ഫോക്സ്വാഗെൻറ വിദ്വാൻ, ടിഗ്വാൻ എസ്.യു.വി ഇന്ത്യയിൽ; ഒറ്റ വേരിയൻറ്, ഒരു എഞ്ചിൻ
text_fieldsപരിഷ്കരിച്ച ഫോക്‌സ്‌വാഗൺ ടിഗ്വാൻ എസ്.യു.വിയെ ഇന്ത്യയിൽ അവതരിപ്പിച്ചു. അഞ്ച് സീറ്റുകളുള്ള എസ്‌യുവി ഫോക്സ്വാഗൻ ഔറംഗബാദ് പ്ലാന്റിലാണ് അസംബിൾ ചെയ്‌തിരിക്കുന്നത്. പുതിയ ബമ്പറുകൾ, അലോയ്കൾ, സ്റ്റിയറിങ് വീൽ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. നേരത്തേ ഉണ്ടായിരുന്ന ടിഗ്വാൻ ഒാൾ സ്പെയ്സിനെ അപേക്ഷിച്ച് വില കുറവാണ് പുതിയ വാഹനത്തിന്.
എലഗന്‍സ് എന്ന ഒറ്റ വേരിയന്റില്‍ മാത്രം വിപണിയില്‍ എത്തിയിട്ടുള്ള എസ്.യു.വിക്ക് 31.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് എത്തുന്ന വാഹനത്തിന് പെട്രോള്‍ എന്‍ജിന്‍ മാത്രമാണുള്ളത്. മൂന്ന് നിര സീറ്റുകളുണ്ടായിരുന്ന ടിഗ്വാൻ ഓൾസ്‌പേസിനേക്കാൾ ഏകദേശം 2.21 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന്. 2020ൽ ആഗോള വിപണിയില്‍ പ്രദര്‍ശിപ്പിച്ച മോഡലാണിപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രീമിയം എസ്.യു.വികളായ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ മോഡലുകളുമായായിരിക്കും ടിഗ്വാന്‍ വിപണിയിൽ മത്സരിക്കുക.
ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന മാറ്റങ്ങളാണ് എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വരുത്തിയിട്ടുള്ളത്. ക്രോമിയം ആവരണത്തില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, എല്‍.ഇ.ഡി. മാട്രിക്‌സ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, ത്രികോണാകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് മുഖഭാവത്തില്‍ നല്‍കിയിട്ടുള്ള പുതുമ. അതേസമയം, പിന്‍ഭാഗത്തെ മാറ്റം ടെയ്ല്‍ലാമ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വെര്‍ച്വല്‍ കോക്പിറ്റ് മാതൃകയിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വിയന ലെതറില്‍ പൊതിഞ്ഞ സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂനിറ്റ്, ഇലക്ട്രിക് ആയി അഡ്ജസ്റ്റ് ചെയ്യുന്നതിനൊപ്പം മെമ്മറി ഫങ്ഷനും നല്‍കിയിട്ടുള്ള ഡ്രൈവര്‍ സീറ്റ്, 30 ഷെയ്ഡുകള്‍ നല്‍കിയിട്ടുള്ള ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങിയവയാണ് അകത്തളത്തെ ആഡംബരമാക്കുന്നത്.
ഡീസല്‍ എന്‍ജിനെ ഉപേക്ഷിച്ചാണ് ടിഗ്വാന്‍ തിരിച്ചെത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാർജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിന്‍ 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും ഏഴ് സ്പീഡ് ഡി.എസ്.ജി. ആയിരിക്കും ട്രാൻസ്മിഷന്. കമ്പനിയുടെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഫോര്‍ മോഷനും നല്‍കുന്നുണ്ട്.
പവേർഡ് പനോരമിക് സൺറൂഫ്, ലെതർ അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിങ്, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ എന്നിവയും നലകിയിട്ടുണ്ട്. ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്പി, ഹിൽ-സ്റ്റാർട്ട് ആൻഡ് ഡിസന്റ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്റർ, ഐസോഫിക്സ് ആങ്കറുകൾ, ഡ്രൈവർ അലേർട്ട് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.