കാത്തിരിപ്പിന് വിരാമം; ഇലക്ട്രിക് കാർ പുറത്തിറക്കി ഷവോമി
text_fieldsചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി. വ്യാഴാഴ്ചയാണ് കമ്പനി കാർ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്തെ ആദ്യത്തെ അഞ്ച് കാർ നിർമാതാക്കളിൽ ഒരാളാവുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രഖ്യാപിച്ചു. എസ്.യു7 എന്ന പേരിട്ടിരിക്കുന്ന ഷവോമിയുടെ കാറിൽ അവരുടെ മൊബൈൽ ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ലഭ്യമാണ്. കഠിനാധ്വാനത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളിൽ ഒരാളാവുകയാണ് ലക്ഷ്യമെന്ന് കമ്പനി സി.ഇ.ഒ ലീ ജുൻ പറഞ്ഞു. 2021ലാണ് ബിസിനസ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചത്.
ടെസ്‍ലയുടെ മോഡൽ എസിനോട് സാമ്യമുള്ള കാറാണ് ഷവോമിയുടെ എസ്.യു 7. 4997 mm ആണ് കാറിന്റെ നീളം. 1455 mm ഉയരവും 1,963 mm വീതിയും 3000 mm വീൽബേസുമുണ്ട്. ബാറ്ററി സ്റ്റോറേജിന്റെ അടിസ്ഥാനത്തിൽ രണ്ട് വേരിയന്റുകളിൽ കമ്പനി കാർ പുറത്തിറക്കും.73.6 കിലോവാട്ട് ബാറ്ററിപാക്കുമായും 101 കിലോവാട്ട് ബാറ്ററി പാക്കുമായി കാറെത്തും. ഒറ്റ ചാർജിൽ 800 കിലോ മീറ്ററാണ് എസ്.യു 7 സഞ്ചരിക്കുക. 150കിലോവാട്ട് ബാറ്ററി പാക്കുമായി 1200 കിലോ മീറ്റർ സഞ്ചരിക്കുന്ന വേരിയന്റ് പുറത്തിറക്കാനും ഷവോമിക്ക് പദ്ധതിയുണ്ട്.
അടിസ്ഥാന വകഭേദത്തിൽ നിന്നും 299 എച്ച്.പി പവറും ഉയർന്ന മോഡലിൽ 374 എച്ച്.പി പവറുമുണ്ടാകും. 635 എൻ.എം ആണ് പരമാവധി ടോർക്ക്. താഴ്ന്ന വേരിയന്റിൽ മണിക്കൂറിൽ 210 കിലോ മീറ്ററാണ് പരമാവധി വേഗത. ഉയർന്ന മോഡലിൽ മണിക്കൂറിൽ 265 കിലോ മീറ്റർ വരെ വേഗത ലഭിക്കും. ഓട്ടോണമസ് പാർക്കിങ് ഉൾപ്പടെയുള്ള സെൽഫ് ഡ്രൈവിങ് ഫീച്ചറുകളും ഷവോമിയുടെ കാറിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.