ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ച്; ലക്ഷ്വറി ഇ.വിയുടെ ഡെലിവറി ആരംഭിച്ചു
text_fieldsവോൾവോ സി 40 റീചാര്‍ജ് ലക്ഷ്വറി ഇ.വിയുടെ ഡെലിവറി ആരംഭിച്ചു. എക്സ് സി 40 റീചാർജിന് ശേഷം വോൾവോ അവതരിപ്പിച്ച വാഹനമാണ് സി 40 റീചാർജ്. സെപ്റ്റംബർ നാലിന് വില പ്രഖ്യാപിച്ചതിന് ശേഷം 10 ദിവസത്തിനുള്ളിലാണ് ആദ്യ യൂനിറ്റിനെ ഉപഭോക്താവിന് കമ്പനി കൈമാറിയിരിക്കുന്നത്.
എക്സ് സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിക്ക് മുകളിലാണ് സി 40 റീചാർജ് ഇടംപിടിച്ചിരിക്കുന്നത്. ബ്ലാക്ക് സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, ഫ്‌ജോർഡ് ബ്ലൂ, സിൽവർ ഡൗൺ ആൻഡ് ക്രിസ്റ്റൽ വൈറ്റ്, സേജ് ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ പുതിയ വോൾവോ സി 40 റീചാർജ് സ്വന്തമാക്കാനാവും. 61.25 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിനാണ് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുക. ഈ ലക്ഷ്വറി ഇലക്ട്രിക് കാർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ബുക്കിങ് നടത്താം.
റേഞ്ച് 530 കിലോമീറ്റർ
സി 40 റീചാർജിന് ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് നൽകാൻ സാധിക്കുമെന്നാണ് വോൾവോ പറയുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പുതിയ വോൾവോ ഇവിക്ക് കഴിയും. അതേസമയം 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. ഇന്ത്യയിൽ കിയ EV6 ഇവിയുമായാണ് സി 40 റീചാർജിന്റെ മത്സരം.
ഡിസൈൻ
ഡിസൈനിലേക്ക് വന്നാൽ വോൾവോയുടെ ശൈലി നിലനിർത്തിതന്നെയാണ് സി 40 റീചാര്‍ജ് പണികഴിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഇലക്ട്രിക് എസ്.യു.വി സ്വീഡിഷ് വാഹന നിർമാതാക്കളുടെ സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളുമായാണ് വരുന്നത്. സംയോജിത എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളോട് കൂടിയ തോറിന്റെ ഹാമർ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ ലുക്കിൽ കാര്യമായ സംഭാവനയാണ് നൽകുന്നത്.
4,440 മില്ലീമീറ്റർ നീളവും 1,873 മില്ലീമീറ്റർ വീതിയും 1,591 മില്ലീമീറ്റർ ഉയരവും 2,702 മില്ലീമീറ്റർ വീല്‍ബേസുമാണ് വോള്‍വോ സി 40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. കൂടാതെ 171 mm ഗ്രൗണ്ട് ക്ലിയറന്‍സാസുമുണ്ട്. വോൾവോ എക്സ് സി 40 റീചാർജിന് സമാനമാണ് എൽഇഡി ഫോഗ് ലാമ്പുകളും ലോവർ ബമ്പറിലെ ബ്ലാക്ക് എയർ ഇൻടേക്കും. 19 ഇഞ്ച് അലോയ് വീലുകൾ സ്‌റ്റൈലിഷും സ്‌പോർട്ടിയുമാണ്. പിന്നിൽ ലംബമായി അടുക്കിയ സ്ലീക്കർ എൽഇഡി ടെയിൽ ലൈറ്റുകൾ ഇവിയുടെ മൊത്തത്തിലുള്ള ദൃശ്യഭംഗി വർധിപ്പിക്കുന്നു.
ഇന്‍റീരിയർ
9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന പോര്‍ട്രെയിറ്റ് ഓറിയന്റഡ് യൂനിറ്റാണിത്. 13 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റവും ഇതിന്റെ കൂടെ വരുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും മികച്ചതാണ്. ഹീറ്റഡ്, വെന്റിലേറ്റഡ് ഫീച്ചറുകളുള്ള ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, എഡാസ് സ്യൂട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ബാറ്ററിയും മോട്ടോറും
78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും AWD ഡ്രൈവ്‌ട്രെയിനുമായി ജോടിയാക്കിയ ട്വിൻ ഇലക്ട്രിക് മോട്ടോറുകളോടെയാണ് വോൾവോ C40 റീചാർജ് വരുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾക്ക് 402 bhp പവറിൽ 660 Nm torque വരെ സൃഷ്ടിക്കാൻ കഴിയും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുന്ന ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്ക് വെറും 4.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.