വെള്ളക്കെട്ടിൽ വാഹനം വേഗത്തിൽ ഒാടിക്കരുത്? മഴക്കാലത്ത് ശ്രദ്ധിക്കാം ഇൗ അഞ്ച് കാര്യങ്ങൾ
text_fieldsമഴക്കാലമായതോടെ റോഡുകളിലെ വെള്ളക്കെട്ട് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ചൂടിനേക്കാൾ വാഹനങ്ങൾക്ക് വില്ലനാവുക മിക്കപ്പോഴും വെള്ളമാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നാം ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കുഴികൾ, മാലിന്യം നിറഞ്ഞ അഴുക്കുചാലുകൾ, റോഡ് നിർമാണത്തിലെ ഗുണനിലവാരക്കുറവ് എന്നിവയെല്ലാം മഴക്കാലത്ത് വാഹന യാത്രികർക്ക് വെല്ലുവിളികളാണ്. വെള്ളക്കെട്ടിലൂടെ വാഹനം ഒാടിക്കേണ്ടിവരുന്നതും മഴക്കാലത്ത് സാധാരണ അനുഭവമാണ്. മഴക്കാലത്ത് വാഹനത്തിൽ യാത്ര ചെയ്യുേമ്പാൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാണ്.
1. വെള്ളക്കെട്ടുകളിലെ യാത്ര ഒഴിവാക്കുക
സാധ്യമാകുമെങ്കിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കുക. ഗ്രൗണ്ട് ക്ലിയറൻസ് കൂടിയ എസ്.യു.വികളിൽ ഒഴികെ ഇത്തരം യാത്ര സുരക്ഷിതമല്ല. ചില എസ്‌യുവികൾക്ക് കമ്പനി അവകാശപ്പെടുന്നതരത്തിൽ ആഴത്തിലുള്ള വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാനാകും. സാധാരണ സെഡാനുകളും ഹാച്ചുകളുമെല്ലാം അരയടിയിലധികം വെള്ളത്തിലൂടെ ഓടിക്കാൻ ഉദ്ദേശിച്ച് നിർമിക്കപ്പെട്ടവയല്ല. റോഡിൽ വെള്ളം നിറഞ്ഞെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അതുവഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. ഇതിനായി ഗൂഗ്ൾ മാപ്പ്, സോഷ്യൽ മീഡിയ, എഫ്.എം റേഡിയോ തുടങ്ങിയവ മഴക്കാലത്ത് പിന്തുടരുക. ഡ്രൈവിങ് സമയത്ത് ജാഗ്രത പാലിക്കുക. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന റോഡുകളിൽ നിന്ന് മാറിനിൽക്കാനും ഇതര വഴികൾ കണ്ടെത്താനും ശ്രമിക്കുക. മറ്റ് റോഡ് ഉപയോക്താക്കളെ (കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ, കാൽനടയാത്രക്കാർ) ശ്രദ്ധ കേന്ദ്രീകരിക്കുക.
2. ചലിച്ചുകൊണ്ടിരിക്കുക
വെള്ളെക്കട്ടിലൂടെ യാത്ര ചെയ്യാനിടയായാൽ വാഹനം ഒരിക്കലും നിർത്താതിരിക്കുക എന്നത് അതിജീവനത്തിെൻറ ആദ്യ പാഠമാണ്. വെള്ളത്തിലൂടെ തുടർച്ചയായി സഞ്ചരിക്കാൻ പരമാവധി ശ്രമിക്കുക. വേഗം കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്. പെെട്ടന്ന് ബ്രേക്ക് ഇടുകയുമരുത്. സ്ഥിരമായി ഒരേ വേഗം നിലനിർത്തുകയാണ് ഏറ്റവും അഭികാമ്യം. വെള്ളെക്കട്ടിൽ നിർത്തുകയാണെങ്കിൽ വാഹനത്തിെൻറ എഞ്ചിനിൽ ഉൾപ്പടെ വെള്ളം കയറാനിടയുണ്ട്. വെള്ളത്തിലൂടെ നീങ്ങുമ്പോൾ, താഴ്ന്ന ഗിയർ ഉപയോഗിക്കുക (ഒന്നാമത്തേത് അല്ലെങ്കിൽ രണ്ടാമത്തേത്. അത്യാവശ്യമെങ്കിൽ മാത്രം മൂന്നാമത്തേത്) കുഴികൾ ഉണ്ടെങ്കിൽ എഞ്ചിൻ വരുന്നഭാഗം ഉയർത്തി നിർത്താൻ ശ്രമിക്കുക.
3. വെള്ളത്തിൽവച്ച് സ്റ്റാർട്ട് ചെയ്യരുത്
വെള്ളം കയറിയ സ്ഥലത്ത് കാർ നിന്നുപോവുകയാണെങ്കിൽ ഉടൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഇതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എഞ്ചിെൻറ കണക്ടിങ് റോഡുകളിലുൾപ്പടെ കൂടുതൽ സമ്മർദ്ദം വരാനും അവ തകരാറിലാവാനും വാഹനം വെള്ളക്കെട്ടിൽവച്ച് സ്റ്റാർട്ട് ചെയ്യുന്നത് ഇടയാക്കും. കൂടാതെ എക്‌സ്‌ഹോസ്റ്റ് വഴി വെള്ളം എഞ്ചിനിൽ കയറി ഗുരുതരമായ തകരാറുണ്ടാകാനും ഇടയാകും. വെള്ളം എഞ്ചിനിൽ കയറിയെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വാഹനം ഉടൻ തന്നെ ഓഫ് ചെയ്യുക. വെള്ളല്ലാത്ത പ്രദേശത്തേക്ക് കാർ തള്ളി നീക്കുക. തുടർന്ന് സഹായത്തിനായി വിദഗ്ധരായ മെക്കാനിക്കുകളെ വിളിക്കുക.
4. അകത്ത് കുടുങ്ങിയാൽ പരിഭ്രാന്തരാകരുത്
കാർ വെള്ളത്തിൽ കുടുങ്ങുമ്പോൾ വാതിലുകളിൽ വലിയ സമ്മർദം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നാം വിചാരിക്കുന്നപോലെ വാതിലുകൾ തുറക്കാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, ആദ്യം ചെയ്യേണ്ടത് പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക എന്നതാണ്. തുടർന്ന്, രണ്ട് കാലുകളും ഉപയോഗിച്ച് തള്ളി വാതിലുകൾ തുറക്കാൻ ശ്രമിക്കുക. ഇത് വിജയിക്കുന്നില്ലെങ്കിൽ, വിൻഡോകളിലൊന്ന് തകർക്കാൻ കനത്തതും മൂർച്ചയുള്ളതുമായ വസ്തു ഉപയോഗിക്കുക. സീറ്റുകളിലെ ഹെഡ്റെസ്റ്റ് ഉൗരിയെടുത്താൽ അതിെൻറ അറ്റം കൂർത്തിരിക്കുന്നത് കാണാം. അപകടം ഉണ്ടാകുേമ്പാൾ വിൻഡോകൾ തകർക്കാനാണ് അവ നൽകിയിരിക്കുന്നത്. വാതിൽ വിൻഡോകളേക്കാൾ വളരെ ബുദ്ധിമുട്ടാണ് മുന്നിലെ വിൻഡ്ഷീൽഡ് തകർക്കുക. അതിന് ഒരിക്കലും ശ്രമിക്കാതിരിക്കുക.
5. ബ്രേക്കുകൾ പമ്പ് ചെയ്യുക
ഒരു വെള്ളക്കെട്ട് വിജയകരമായി താണ്ടിക്കഴിഞ്ഞാൽ ബ്രേക്ക് പമ്പ് ചെയ്ത് (തുടർച്ചയായി ചവിട്ടി വിടുക) ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വാഹനത്തിലെവിടെയെങ്കിലും അടിഞ്ഞുകൂടിയ വെള്ളം പുറന്തള്ളാൻ ഇത് സഹായിക്കും. ശരിയായ ബ്രേക്ക് ഉപയോഗത്തെ വെള്ളം സ്വാഭാവികമായും തടസ്സപ്പെടുത്തും. ഡ്രം ബ്രേക്കുകളുള്ള കാറുകളിൽ ഈ പ്രശ്നം കൂടുതലാണ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മിക്ക മോഡലുകളിലും പിന്നിൽ ഡ്രം ബ്രേക്ക് ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ പമ്പിങ് നല്ലതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.