ഡീസല്‍ കാറുകളുടെ നിർമാണം 2024ൽ അവസാനിപ്പിക്കുമെന്ന് വോൾവോ
text_fieldsഡീസല്‍ കാറുകളുടെയും എസ്.യു.വികളുടെയും നിര്‍മാണം 2024 ആകുമ്പോഴേക്കും പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് സ്വീഡിഷ് വാഹനഭീമൻ വോള്‍വോ. 2030 ആകുമ്പോഴേക്കും പൂര്‍ണമായും വൈദ്യുത കാറുകളിലേക്കു മാറുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ക്ലൈമറ്റ് വീക്കിനോട് അനുബന്ധിച്ചായിരുന്നു വോൾവോയുടെ പ്രഖ്യാപനം. അവസാനത്തെ ഡീസല്‍ വോള്‍വോ കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറങ്ങും.
'പ്രീമിയം വൈദ്യുത കാറുകള്‍ നിര്‍മിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇവികളാണ് ഇനി നമ്മുടെ ഭാവി. കാലാവസ്ഥാ മാറ്റത്തിനെതിരെ വോള്‍വോയുടെ ഭാഗത്തു നിന്നുമുള്ള ഇത്തരം നടപടികള്‍ ഞങ്ങളുടെ ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നുണ്ട്'- വോള്‍വോ കാര്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ജിം റോവന്‍ വ്യക്തമാക്കി.
പൂർണമായി ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളെ ഉൾക്കൊള്ളുന്ന കാറുകളുടെ വിൽപ്പനയിൽ യൂറോപ്യൻ വിപണിയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. വോൾവോയുടെ വിൽപ്പനയുടെ 33 ശതമാനവും പൂർണമായും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകളായിരുന്നുവെന്ന് ഓഗസ്റ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
2019വരെ യൂറോപിലെ വോള്‍വോ കാര്‍ വില്‍പനയില്‍ ഡീസല്‍ കാറുകള്‍ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, 2022 ആയപ്പോഴേക്കും യൂറോപിലെ വോള്‍വോ കാര്‍വില്‍പനയില്‍ ഡീസല്‍ കാറുകളുടെ വില്‍പന വെറും 8.9 ശതമാനമായി. 2015ൽ യൂറോപ്പിലെ പുതിയ കാർ വിപണിയുടെ 50 ശതമാനത്തിൽ അധികവും ഡീസൽ വാഹനങ്ങളായിരുന്നു. എന്നാൽ, ഈ വർഷം ജൂലൈയിൽ ഇത് 14 ശതമാനം മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.