സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
text_fieldsവ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, വാഹനത്തിൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നാണ് ഈ അപകടം നൽകുന്ന പാഠം. അൽപം ശ്രദ്ധ വെച്ചാൽ റോഡ് കുരുതിക്കളമാകാതെ നോക്കാം. അതിനു വേണ്ടത് ഇതൊക്കെയാണ്.
1. കാറിന്റെ പിൻസീറ്റിലാണ് ഇരിക്കുന്നതെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കുക. സൈറസ് മിസ്ത്രിയും സഹയാത്രികനും കാറിന്റെ പിറകിലാണ് ഇരുന്നത്. രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. മുന്നിലിരുന്ന രണ്ടുപേരും സീറ്റ്ബെൽറ്റ് ധരിച്ചതിനാൽ ഗുരുതര പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടു.
2.വാഹനങ്ങളിൽ സുരക്ഷക്കായുള്ള രണ്ടാമത്തെ പ്രതിരോധ മാർഗമാണ് എയർബാഗ്. സീറ്റ് ബെൽറ്റ് ശരിയായി ധരിച്ചില്ലെങ്കിൽ അപകട സമയത്ത് കാറിന്റെ എയർബാഗുകൾ പ്രവർത്തിക്കില്ലെന്ന കാര്യവും ഓർക്കുക. അതിനാൽ വാഹനത്തിലിരുന്ന ഉടൻ സീറ്റ് ബെൽറ്റ് ശരിയായി ലോക്ക് ചെയ്യണം.
3. എല്ലാ കാറുകളിലും സീറ്റ് ബെൽറ്റുകൾ ഉണ്ടെങ്കിലും വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമേ അത് ഉപയോഗിക്കാറുള്ളൂ. വാഹനങ്ങളുടെ പീൻ സീറ്റ് സുരക്ഷിതമാണെന്നാണ് പൊതുവെ എല്ലാവരുടെയും ധാരണ. ഇത് തീർത്തും തെറ്റാണ്.
4. അപകടം ഉണ്ടാകുമ്പോൾ ഒരാൾ വലിയ ശക്തിയിൽ പുറത്തേക്ക് തെറിക്കും. അതായത് 80 കിലോ ഭാരമുള്ള ഒരാൾ 3200 കിലോഗ്രാം ഭാരത്തിന്റെ ശക്തിയിലാണ് എടുത്തെറിയപ്പെടുക.
5. മുൻ സീറ്റിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ പിൻ സീറ്റിലെ യാത്രക്കാർ ധരിച്ചിട്ടില്ലെങ്കിൽ, മുൻ സീറ്റിലെ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കും. കാരണം അപകട സമയം ഒരാനയുടെ ശക്തിയോടെയാണ് പിൻസീറ്റിലെ യാത്രക്കാർ മുൻസീറ്റിലെ യാത്രക്കാരെ വന്ന് വീഴുക. പിൻസീറ്റ് ബെൽറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇപ്പോൾ മനസിലായില്ലേ. അതുകൊണ്ട് നിങ്ങളുടെ കാറിന് പിൻസീറ്റ് ബെൽറ്റ് ഇല്ലെങ്കിലും എത്രയും പെട്ടെന്ന് അത് ഘടിപ്പിക്കുക. അത് നിങ്ങളുടെ ജീവൻ സുരക്ഷിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.