ഉദ്യോഗസ്ഥർക്ക് വൈദ്യുത വാഹനം നിർബന്ധമാക്കുമെന്ന് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വൈദ്യുത വാഹനം നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾക്ക് പകരം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ-മൊബിലിറ്റി, വൈദ്യുത വാഹന ചാർജിങ് സൗകര്യം, വൈദ്യുതി ഉപയോഗിച്ചുള്ള പാചകം എന്നിവയുടെ ഗുണങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ നടത്തുന്ന 'ഗോ ഇലക്ട്രിക്' കാമ്പയിൻ ഉദ്ഘാടനവേളയിലാണ് മന്ത്രിയുടെ പ്രഖ്യാപപനം.
ഡൽഹിയിൽ 10,000 വൈദ്യുത വാഹനങ്ങൾ ഉപയോഗിച്ചാൽ പ്രതിമാസം ഇന്ധനത്തിന് ചെലവഴിക്കുന്ന 30 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് മന്ത്രി അവകാശപ്പെട്ടു. ഇത് വായുമലിനീകരണം കുറക്കും. ഫോസിൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ എട്ട് ലക്ഷം കോടി രൂപയാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഇതിനുള്ള പ്രധാന ബദലാണ് വൈദ്യുത ഇന്ധനം. പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ വൈദ്യുതിക്ക് ചിലവ് വളരെ കുറവാണ്. പാചകത്തിനും വൈദ്യതി ഉപയോഗിക്കുന്നത് ലാഭകരമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
താപവൈദ്യുത നിലയങ്ങളിൽനിന്ന് പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന് മൂല്യവർധന വരുത്താൻ പ്രോത്സാഹിപ്പിക്കണമെന്ന് വൈദ്യുതി മന്ത്രി ആർ.കെ. സിങ്ങിനോട് ഗഡ്കരി അഭ്യർഥിച്ചു. ഇറക്കുമതി കുറക്കാനും പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ഭാവിയിലേക്കുമുള്ള പ്രധാന ചുവടുവെപ്പാണ് 'ഗോ ഇലക്ട്രിക്' കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.