ഇലക്ട്രിക് കാറുമായി ഷവോമി വരുന്നൂ; നെഞ്ചിടിപ്പേറി പരമ്പരാഗത നിർമാതാക്കൾ
text_fields2021 സെപ്റ്റംബറിലാണ് ചൈനീസ് ടെക് ഭീമനായ ഷവോമി തങ്ങളുടെ ഇലക്ട്രിക് കാർ പ്രോജക്ട് പ്രഖ്യാപിച്ചത്. ‘മൊഡേന പ്രോജക്ട്’ എന്ന് വിശേഷിപ്പിച്ചിരുന്ന പദ്ധതി മൂന്ന് വർഷത്തിനകം പ്രാവർത്തികമാക്കുമെന്നും അന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആദ്യ കാർ 2024ൽ പുറത്തിറങ്ങുമെന്നാണ് ഷവോമി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ലീ ജൂൻ ചൈനീസ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബൊയിലെ ചോദ്യോത്തരവേളയിൽ വെളിപ്പെടുത്തിയത്. കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലെന്നാണ് ഏറ്റവും പുതിയ വിവരം. ഷവോമി കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൊഡേന സെഡാൻ
ഷവോമിയുടെ ആദ്യ കാർ ഒരു സെഡാൻ ആണെന്നാണ് സൂചന. മൊഡേന എന്നാണ് വാഹനത്തിന്റെ പേര്. മംഗോളിയയിലെ മഞ്ഞ് താഴ്വരകളിൽ വാഹനത്തിന്റെ വിന്റർ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. മംഗോളിയയിലെ ശീതകാലം വൈദ്യുത വാഹനങ്ങൾക്കായുള്ള ആത്യന്തിക പരീക്ഷണ കേന്ദ്രമാണെന്നാണ് വിലയിരുത്തൽ. ശൈത്യകാലത്ത് ഇ.വികളുടെ റേഞ്ച് കുറയുന്ന പ്രതിഭാസം നേരത്തേതന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എയറോഡൈനാമിക് ഡിസൈനാണ് ഇലക്ട്രിക് സെഡാന് ഷവോമി നൽകിയിരിക്കുന്നത്. നീളമേറിയ ഹുഡും ചരിഞ്ഞ മേൽക്കൂരയും വാഹനത്തിൽ കാണാം. മറ്റ് പ്രീമിയം ഇലക്ട്രിക് കാറുകളെപ്പോലെ, മോഡേനയിലും ബോഡിയോട് ചേർന്നിരിക്കുന്ന ഡോർ ഹാൻഡിലുകളും മേൽക്കൂരയിൽ ലിഡാർ സെൻസറുകളും അവതരിപ്പിക്കും. കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഏറ്റവും പുതിയ ക്വാൽകോം 8295 ചിപ്പുകളിലാവും പ്രവർത്തിക്കുക.
ഷവോമി ഇതിനകം 1.5 ബില്യൺ ഡോളർ ഇ.വി കാർ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021 ആദ്യമാണ് ഷവോമി വൈദ്യുത വാഹന നിർമാണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചത്. ബെയ്ജിങ്ങിൽ പുതിയ നിർമാണശാല പണി പൂർത്തിയായതായാണ് വിവരം. പ്രതിവർഷം മൂന്നു ലക്ഷം ഇ.വികൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ഷവോമി ലക്ഷ്യമിടുന്നത്. ബെയ്ജിങ് ഇക്കണോമിക് ആൻഡ് ടെക്നോളജിക്കൽ ഡവലപ്മെന്റ് സോണിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
ഇ.വികളുടെ ഗവേഷണ, വികസന വിഭാഗത്തിൽ പതിനായിരത്തിലേറെ പേർ നിലവിൽ ജോലി ചെയ്യുന്നുണ്ട്. വൈദ്യുത വാഹന വിപണി പ്രവേശം സ്മാർട്ഫോൺ മേഖലയോടുള്ള ഷഓമിയുടെ സമീപനത്തെ ബാധിക്കില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലീ ജൂൻ വ്യക്തമാക്കുന്നു. ഭാവിയിലും സ്മാർട്ഫോൺ തന്നെയാവും ഷവോമിയുടെ കേന്ദ്ര ബിസിനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.