ആകാശത്ത് കാറോടിക്കാം; പറക്കും കാറിന് യു.എസ് ഗവൺമെന്റിന്റെ നിയമാനുമതി
text_fieldsവാഷിങ്ടൺ: പറക്കും കാറിന് നിയമാനുമതി നൽകി യു.എസ് ഗവൺമെന്റ്. അലെഫ് എയറോനോട്ടിക്‌സിന്റെ പറക്കും കാറിനാണ് അമേരിക്കൻ ഗവൺമെന്റിന്റെ നിയമാനുമതി ലഭിച്ചത്. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) പ്രത്യേക ആകാശഗമന യോഗ്യത സർട്ടിഫിക്കേഷൻ ലഭിച്ചതായി കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള വാഹനത്തിന് യു.എസിൽ ഇതാദ്യമായാണ് സർട്ടിഫിക്കേഷൻ ലഭിക്കുന്നത്.
കാലിഫോർണിയ ആസ്ഥാനമായ അലെഫ് എയറോനോട്ടിക്‌സിന്റെ പറക്കും കാർ പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുക. രണ്ടുപേർക്ക് യാത്ര ചെയ്യാൻ സാധിക്കും. മൂന്ന് ലക്ഷം ഡോളറാണ് കാറിന്റെ വില. റോഡിലുണ്ടാവുന്ന ട്രാഫിക്കിനും വാഹനാപകടങ്ങൾക്കും മുകളിലൂടെ കാറിന് പറക്കാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പറക്കും കാറുകൾ 2025 അവസാനത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ചരിത്രത്തിലെ ആദ്യത്തെ യഥാർത്ഥ പറക്കും കാർ എത്തിക്കാനാണ് അലെഫ് എയ്റോനോട്ടിക്സ് ലക്ഷ്യമിടുന്നതെന്നും നിരവധി മുൻകൂർ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ ജിം ദുഖോവ്‌നി പറഞ്ഞിരുന്നു. ഗ്രാമീണ- നഗര റോഡുകളിൽ സാധാരണയായി ഉപയോഗിക്കാൻ സാധിക്കും വിധമാണ് കാർ നിർമ്മിച്ചിട്ടുള്ളത്. പാർക്കിങ് കേന്ദ്രങ്ങളിലും ഇവ പാർക്ക് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.