വിന്റേജ് ഫാമിലി ഓൺ വീൽസ്
text_fieldsപഴയകാലത്തെ കാറുകളെ വീട്ടിലെ പ്രായമായവരെ പോലെ കരുതുന്ന, ശുശ്രൂഷിക്കുന്ന, സ്നേഹിക്കുന്ന ദമ്പതികൾ. ഇത് അവരുടെയും അവരുടെ കാറുകളുടെയും കഥയാണ്...
1939 ഷെവർലെ മാസ്റ്റർ ഡീലക്സ്, 1956 പ്ലിമൗത്ത് സബർബൻ, 1986 മോഡൽ കോണ്ടസ, 1951 സ്റ്റുഡി ബേക്കർ, 1930 ഫോഡ് എ, 1928 ഫിയറ്റ് സ്പെെഡർ റോഡ്സ്റ്റർ... വാഹനപ്രേമികൾ എന്നും ഓർക്കുന്ന, ഒരുകാലത്ത് രാജകീയ പ്രൗഢിയോടെ നിരത്തുകൾ കീഴടക്കിയിരുന്ന കാറുകൾ. കാലപ്പഴക്കംകൊണ്ടും പുതുകാറുകളുടെ വരവോടെയും വിസ്മൃതിയിലേക്ക് മറഞ്ഞ ഇത്തരം കാറുകൾക്ക് പുതുജന്മം നൽകുന്ന രണ്ടുപേരുണ്ട് പാലക്കാട്. ചന്ദ്രനഗർ സ്വദേശി രാജേഷ് അംബാളും ഭാര്യ രമ്യയും. പഴയകാലത്തെ കാറുകളെ വീട്ടിലെ പ്രായമായവരെ പോലെ കരുതുന്ന, ശുശ്രൂഷിക്കുന്ന, സ്നേഹിക്കുന്ന ദമ്പതികൾ. വിന്റേജ് കാറുകൾ ശേഖരിക്കുന്നതിനൊപ്പം റെസ്റ്ററേഷനും ഇവർ ചെയ്യുന്നുണ്ട്.
ചരിത്രത്തിന്റെ ഭാഗമായ, ജവഹർലാൽ നെഹ്റു സഞ്ചരിച്ച കാർ മുതൽ രാജകുടുംബങ്ങളിലുണ്ടായിരുന്ന കാറുകൾവരെ രാജേഷും രമ്യയും ശേഖരിച്ച് റെസ്റ്ററേഷൻ ചെയ്യുന്നുണ്ട്. കുട്ടിക്കാലം മുതൽ കാറുകളോടുള്ള ഹൃദയബന്ധം 55ാം വയസ്സിലും അതേ തീവ്രതയോടെ സൂക്ഷിക്കുന്ന രാജേഷിന് പഴയകാല കാറുകളോട് വല്ലാത്ത അഭിനിവേശമാണ്. ‘ആർ.ആർ വിന്റേജ് ആൻഡ് ക്ലാസിക് ഓട്ടോമൊബീൽസ്’ എന്ന പേരിൽ നടത്തുന്ന വർക് ഷോപ്പിലാണ് പഴയ മോഡൽ കാറുകളെ അതേ രൂപഭാവത്തോടെ പുതുപുത്തനാക്കി മാറ്റുന്നത്.
കോണ്ടസ ഹൃദയബന്ധം
വീട്ടിലുണ്ടായിരുന്ന 1986 മോഡൽ കോണ്ടസ കാറിനോട് വല്ലാത്ത ഹൃദയബന്ധമായിരുന്നു രാജേഷിന്. കാറുകളോട് പ്രിയമുണ്ടായിരുന്ന അച്ഛൻ പി.എസ്. കൃഷ്ണൻ 1988ലാണ് കോണ്ടസ കാർ വാങ്ങിയത്. കെ.എൽ 09 0001 ആയിരുന്നു രജിസ്ട്രേഷൻ നമ്പർ. കുടുംബാംഗത്തെപ്പോലെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നു ആ കോണ്ടസ കാർ. എന്നാൽ, 1999ൽ കാർ വിൽക്കാൻ അച്ഛൻ തീരുമാനിച്ചു. കച്ചവടവും ഉറപ്പിച്ചു. കൊണ്ടുപോകാൻ വന്നവർ എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ടായില്ല. അവസാനം രാജേഷ് ശ്രമിച്ചതും വണ്ടി സ്റ്റാർട്ടായി.
രാജേഷും കുടുംബവും
വർഷങ്ങൾക്കുശേഷം 2005ൽ ആണ് പിന്നീട് വീണ്ടും ഈ കാർ കാണുന്നത്. വീടിനു മുന്നിൽ നിൽക്കുമ്പോൾ കുറച്ചുപേർ പഴയ മോഡൽ കാറുമായി അതുവഴി വന്നപ്പോൾ ഓഫായി പോവുകയായിരുന്നു. കാർ തള്ളാൻ അവർ സഹായം ചോദിച്ചു. പൊള്ളാച്ചി മാർക്കറ്റിൽ കാർ പൊളിച്ചുവിൽക്കുന്നതിനായി പോകുകയായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പോകുമ്പോഴാണ് നമ്പർ പ്ലേറ്റ് ശ്രദ്ധിച്ചത്.
മനസ്സിന് വല്ലാത്ത വിഷമം തോന്നിയ രാജേഷ് അതിരാവിലെതന്നെ കുറച്ചു തുകയുമായി പൊള്ളാച്ചിയിലേക്ക് വിട്ടു. അവിടെ എത്തുമ്പോഴേക്കും കാർ പൊളിച്ചുമാറ്റിയിരുന്നു. ചോദിച്ച വില കൊടുത്ത് കാർ സ്വന്തമാക്കി അതേപോലുള്ള മറ്റൊരു കോണ്ടസ കാർ വാങ്ങിയാണ് പഴയതിന് പുനർജന്മം നൽകിയത്. ഇന്നും കുടുംബത്തോടൊപ്പം കാറുമായി വിശ്വസിച്ച് എവിടെ വേണമെങ്കിലും പോകാമെന്ന് രമ്യ പറയുന്നു. കുടുംബത്തിന്റെ ആഘോഷ നിമിഷങ്ങൾക്കെല്ലാം കോണ്ടസ കാറാണ് ഉപയോഗിക്കുന്നത്. ബറോഡയിലെ സ്റ്റാച്യൂ ഓഫ് യൂനിറ്റി വരെ ഈ കാറിൽ യാത്രപോയിട്ടുണ്ട്.
െറസ്റ്ററേഷന്റെ തുടക്കം
സുൽത്താൻപേട്ടയിൽ പ്രിന്റിങ് സ്ഥാപനം നടത്തുകയാണ് രാജേഷ്. കാറുകളോടുള്ള പാഷനാണ് അവ ശേഖരിക്കുന്നതിനും റെസ്റ്ററേഷനും വഴിവെച്ചത്. 1995ൽ 1951 മോഡൽ മോറിസ് കാർ വാങ്ങിയാണ് വിന്റേജ് കാറുകളുടെ ശേഖരണത്തിന് തുടക്കം. പൊള്ളാച്ചിയിൽനിന്നു കൊണ്ടുവന്ന കോണ്ടസ കാർ മുഴുവനായും റീസ്റ്റോർ ചെയ്തെടുത്തത് രാജേഷ് തനിച്ചാണ്. വീട്ടിൽ വെച്ചുതന്നെയാണ് എല്ലാ പണിയും പൂർത്തിയാക്കിയത്. ലോക്ഡൗൺ സമയത്താണ് പുറത്തുനിന്നുള്ള വാഹനങ്ങൾ റീസ്റ്റോർ ചെയ്തുതുടങ്ങിയത്. അങ്ങനെയാണ് റെസ്റ്ററേഷൻ എന്ന ആശയം വരുകയും ആർ.ആർ വിന്റേജ് ആൻഡ് ക്ലാസിക് ഓട്ടോമൊബീൽസ് ആരംഭിക്കുകയും ചെയ്യുന്നത്. ദേശീയപാത എൻ.എച്ച് 544ൽ അയ്യപ്പൻകാവിലാണ് വർക് ഷോപ് പ്രവർത്തിക്കുന്നത്. 15ഓളം ജോലിക്കാരുണ്ട്.
രമ്യയാണ് സ്റ്റാർ
സ്ഥാപനത്തിന്റെ മേൽനോട്ട ചുമതല മുഴുവനും രമ്യക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പഴയ മോഡൽ കാറുകൾ പുനർജന്മം തേടി രാജേഷിന്റെയും രമ്യയുടെയും കൈകളിലെത്തുന്നുണ്ട്. കേരളത്തിൽനിന്ന് വാഹനങ്ങൾ കുറവാണ്. വിദേശത്തുനിന്ന് വാഹനങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന് രാജേഷ് പറയുന്നു. ശോച്യാവസ്ഥയിലെത്തുന്ന കാറുകൾ ആറ്-എട്ട് മാസംകൊണ്ടാണ് പഴയ പ്രതാപത്തിലെത്തിക്കുന്നത്.
പാർട്സ് പഴയ മാർക്കറ്റുകളിൽനിന്നും ഓൺലൈനായും മറ്റുമാണ് വാങ്ങുന്നത്. പണ്ട് കാർ എങ്ങനെ ആയിരുന്നോ അതേരൂപത്തിൽതന്നെയാണ് റെസ്റ്ററേഷൻ ചെയ്യുക. കസ്റ്റമർ ആവശ്യപ്പെട്ടാൽ മാത്രമേ എ.സി ഉൾപ്പെടെയുള്ളവ സ്ഥാപിക്കൂ. രാജകുടുംബങ്ങളിൽ ഉണ്ടായിരുന്നതുമുതൽ നിരവധി പ്രമുഖരുടെ കാറുകൾക്ക് പുനർജന്മം നൽകിയിട്ടുണ്ട് ഈ ദമ്പതികൾ. റെസ്റ്ററേഷന്റെ ഓരോ ഘട്ടവും ചിത്രമെടുത്ത് കസ്റ്റമർക്ക് അയച്ചുകൊടുക്കും. അവരുടെ ഇഷ്ടത്തിന് അനുസരിച്ചേ പെയിന്റിങ് ഉൾപ്പെടെ ചെയ്യൂ. കസ്റ്റമറുടെ വണ്ടിയായല്ല സ്വന്തം വാഹനമായി കരുതിയാണ് റെസ്റ്ററേഷൻ ചെയ്യുകയെന്ന് രമ്യ പറയുന്നു.
നെഹ്റു സഞ്ചരിച്ച മാസ്റ്റർ ഡീലക്സ്
രാജേഷിന്റെയും രമ്യയുടെയും ശേഖരത്തിലുള്ള കാറുകളിൽ ഏറ്റവും കൗതുകം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സഞ്ചരിച്ച 1939 ഷെവർലെ മാസ്റ്റർ ഡീലക്സ് ആണ്. കേരളം രൂപവത്കൃതമാകുന്നതിനുമുമ്പ് പാലക്കാട് ജില്ല മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്ന് നിർമാണം നടക്കുകയായിരുന്ന മലമ്പുഴ, ആളിയാർ ഡാമുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി കാമരാജിനൊപ്പം മാസ്റ്റർ ഡീലക്സിലാണ് നെഹ്റു എത്തിയത്.
ദക്ഷിണേന്ത്യയിലെ ആദ്യ ടാക്സി കാർ ആയിരുന്നു ഇത്. പൊള്ളാച്ചിയിലെ എൻ.ടി.പി ട്രാൻസ്പോർട്ടേഴ്സിന്റേതായിരുന്നു വാഹനം. ശോച്യാവസ്ഥയിലായിരുന്ന കാർ അവരിൽനിന്നും നേരിട്ട് വാങ്ങി. ശേഷം റെസ്റ്ററേഷൻ നടത്തി ഷോറൂം കണ്ടീഷനിലാക്കി ചിത്രം കാണിച്ചുകൊടുത്തപ്പോൾ അവർ അന്ധാളിച്ചുപോയെന്നും രമ്യ പറഞ്ഞു. ഇപ്പോഴും ഇടക്കിടെ വർക് ഷോപ്പിൽ എത്തിച്ച് മുഖംമിനുക്കി തിരിച്ച് വീട്ടിൽ കൊണ്ടിടും. മണ്ണിൽനിന്നും തോണ്ടിയെടുത്ത് വരെ കാറുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. കാർ എന്നുപോലും പറയാൻ പറ്റാത്ത അവസ്ഥയിലുണ്ടായിരുന്ന 1951 മോഡൽ സ്റ്റുഡി ബേക്കർ ഇന്ന് പുതുപുത്തൻ വണ്ടികളെപ്പോലും തോൽപിക്കുന്ന വിധത്തിലാണ് സുന്ദരനായിട്ടുള്ളത്.
രാജകുടുംബത്തിലെ അംഗങ്ങൾ
രാജകുടുംബത്തിലെ രണ്ട് അംഗങ്ങളുണ്ട് രാജേഷിന്റെ വീട്ടിൽ. 1930 ഫോഡ് എ, 1928 ഫിയറ്റ് സ്പെെഡർ റോഡ്സ്റ്റർ എന്നിവ. രണ്ട് വാഹനങ്ങളും ഉത്തർപ്രദേശിലെ രാജകുടുംബത്തിൽനിന്നുള്ള മോഡലുകളാണ്. സ്വത്ത് തർക്കത്തെ തുടർന്നാണ് രണ്ട് മോഡലുകളും രാജേഷിന്റെ കൈവശം എത്തുന്നത്. കേസ് നടത്താൻ കാശില്ലാതായപ്പോൾ 1930 ഫോഡ് എ വിത്ത് റംബിൾ സീറ്റ് വാങ്ങാമോ എന്ന് ഒരു കൂട്ടർ ചോദിച്ചു. കുറച്ചുദിവസം കഴിഞ്ഞ് 1928 മോഡൽ ഫിയറ്റ് സ്പെെഡർ റോഡ്സ്റ്ററും വാങ്ങാനുള്ള ഓഫർ ലഭിച്ചതോടെ അപൂർവ മോഡലുകൾ രണ്ടും രാജേഷിന് സ്വന്തമായി.
ഇതിൽ 1928 മോഡൽ ഫിയറ്റ് ലോകത്ത് തന്നെ രണ്ടെണ്ണമേ ഉള്ളൂവെന്നാണ് വിവരം. ഫിയറ്റ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഈ വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞു. ഇറ്റലിയിൽ ഒരെണ്ണമുണ്ട്. ഇത് രണ്ടാമത്തേതാണെന്ന് രാജേഷും രമ്യയും പറയുന്നു. മൂന്നുവർഷം കഴിഞ്ഞാൽ ഈ കാറിന് 100 വയസ്സ് തികയും. ഒരുദിവസം ഈ കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചപ്പോൾ ആരോ ഷൂട്ട് ചെയ്ത് സാമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വാഹനം വൈറൽ ആയിരുന്നു.
പഴയ കാറുകൾക്കു വേണം കരുതൽ
ഒരു കാർ റെസ്റ്ററേഷനായി വർക് ഷോപ്പിൽ വന്നുകഴിഞ്ഞാൽ മെക്കാനിക്കൽ, പെയിന്റിങ് എന്നിങ്ങനെ ഓരോ വിഭാഗവും ഒന്നിച്ചിരുന്നാണ് എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുക. വളരെ സൂക്ഷിച്ചാണ് റെസ്റ്ററേഷൻ പ്രവൃത്തികൾ ചെയ്യേണ്ടത്. പഴയകാലത്തെ റോഡുകൾക്ക് അനുസരിച്ച് തയാറാക്കിയ വാഹനങ്ങളായതിനാൽ ഇപ്പോൾ ഓടിക്കുമ്പോൾ നല്ല സ്മൂത്ത് ആയിരിക്കും. ഇപ്പോഴത്തെ കാറുകളെക്കാൾ നീളക്കൂടുതലുണ്ട് പണ്ടത്തെ കാറുകൾക്ക്.
സീറ്റിങ്ങിൽ ഉൾപ്പെടെ വ്യത്യാസമുണ്ട്. പണ്ട് ഹോട്ടൽ സൗകര്യങ്ങൾ കുറവായതിനാൽ കുടുംബത്തോടൊപ്പം യാത്ര പോകുമ്പോൾ വിശ്രമിക്കാനും കിടക്കാനും ഭക്ഷണം സൂക്ഷിക്കാനുമെല്ലാം സൗകര്യം പഴയ മോഡൽ കാറുകളിലുണ്ട്. പക്ഷേ, സൂക്ഷിച്ച് വേണം ഇവ റോഡിലിറക്കാൻ. പതിയെ മാത്രമേ ഓടിക്കാവൂ. ഇടക്കിടെ നിർത്തി റേഡിയേറ്റർ ചൂടായാൽ വെള്ളം ഒഴിച്ച്, അൽപം വിശ്രമം നൽകി വേണം ഓടിക്കാനെന്ന് രമ്യ പറയുന്നു. സൈക്കോളജി ബിരുദധാരിയായ രമ്യക്ക് ഭർത്താവിന്റെ വാഹന കമ്പം ആദ്യം കൗതുകമായിരുന്നെങ്കിലും പിന്നീട് ഇഷ്ടം തോന്നി കൂടെച്ചേരുകയായിരുന്നു.
സിനിമാ ഷൂട്ടും അന്താരാഷ്ട്ര മേളകളും
രാജേഷിന്റെ ശേഖരത്തിലുള്ള വിന്റേജ് കാറുകൾ സിനിമാ ഷൂട്ടിനും അന്താരാഷ്ട്ര മേളകളിലും മോട്ടോർ വാഹന വകുപ്പിന്റെ റോഡ് ബോധവത്കരണ പരിപാടികളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അഭിനയിച്ച ‘ദി ആർച്ചിസ്’ എന്ന സിനിമയിൽ 1956 പ്ലിമൗത്ത് സബർബൻ ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരി കമല സുറയ്യയുടെ ജീവിതം പറഞ്ഞ മഞ്ജുവാര്യരുടെ ‘ആമി’ എന്ന സിനിമയിലും രാജേഷിന്റെ കാർ സ്ക്രീനിലെത്തി.
ഷൂട്ടിങ്ങുകൾക്ക് കൊണ്ടുപോകുന്നത് ഫ്ലാറ്റ് ബെഡിലാണ് (മറ്റൊരു വാഹനം). ഷൂട്ടിങ്ങുകൾക്ക് പുറമേ അന്താരാഷ്ട്ര മേളകളിലും വിന്റേജ് കാറുകൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ട്രാഫിക് ബോധവത്കരണത്തിനായി മോട്ടോർ വാഹന വകുപ്പിനും ഇടക്ക് വാഹനങ്ങൾ നൽകാറുണ്ടെന്ന് ഇരുവരും പറയുന്നു. പഴയ മോഡൽ കാറുകൾ ആകർഷകമായതിനാൽ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കും. ഇരുചക്ര വാഹനങ്ങളും ഇഷ്ടമാണെങ്കിലും കാറുകളോടുള്ളത്ര താൽപര്യമില്ല. പണ്ട് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന വിന്റേജ് ജീപ്പും ഇവരുടെ കൈവശമുണ്ടായിരുന്നു. 1933 ബ്ലാക് ഷെൽ വെസ്റ്റ് മിനിസ്റ്റർ ആഡംബര കാറും റെസ്റ്ററേഷൻ ചെയ്യുന്നുണ്ട്. യു.കെ മോഡൽ വാഹനമാണിത്.
കാറുകളും സംസാരിക്കും
കാറുകളോട് വൈകാരിക ബന്ധമുള്ളയാളാണ് രാജേഷ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് അവയോട് പെരുമാറുക. എന്നും അവയെ തൊട്ടും തലോടിയും സംസാരിച്ചും അത്രമേൽ ഇഷ്ടത്തോടെയാണ് കൊണ്ടുനടക്കുന്നത്. സംസാരിക്കുന്നത് അവക്ക് മനസ്സിലാകുമെന്നാണ് രാജേഷിന്റെ ഭാഷ്യം. വീട്ടിൽ നിലവിൽ 12 വിന്റേജ് കാറുകളുണ്ട്. ആഴ്ചയിലൊരിക്കൽ ഓരോന്നുവീതം എടുത്ത് നഗരത്തിൽ കറങ്ങാൻ പോകും. നേരത്തേ 20ൽ അധികം കാറുകളുണ്ടായിരുന്നു.
സൂക്ഷിക്കാൻ ഇടമില്ലാതായപ്പോൾ ചിലതെല്ലാം വിറ്റു. ഒരുപാട് പഴക്കമുള്ള മോഡൽ കിട്ടുമ്പോൾ അതിനെക്കാൾ പഴക്കം കുറഞ്ഞത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള കാറുകൾക്കെല്ലാം ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 1990 മോഡൽ കപ്പുച്ചിനോ, മണ്ണാർക്കാടുനിന്നു വാങ്ങിയ 1947 മോഡൽ ബ്യൂക്, ഇന്ത്യയിൽ നിർമിച്ച സ്റ്റുഡി ബേക്കർ, അംബാസഡർ ലിമോസിൻ എന്നിവയെല്ലാം രാജേഷിന്റെ ശേഖരത്തിലുള്ളവയാണ്.
മിനിയേച്ചർ ശേഖരം
വലിയ കാറുകളോടുള്ളതുപോലെ തന്നെ ചെറിയ ടോയ് കാറുകളോടും രാജേഷിന് ഏറെ കമ്പമുണ്ട്. 1188 മിനിയേച്ചർ കാറുകളാണ് രാജേഷിന്റെ വീട്ടിലുള്ളത്. പ്രത്യേകം കണ്ണാടി ഷെൽഫ് ഒരുക്കിയാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. കുട്ടിയായിരിക്കുമ്പോൾ മുത്തച്ഛൻ ഉണ്ടാക്കി കൊടുത്ത മരം കൊണ്ടുള്ള കളിപ്പാട്ടവും മക്കളും പേരക്കുട്ടികളും നൽകിയവയും ഇക്കൂട്ടത്തിലുണ്ട്. മക്കളായ ഋതികയും രൂപികയും സ്വന്തമായി സ്റ്റാർട്ടപ്പുകൾ നടത്തുകയാണ്.
അച്ഛന്റെ ഇഷ്ടം അറിയുന്ന മക്കൾ എവിടെ പോയാലും കുഞ്ഞൻ കാറുകൾ വാങ്ങി സമ്മാനിക്കും. ആദ്യകാല മോഡലുകൾ മുതൽ ഏറ്റവും പുതിയവ വരെയുള്ള കാറുകളുടെ മിനിയേച്ചർ ശേഖരം കണ്ണാടിക്കൂട്ടിലുണ്ട്. കാറുകൾക്ക് പുറമേ ബൈക്കുകൾ, ലോറികൾ, ട്രെയിനുകൾ, ഫ്ലൈറ്റുകൾ എന്നിവയുമുണ്ട്. കാറുകളോടുള്ള ഇഷ്ടവും താൽപര്യവുംകൊണ്ട് മാത്രം ഈ മേഖലയിൽ തുടരുന്ന രാജേഷും രമ്യയും വീട്ടിലെ പ്രായമായ ഒരംഗത്തെപ്പോലെയാണ് അവയെ നോക്കുന്നത്. അത്രയും സ്നേഹത്തോടെ പരിപാലിക്കുന്നതിനാൽ വിസ്മൃതിയിലാണ്ടുപോയ ഈ കാറുകൾ അവയുടെ പുനർജന്മം ആസ്വദിക്കുകയാണിവിടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.