കുഞ്ഞുങ്ങൾ വീട്ടിലുണ്ടോ? വാഹനം സ്റ്റാർട്ട് ചെയ്യുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsപലപ്പോഴും മാതാപിതാക്കൾ എടുക്കുന്ന വാഹനം ഇടിച്ച് കുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കുന്ന ദാരുണ സംഭവങ്ങളെപറ്റി നാം കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും ഇത്തരത്തിൽ ഒരു അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങൾ നടക്കുന്നത് ആദ്യമായല്ല. വീട്ടിൽ നിന്ന് വാഹനം എടുക്കുന്ന സമയം അതീവ ജാഗ്രതവേണ്ട സന്ദർഭമാണ്, പ്രത്യേകിച്ചും വീട്ടിലോ അയൽപക്കത്തോ 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
1. പാർക്ക് ചെയ്ത വാഹനമെടുക്കുന്നതിന് മുൻപ് വാഹനത്തിനു ചുറ്റും ഒന്ന് നടന്ന് നോക്കുക. ഒന്നുമറിയാതെ ഒരു പക്ഷേ കുട്ടികൾ വണ്ടിക്കരികിൽ കളിക്കുന്നുണ്ടാവാം.
2. ജോലിക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ പോകുമ്പോൾ ടാറ്റാ പറയാനും ഉമ്മ കൊടുക്കാനും കുട്ടികൾ വാഹനത്തിനടുത്തേക്ക് ഒറ്റയ്ക്ക് പോകാൻ അനുവദിക്കരുത്.
3. ഇരുചക്രവാഹനങ്ങളിൽ യാത്ര ആരംഭിക്കാൻ നേരത്ത് കുഞ്ഞുങ്ങളെ ഇരുത്തി (കരച്ചിൽ ഒഴിവാക്കാൻ ) സ്റ്റാർട്ട് ചെയ്യുകയും വെറുതെ ആക്സിലറേറ്റർ, ഹോൺ എന്നിവ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക. പോകാൻ നേരം കുട്ടിയെ താഴെ ഇറക്കിയാലും ഒരു പക്ഷേ ആക്സിലേറ്ററിൽ നിന്നു പിടി വിടാതെ വരികയും വണ്ടി നല്ല വേഗതയിൽ മുന്നോട്ടു നീങ്ങി അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്, പ്രത്യേകിച്ച് ഗിയർ ഇല്ലാത്ത വണ്ടി കളിൽ.
4. കുട്ടികളെ പേടിപ്പിക്കാനായി വണ്ടി കുട്ടികൾക്ക് നേരെ പിടിച്ച് റേയ്സ് ചെയ്യുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.
5. കാർ പിറകിലോട്ട് എടുക്കുമ്പോൾ കുട്ടികൾ മുറ്റത്ത് ഇല്ല എന്ന് ഉറപ്പാക്കുക.
6. കുട്ടികളെ മാത്രം കാറിൻ്റെ പിറകിൽ ഇരുത്തേണ്ടി വരുമ്പോൾ നിർബന്ധമായും 'ചൈൽഡ് ലോക്ക്' ഉപയോഗിക്കുക.
7. കരച്ചിൽ ഒഴിവാക്കാൻ കുട്ടികളെ ഡ്രൈവറുടെ മടിയിൽ ഇരുത്തി വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശീലം ഒഴിവാക്കുക. പിന്നീട് മാറ്റാൻ പറ്റാത്ത ശീലമായി അത് മാറും.
വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.