ഒറ്റ ചാർജിൽ 682 കിലോ മീറ്ററോ..?; മഹീന്ദ്ര അങ്ങനെ വെറുതെ തള്ളാറില്ല..!, 'ഇന്ത്യൻ ടെസ്‌ല'യെന്ന് ആരാധകർ
text_fieldsചെന്നൈ: ചെന്നൈയിൽ നിന്ന് കൊച്ചിവരെ ഏതാണ്ട് 690 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം ഒരൊറ്റ ചാർജിൽ പാഞ്ഞെത്തുന്ന ഇലക്ട്രിക് വാഹനത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് യഥാർഥ്യമായിരിക്കുകയാണ് മഹീന്ദ്രയിലൂടെ.
ഇലക്ട്രിക് വാഹന ലോകത്തേക്ക് രണ്ട് യമണ്ടൻ ഐറ്റം കൊണ്ടാണ് ഇത്തവണ മഹീന്ദ്രയുടെ വരവ്. മഹീന്ദ്ര ബീ 6e, എക്സ്.ഇ.വി 9ഇ എന്നീ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ അൺലിമിറ്റഡ് ഇന്ത്യ ഗ്ലോബൽ സമ്മിറ്റിലാണ് രണ്ടു വാഹനങ്ങളും പുറത്തിറക്കിയത്. മഹീന്ദ്ര ബീ 6e ബേസ് മോഡലിന് ഏകദേശം 18.90 ലക്ഷം രൂപയും എക്സ്.ഇ.വി 9ഇക്ക് 21.90 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വിലയായി കണക്കാക്കുന്നത്. 79 കിലോവാട്ട് ബാറ്ററി പായ്ക്കിൽ ബീ 6ഇ 682 കിലോമീറ്ററും എക്‌സ്.ഇ.വി. 9ഇ 656 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. 2025 ഫെബ്രുവരി അവസാനമോ, മാർച്ച് ആദ്യമോ രണ്ടു മോഡലിന്റെ ഡെലിവറി ആരംഭിച്ചേക്കും.
രണ്ട് വാഹനങ്ങളും കമ്പനിയുടെ പുതിയ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി നിർമിച്ചതാണ്. രണ്ടും ഒരേ ബാറ്ററി പാക്ക് ഓപ്ഷനുമായാണ് വരുന്നത്, അതായത് 59 കിലോ വാട്ട്, 79 കിലോവാട്ട് ഓപ്‌ഷനുകൾ.
20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ആകാൻ 20 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ. 175 കിലോ വാട്ട് ഡി.സി ചാർജറും സപ്പോർട്ട് ചെയ്യുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.7 സെക്കൻഡ് മതിയാകും.
ഷാർപ്പ് ലുക്ക്, ബ്രാൻഡിൻ്റെ ഇൻ-ഹൗസ്, AI ആർക്കിടെക്ചർ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാങ്കേതിക, സുരക്ഷാ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന എസ്.യു.വികൾ ഇലക്ട്രിക് വാഹന ലോകത്തിന് പുതുജീവൻ പകരുമെന്നാണ് കരുതുന്നത്.
ബീ 6ഇ രൂപ കൽപനയിൽ വിപ്ലവം തന്നെയാണ്. ഇന്ത്യൻ ടെസ് ല എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. ബോൺ ഇലക്ട്രിക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന്റെ ചുരുക്കരുപമാണ് BE. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂർണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റിലാണ് ഒരുക്കിയിരിക്കുന്നത് എന്നത് വാഹനത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഈ ഗ്ലാസ് റൂഫ് ദോഷകരമായ യു.വി റെയ്സിൽ നിന്നും പ്രൊട്ടക്ഷൻ നൽകുകയും ചെയ്യുന്നു. വയർലെസ് ഫോൺ ചാർജറുകൾ, എയർ പ്യൂരിഫയർ സിസ്റ്റം എന്നിവ കൂടാതെ ഹർമാൻ കാർഡൺ 16 -സ്‌പീക്കർ ഹൈ -ഫൈ ഓഡിയോ സിസ്റ്റവും വാഹനത്തിലുൾപ്പെടുന്നു. 1400 വാട്ട്‌സ് സിസ്റ്റം ഔട്ട്‌പുട്ടും ഡോൾബി അറ്റ്‌മോസ് ടെക് ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
രണ്ട് കാറുകളിൽ എക്സ്.ഇ.വി 9ഇയുടെ രൂപകല്പന കുറച്ചുകൂടി പരമ്പരാഗതമാണ്. എക്സ്.യു.വി 900 നേരിയ സാമ്യവും പ്രകടമാണ്. മുന്നിലും പിന്നിലും വലിയ ഓവർഹാംഗുകൾ ഉള്ളതിനാൽ ബീ 6ഇ നെ അപേക്ഷിച്ച് സ്റ്റോറേജ് സ്പേസ് കൂടുതലാണ്. 150 ലിറ്റർ ഫ്രങ്ക് സ്പേസിൽ 60 കിലോഗ്രാം ലോഡ് എടുക്കും.
19 ഇഞ്ച് അലോയ്‌കൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു, 20 ഇഞ്ച് ഓപ്‌ഷണലാണ്. കാറിൻ്റെ ഏതാണ്ട് താഴത്തെ പകുതി മുഴുവൻ ഗ്ലോസി പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു. പുതിയ ഹെഡ്‌ലാമ്പുകൾ, കൂപ്പെ-സ്റ്റൈൽ റൂഫ്, ബ്ലാക്ക് സൈഡ് ക്ലാഡിംഗ്, ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, ഡബിൾ വയർലെസ് ഫോൺ ചാർജറുകൾ, ഓഗ്‌മെൻ്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.