്ക്‌റെസ്റ്റാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ ബോഡി പാനലുകളിൽ പുതിയ സ്റ്റിക്കറിങും ഒരുക്കിയിട്ടുണ്ട്.
വെസ്പ VXL 125, 150 എന്നിവയ്ക്ക് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും വെസ്പ SXL 125, 150 എന്നിവയ്ക്ക് ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഡിസൈനുമാണ് നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ വെസ്പ സ്‌കൂട്ടറുകളിൽ വരുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ 2023 ഏപ്രിൽ മുതൽ നടപ്പിലാക്കിയ ബിഎസ്-VI രണ്ടാംഘട്ടത്തിന് അനുസൃമായി രണ്ട് എഞ്ചിനുകളും പുനർനിർമിച്ചിട്ടുണ്ട്.
20 ശതമാനം എഥനോൾ കലർന്ന E20 ഫ്യുവലിലും പ്രവർത്തിക്കാൻ വെസ്‌പ സ്കൂട്ടറുകൾ പ്രാപ്‌തമാണിപ്പോൾ. ചെറിയ 125 സിസി വേരിയന്റുകൾക്ക് 7,400 rpm-ൽ പരമാവധി 9.65 bhp കരുത്തും 5,600 rpm-ൽ 10.11 Nm ടോർകും ഉത്പാദിപ്പിക്കാനാവും. 150 സിസി വേരിയന്റുകൾ 7,400 rpm-ൽ 10.64 bhp പവറും 5,300 rpm-ൽ 11.26 Nm ടോർകും ആണ് നൽകുന്നത്.
മുൻവശത്ത് വൺ-സൈഡഡ് ഷോക്കും പിന്നിൽ ഡ്യുവൽ ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുകളുമാണ് പിയാജിയോ വെസ്‌പ മോഡലുകൾ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിങിനായി മുന്നിൽ ഡിസ്‌ക് ബ്രേക്കും 125 സിസി വേരിയന്റിന്റെ പിന്നിൽ കോമ്പി ബ്രേക്കിങ് സിസ്റ്റവുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം 150 സിസി മോഡലുകൾക്ക് സിംഗിൾ-ചാനൽ എബിഎസാണ് ലഭിക്കുക. മോണോകോക്ക് ഫുൾ സ്റ്റീൽ ബോഡിയിൽ തന്നെയാണ് 2023 വെസ്പ VXL, SXL സ്കൂട്ടറുകളുടെ നിർമാണം.
തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ട്, അലോയ് വീൽ, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ പോലുള്ള സവിശേഷതകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
125 സിസി VXL വേരിയന്റുകൾക്ക് 1.32 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 150 സിസി SXL വെസ്‌പ വേരിയന്റുകൾക്ക് 1.49 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂട്ടറുകളുടെ 2023 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ എക്സ്ക്ലൂസീവ് വെസ്പ ഡീലർഷിപ്പുകളിൽ ഏതെങ്കിലും സന്ദർശിച്ച് വാഹനം ഇപ്പോൾ ബുക്ക് ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.