റോഡിലെ അമിത വേഗതക്ക് പിഴ അടക്കാതിരിക്കണോ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsവാഹനവുമായി നിരത്തിലിറങ്ങുന്നവരുടെ പേടിസ്വപ്നമാണ് അതിവേഗതക്കുള്ള പിഴകൾ. അതിവേഗമുള്‍പ്പെടെ നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പ്രത്യേകിച്ചും. പാതയോരങ്ങളിൽ മറഞ്ഞിരിക്കുന്ന കാമറകളാണിപ്പോൾ അതിവേഗക്കാരെ കണ്ടുപിടിക്കുന്നത്. പണ്ടൊക്കെ വാഹനം തടഞ്ഞുനിർത്തിയുള്ള പിഴയീടാക്കലായിരുന്നെങ്കിൽ കാലം മാറിയതോടെ ഫൈനും ഹൈടെക്കായി. ഇത്തരം പിഴകളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സാമാന്യമായി ചില അറിവുകൾ എല്ലാവർക്കും ഉണ്ടായിരിക്കണം. അതെന്തൊക്കെയാണെന്ന് നോക്കാം.
റോഡറിഞ്ഞ് ഡ്രൈവ് ചെയ്യാം
റോഡുകൾക്കനുസരിച്ച് വാഹനങ്ങളുടെ വേഗപരിധി മാറിമറിയും എന്നത് ഡ്രൈവ് ചെയ്യുന്നവർ അറിഞ്ഞിരിക്കണം. ഇത് തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ പിഴയടച്ച് കീശകീറും. ദേശീയ, സംസ്ഥാന പാതകള്‍ എന്നിങ്ങനെ റോഡുകളുടെ തരമനുസരിച്ചും ഓരോസ്ഥലത്തെയും പ്രത്യേകമായ നിയന്ത്രണങ്ങൾക്കനുസരിച്ചും വേഗപരിധി മാറും. സംസ്ഥാനപാതയേക്കാള്‍ വ്യത്യസ്തമായിരിക്കും ദേശീയ പാതകളിലെ വേഗനിയന്ത്രണം. നഗര നിരത്തുകളിൽ നിയമങ്ങൾ മാറിമറിയും.
ഒരു റോഡില്‍തന്നെ വേഗപരിധി പലയിടത്തും വ്യത്യസ്തമായിരിക്കും എന്നതും പ്രത്യേകതയാണ്. അപകടമേഖലകള്‍, സ്‌കൂള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വേഗംകുറയ്ക്കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഉദാഹരണത്തിന്, എം.സി. റോഡില്‍ 80 കിലോമീറ്ററാണ് അനുവദനീയമെങ്കിലും സ്ഥിരം അപകടമേഖലകളില്‍ ഈവേഗം അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ വേഗപരിധി സൂചിപ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം തീരുന്നിടത്ത് അതേക്കുറിച്ചും ബോര്‍ഡുണ്ടാകും. ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും പിഴ ഉറപ്പാണ്.
വിവിധ വാഹനങ്ങളുടെ വേഗപരിധികൾ എങ്ങിനെയാണെന്ന് നോക്കാം
ഇരുചക്രവാഹനങ്ങള്‍
• നാലുവരി ദേശീയപാതയില്‍ 70 കിലോമീറ്റര്‍
• ഇരുവരിയില്‍ 60 കിലോമീറ്റര്‍
• സംസ്ഥാനപാതയില്‍ 50 കിലോമീറ്റര്‍
• മറ്റുറോഡുകളില്‍ 50 കിലോമീറ്റര്‍
ലോറികൾ
ദേശീയ-സംസ്ഥാന പാതകള്‍ 65 കിലോമീറ്റര്‍
• നഗരം 40 കിലോമീറ്റര്‍
• സ്‌കൂള്‍ മേഖല 30 കിലോമീറ്റര്‍
• ഗാട്ട് (മലമ്പാതകൾ) റോഡുകള്‍ 40 കിലോമീറ്റര്‍
• മറ്റുപാതകള്‍ 60 കിലോമീറ്റര്‍
കാറുകള്‍
• ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍ 90 കിലോമീറ്റര്‍
• രണ്ടുവരിപ്പാതയില്‍ 85 കിലോമീറ്റര്‍
• സംസ്ഥാനപാതയില്‍ 80 കിലോമീറ്റര്‍
• മറ്റുപാതകളില്‍ 70 കിലോമീറ്റര്‍
• തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ 50 കിലോമീറ്റര്‍
• ഗാട്ട് (മലമ്പാതകൾ) റോഡുകളില്‍ 45 കിലോമീറ്റര്‍
• സ്‌കൂള്‍പരിധിയില്‍ 30 കിലോമീറ്റര്‍
ബസുകള്‍
• നാലുവരി ദേശീയപാത 70 കിലോമീറ്റര്‍
• ദേശീയ-സംസ്ഥാന പാതകള്‍ 65 കിലോമീറ്റര്‍
• മറ്റുറോഡുകള്‍ 60 കിലോമീറ്റര്‍
• നഗരം 40 കിലോമീറ്റര്‍
• ഗാട്ട് (മലമ്പാതകൾ) റോഡ് 40 കിലോമീറ്റര്‍
• സ്‌കൂള്‍മേഖല 30 കിലോമീറ്റര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.