ജീവിതകാലം മുഴുവൻ വാറൻറി, ഹൈബ്രിഡ് എഞ്ചിൻ; ഇൗ സ്വീഡിഷ് കമ്പനിയുടെ കാർ വാങ്ങിയാൽ പലതുണ്ട് ഗുണം
text_fieldsഅടുത്തിടെയാണ് സ്വീഡിഷ് കാർ കമ്പനിയായ വോൾവൊ തങ്ങളുടെ വാഹനങ്ങൾക്ക് ആജീവനാന്ത വാറൻറി പ്രഖ്യാപിച്ചത്. വാഹനത്തിെൻറ ഒറിജിനൽ ഘടകങ്ങൾ എപ്പോൾ തകരാറിലായാലും മാറ്റിത്തരുമെന്നാണിവർ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ എക്സ്.സി 90ക്ക് പെട്രോൾ ഹൈബ്രിഡ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ വാഹന നിരയിൽനിന്ന് ഡീസൽ വാഹനങ്ങളെ പൂർണമായും ഒഴിവാക്കാനും വോൾവോക്ക് കഴിഞ്ഞിട്ടുണ്ട്.
പുത്തൻ എക്സ്.സി 90
വോൾവോയുടെ പതാകവാഹകൻ എസ്.യു.വിയാണ് എക്സ്.സി 90. വാഹനത്തിെൻറ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇതോടെ ഡീസലിൽ നിന്ന് പെട്രോൾ കാറുകളിലേക്കുള്ള വോൾവോയുടെ മാറ്റം പൂർണ്ണമായി. 89,90,000 രൂപയാണ് പുതിയ ഹൈബ്രിഡ് വോൾവോയുടെ എക്സ് ഷോറൂം വില . വോൾവോയുടെ അത്യാധുനിക സ്‌കേലബിൾ പ്രോഡക്‌ട് ആർക്കിടെക്ചറിൽ (എസ്‌പിഎ) പുറത്തിറക്കിയ ആദ്യത്തെ കാറാണിത്.
ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നത്. എസ്.യു.വിയിലെ നൂതന സാങ്കേതിക വിദ്യകൾ ഡ്രൈവർക്ക് കൂടുതൽ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയിലൂടെ വാഹനങ്ങളുടെ വേഗത കാണുവാനും ടേൺ-ബൈ-ടേൺ നാവിഗേഷൻ പിന്തുടരുവാനും ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും സാധിക്കും.
കാർ ഫംഗ്‌ഷനുകൾ, നാവിഗേഷൻ, കണക്ടഡ് സേവനങ്ങൾ, ഇൻ-കാർ എന്റർടെയ്‌ൻമെൻറ് ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മികച്ച ടച്ച് സ്‌ക്രീൻ ഇന്റർഫേസാണ് എക്സ്.സിക്കുള്ളത്. നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. അകത്തും പുറത്തും കോസ്‌മെറ്റിക് അപ്‌ഡേറ്റുകളൊന്നും നൽകിയിട്ടില്ല. ഒഴിവാക്കുന്ന 2.0 ലിറ്റർ ഡീസൽ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണ് ഹൈബ്രിഡ് പതിപ്പിെൻറ വില.
പുതിയ പവർട്രെയിൻ
പുതിയ എക്സ്.സിയിലെ ഏറ്റവും വലിയ പരിഷ്കരണം എഞ്ചിനിലാണുള്ളത്. 235 എച്ച്പി, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ പോയി, 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ 2.0-ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റ് വന്നു. ഈ എഞ്ചിൻ 300hp കരുത്തും 420Nm ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ പതിപ്പിനേക്കാൾ 65hp കൂടുതൽ ശക്തി കൂടുതലാണ്. എന്നാൽ ടോർക്ക് 60Nm കുറവാണ്. എഞ്ചിൻ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി എയർ സസ്‌പെൻഷനും ലഭിക്കും.
അകത്തും പുറത്തും മറ്റ് ഡിസൈൻ അപ്‌ഡേറ്റുകളൊന്നും വാഹനത്തിലില്ല. അലോയ് വീൽ ഡിസൈൻ പോലും മാറ്റമില്ലാതെ തുടരുകയാണ്. നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ക്രിസ്റ്റൽ വൈറ്റ് പേൾ, ഓനിക്സ് ബ്ലാക്ക്, ഡെനിം ബ്ലു, പൈൻ ഗ്രേ എന്നിവയാണ് നിറങ്ങൾ.
ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യമെടുത്താൽ, എക്സ്.സിക്ക് പുതിയ 'അഡ്വാൻസ്ഡ് എയർ ക്ലീനർ' സിസ്റ്റം ലഭിക്കും. അത് ക്യാബിൻ എയർ ഫിൽട്ടർ ചെയ്യുകയും 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വായുവിന്റെ ഗുണനിലവാരം പ്രദർശിപ്പിക്കുകയും ചെയ്യും. ഗൂഗിൾ നൽകുന്ന പുതിയ ഇൻഫോടെയ്ൻമെന്റ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വാഹനം അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. എക്സ്.സി 60ൽ ഇത്തരമൊരു അപ്ഡേഷൻ നടന്നിരുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, മസാജ് ഫംഗ്‌ഷൻ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിെൻറ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
പൈലറ്റ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് എയ്ഡ്, ക്രോസ് ട്രാഫിക് അലേർട്ടോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, കൊളിഷൻ മിറ്റിഗേഷൻ സപ്പോർട്ട്, 360 ഡിഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ് പൈലറ്റ് എന്നീ സംവിധാനങ്ങൾ സുരക്ഷക്കായും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.