ടോള്‍ കടക്കാന്‍ കാത്തിരിക്കേണ്ടിവരും; 100 മീറ്റര്‍ പരിധി ഒഴിവാക്കി
text_fieldsന്യൂഡൽഹി: ടോള്‍ കടക്കാന്‍ വാഹനനിര 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശീയപാത അതോറിറ്റി പിന്‍വലിച്ചു. ജി.പി.എസ് അധിഷ്ഠിത ടോള്‍സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഉപരിതലമന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് 100 മീറ്റര്‍പരിധി എടുത്തുകളയാന്‍ തീരുമാനിച്ചത്. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെ 2021ല്‍ ദേശീയപാത അതോറിറ്റി നടപ്പിലാക്കിയ നിര്‍ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
10 സെക്കന്‍ഡ് പോലും വാഹനങ്ങള്‍ കാത്തിരിക്കാന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് 100 മീറ്റര്‍ പരിധി കൊണ്ടുവന്നത്. എന്നാല്‍, ടോള്‍ കമ്പനികളുടെ നിബന്ധനക്കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതില്‍ കൂടുതലോയുള്ള 100 ടോള്‍പ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാന്‍ തത്സമയസംവിധാനം ഒരുക്കാനാണ് അതോറിറ്റിയുടെ നീക്കം. കേരളത്തില്‍ തിരക്കേറിയ തൃശ്ശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലും തത്സമയ സംവിധാനം കൊണ്ടുവന്നേക്കും.
രാജ്യത്തെ എക്സ്പ്രസ്‌ഹൈവേകളില്‍ ജി.പി.എസ് അധിഷ്ഠിത ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) നടപ്പാക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. ഫാസ്ടാഗുള്ള ടോള്‍പ്ലാസകളിലെ ലെയ്‌നുകളില്‍ ജി.എന്‍.എസ്.എസ് നടപ്പാക്കുന്ന രീതിയാണിത്. ഹൈവേകളില്‍ യാത്രചെയ്യുന്ന ദൂരത്തിനുവേണ്ടി മാത്രം തുക നല്‍കുന്ന സംവിധാനമാണിത്.
വാഹനങ്ങളുടെ നിര 100 മീറ്ററില്‍ കൂടുന്ന പക്ഷം ടോള്‍ തുക ഈടാക്കാതെ ടോള്‍ബൂത്തിന് മുന്‍വശത്തുള്ള വാഹനങ്ങള്‍ തുറന്നുവിടണമെന്ന് മൂന്ന് വര്‍ഷം മുമ്പാണ് എന്‍.എച്ച്.എ.ഐ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഹൈകോടതി ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.