'എയർബാഗുണ്ടല്ലോ, പിന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കരുതരുത്'
text_fieldsതിരുവനന്തപുരം: വാഹനത്തിൽ എയർബാഗുണ്ടല്ലോ, പിന്നെ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കരുതരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. സീറ്റ് ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നാണ് പൊലീസിന്‍റെ ഉപദേശം. സീറ്റ് ബെൽറ്റും എയർ ബാഗും സംയോജിതമായി പ്രവർത്തിച്ചാൽ മാത്രമേ 70 കി.മീ മുകളിലേക്കുള്ള വേഗത്തിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവമെന്ന് കേരള പൊലീസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വാഹനം അപകടത്തിൽപെട്ടാൽ സെക്കൻറുകൾക്കുള്ളിൽ എയർബാഗ് തുറക്കും.
വൻശക്തിയോടെയായിരിക്കും എയർബാഗുകൾ വിരിയുക. ബെൽറ്റിട്ടില്ലെങ്കിൽ എയർബാഗിന്റെ ശക്തിയിൽ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ് ധരിച്ചാൽ യാത്രക്കാരന്റെ മുന്നോട്ടായൽ കുറയും. തലയിടിക്കാതെ എയർബാഗ് വിരിയുകയും ചെയ്യും.
സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ചിലപ്പോൾ എയർബാഗ് തുറക്കുന്നതുകൊണ്ട് പ്രയോജനം ലഭിക്കില്ല, എന്നുമാത്രമല്ല പരിക്ക് ഇരട്ടിയാകാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പല വാഹനങ്ങളിലും എയർ ബാഗ് പ്രവർത്തിക്കുന്നതിന് സീറ്റ് ബെൽറ്റ് ഇടേണ്ടത് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.