നിസ്സാരമല്ല ഈ വണ്ടി സർവ്വീസ്; വാഹനങ്ങളുടെ 'ഐ.സി.യു' അഥവാ സർവീസ് സെൻററുകളെ കുറിച്ചറിയാം
text_fieldsആശുപത്രികളിൽ പോകാത്തവരായി നമ്മളിൽ ആരും തന്നെയുണ്ടാവില്ല. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മാത്രമല്ല, നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും അഡ്മിറ്റഡായി ചികിത്സയിലുള്ളപ്പോഴും ആശുപത്രികൾ സന്ദർശിക്കേണ്ടി വരും. അതേസമയം ആശുപത്രികളിലെ വിലക്കപ്പെട്ട ഇടങ്ങളിൽ പ്രധാനപ്പെട്ടതാണ് ഐ.സി.യു. വാഹനങ്ങളും ആശുപത്രിയുടെ ഐ.സി.യുവും തമ്മിൽ എന്താണ് ബന്ധമെന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. നിങ്ങളൊരു പുതിയ വാഹനം ഷോറൂമിൽ നിന്ന് സ്വന്തമാക്കിയ ആളാണെങ്കിൽ തീർച്ചയായും ബന്ധമുണ്ടെന്ന് പറയേണ്ടിവരും.
ആശിച്ചു വാങ്ങിയ വാഹനം കൈയിൽ വന്ന് കൃത്യം 30 ദിവസം അല്ലെങ്കിൽ 1000 അല്ലെങ്കിൽ 500 കിലോമീറ്റർ (ഇരുചക്ര, നാലുചക്ര, ഹെവി അടിസ്ഥാനത്തിൽ ഇതിന് നേരിയ മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം) പിന്നിടും മുമ്പ് തന്നെ കമ്പനി സർവീസ് സെൻററിൽ നിന്ന് 'കസ്ററമർകെയർ'എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തി നിങ്ങളെ തേടി ഫോൺ കോൾ വന്നിരിക്കും. സാധാരണ ഗതിയിൽ ആദ്യത്തെ 4 സർവീസുകൾ ഫ്രീ ആണെന്നാണ് വെപ്പ്. വിളിക്കുന്നതിന് പിറ്റേന്ന് വാഹനം സർവീസിനെത്തിച്ചാൽ നിരവധി ഓഫറുകളുണ്ടെന്നും നാളെ കഴിഞ്ഞാൽ ഓഫറൊക്കെ േക്ലാസ് ചെയ്യുമെന്നുമുള്ള 'കിളിനാദ'സംസാരത്തിൽ പാവം വാഹനഉടമ ഫ്ലാറ്റാകുന്നതോടെ ആദ്യഘട്ടം വിജയം. പിറ്റേന്ന് വാഹനം സർവീസ് സെൻററിനു മുമ്പിൽ വരെ കൊണ്ടുവന്നിടാൻ നമുക്ക് അവകാശമുണ്ടാകും. പിന്നെ ആ വാഹനം എത്തപ്പെടുന്ന സർവീസ് യാർഡിലേക്ക് നമുക്ക് പ്രവേശനമുണ്ടായിരിക്കില്ല.
ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങിയ നമ്മുടെ വാഹനം സർവീസ് സെൻററിലേക്ക് കയറ്റിയാൽ പിന്നെ എന്തൊക്കെ ചെയ്യുന്നു. ഓയിൽ മാറ്റിയിട്ടുണ്ടോ, മറ്റ് അറ്റകുറ്റപ്പണികളൊക്കെ ചെയ്തിട്ടുണ്ടോ, നമ്മുടെ പുതിയ വാഹനത്തിെൻറ പുറമേ കാണാത്ത ഒട്ടനവധി വില പിടിച്ച ഇൻറീരിയർ വസ്തുക്കൾ (ഉദാ- ബാറ്ററി യൂനിറ്റ്) ഇവരെങ്ങാനും മാറ്റി പഴയത് തിരുകി വെച്ചുകാണുമോ തുടങ്ങിയ സംശയങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം ലഭിക്കാത്ത 'ഗ്വണ്ടനാമോ' ജയിലുകളുടെ അവസ്ഥയാണ് ഇതിനകം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. സർവീസ് അഡ്വൈസർ എന്ന് 'പേരുള്ള' ഒരാളുമായി വേണം പിന്നീട് വാഹനം തിരിച്ച് കിട്ടും വരെ നാം ബന്ധപ്പെടാൻ. ഒരു പുതിയ വാഹനം കമ്പനി സർവീസ് സെൻറിൽ ഏൽപിക്കുേമ്പാൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വാഹനം തിരികെ കിട്ടുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്നതുൾപ്പെടെ നിരവധി കാര്യങ്ങളുണ്ട്. ഇതൊന്നും കൃത്യമായി നോക്കാതെ അലസത കാണിച്ചാൽ പോക്കറ്റ് കീറുമെന്ന് മാത്രമല്ല, വണ്ടിയുടെ ആയുസിനൊപ്പം ഉടമയും ബോധം കെട്ട് ഐ.സി.യുവിൽ പോകേണ്ടി വരും.
'കമ്പനി സർവീസ് സെൻററിൽ കൊടുത്തേക്കല്ലേ പൊന്നേ, വണ്ടി ഒരു കോലമാക്കി കളയും, മര്യാദക്ക് ഒരു കഴുകിത്തരുക പോലുമില്ലന്നേ' എന്ന വാക്ക് കേട്ട് ഡീലർഷിപ്പിനു പുറത്താണ് വാഹനം സർവീസിന് കൊടുക്കുന്നതെങ്കിലും ശ്രദ്ധിക്കണം. ഇപ്പോൾ ഇറങ്ങുന്ന വണ്ടികൾ മിക്കതും ഫുള്ളി ഇലക്ട്രോണിക് സെൻസറുകളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. മഴ പെയ്യാൻ തുടങ്ങിയാൽ, ആദ്യ തുള്ളി ചില്ലിൽ വീഴുന്ന നിമിഷം മുതൽ ഓട്ടോമാറ്റിക് ആയി പ്രവർത്തനക്ഷമമാകുന്ന വൈപ്പറും, രാത്രികാലങ്ങളിൽ വാഹനം ഓഫ് ചെയ്ത് ഇഗ്നീഷനിൽ നിന്ന് കീ ഊരി ലോക്ക് ചെയ്ത് പുറത്തിറങ്ങി നിശ്ചിത സെക്കൻറ് നേരത്തേക്ക് ഹെഡ്ലൈറ്റ് ഓണായിത്തന്നെ കിടക്കുന്ന (ഇരുട്ടത്ത് വാഹനം നിർത്തി പുറത്ത് വീട്ടിലേക്ക് കയറുന്ന സമയം വരെ ലൈറ്റ് ഓണായി കിടന്നാൽ എന്ത് സൗകര്യമായിരിക്കുമെന്ന് വെറുതെ ചിന്തിച്ചാൽ മതി) സാങ്കേതിക വിദ്യ അടക്കം എത്രയോ ഫീച്ചറുകളാണ് ഇപ്പോഴിറങ്ങുന്ന വാഹനങ്ങളിൽ നിർമാതാക്കൾ നൽകുന്നത്.
പ്ലാസ്റ്റിക്, ഫൈബർ ഉൽപന്നങ്ങളും കാറുകളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് അറിയണമെങ്കിൽ വെറുതെ ഒന്ന് ബോണറ്റ് തുറന്നു നോക്കിയാൽ മതിയാകും. മുന്നിൽ നിന്നുള്ള ചെറിയൊരു ആഘാതംപോലും ഏറെ നാശനഷ്ടങ്ങളുണ്ടാക്കും. പെട്രോൾ, ഡീസൽ കാറുകളിലെല്ലാം ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉയർന്ന മർദത്തിൽ ഇന്ധനം കൈകാര്യം ചെയ്യുന്ന ഇവയുടെ ഘടകങ്ങൾക്കൊക്കെ വിപണിയിൽ നല്ല വിലയുണ്ടാകും. അതിനാൽ, ആവേശത്തള്ളലിൽ ഡീലർഷിപ്പിനു വെളിയിൽ റിപ്പയറിനു കൊടുക്കും മുൻപ് പരിചയസമ്പത്തും ആധുനിക വാഹനങ്ങൾ നന്നാക്കുന്നതിനുള്ള ഉപകരണങ്ങളും അവിടെ ഉണ്ടോ എന്ന് അന്വേഷിക്കണം. നിസ്സാരമെന്ന് പ്രത്യക്ഷ്യത്തിൽ തോന്നുമെങ്കിലും കാർ വാഷ് ചെയ്യുന്ന പ്രക്രിയ പോലും സൂക്ഷ്മതയോടെ പൂർത്തിയാക്കേണ്ടതാണ്. കാരണം എൻജിൻ ബേയിൽ അലക്ഷ്യമായി വെള്ളം കനത്ത പ്രഷറിൽ അടിക്കുന്നത് വിവിധ സെൻസറുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
ഓയിലും ഫിൽറ്ററും മാറുക. കൂളൻറ്, ബ്രേക്ക് ഫ്ലൂയിഡ് തുടങ്ങിയവയുടെ കുറവു നികത്തുക തുടങ്ങി ഏതു കാറിനും ലോക്കൽ വർക് ഷോപ്പിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ബോഡിയിലെ ചെറിയ പരുക്കുകളുടെ റിപ്പയറും പെയിൻറിങ്ങും ഇക്കൂട്ടത്തിൽ പെടുമെങ്കിലും മുൻപരിചയവും മുമ്പിവിടെ സർവീസിനു കൊടുത്ത കാറുടമകളുടെ അഭിപ്രായമറിഞ്ഞ ശേഷം കൊടുക്കുന്നതും വളരെ ഗുണം ചെയ്യും. സർവീസ് കമ്പനി ഡീലർഷിപ്പിലാണോ, പുറത്തുള്ള ലോക്കൽ വർക്ഷോപ്പിലാണോ ചെയ്യേണ്ടത്' എന്നത് വിവിധ സ്ഥലങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. ചിലയിടങ്ങളിൽ ഒരേ കമ്പനിയുടെ തന്നെ ഒന്നിലധികം വാഹന ഡീലർമാരുണ്ടാകും. ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നതിനാൽ മികച്ച സർവീസായിരിക്കും ഇവിടങ്ങളിൽ ലഭിക്കാൻ സാധ്യത. എന്നാൽ എല്ലാ വാഹനങ്ങൾക്കും പ്രാദേശികമായ ഈ ഭാഗ്യം കിട്ടണമെന്നില്ല. ചില വാഹനങ്ങൾക്ക് നാം താമസിക്കുന്ന പ്രദേശത്തോ എന്തിന് ജില്ലയിൽ പോലും സർവീസ് സെൻററുകൾ ഉണ്ടായിരിക്കില്ല എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.
വാറൻറി കാലയളവിൽ മെയിൻറൻസ് വർക്കുകൾ കമ്പനി സർവീസ് സെൻററിൽത്തന്നെ ചെയ്യണം എന്നതാണ് മിക്ക ഡീലർഷിപ്പുകളുടെയും പൊതുവായ പോളിസി. സെൻസറുകളുടെ ബാഹുല്യമുള്ള ആധുനിക വാഹനങ്ങൾ കൃത്യമായ ഉപകരണങ്ങൾ ഉപയോഗിച്ചു ചെയ്തില്ലെങ്കിൽ മിക്ക ഘടകങ്ങളുടെയും റിപ്പയർ 'വെളുക്കാൻ തേച്ചത് പാണ്ടായി'എന്ന ഗതിയിലാകും. ലോഹനിർമിതമല്ലാത്ത ഭാഗങ്ങളെകുറിച്ച് വ്യക്തമായ ധാരണയില്ലാത്തവർ അഴിച്ചെടുക്കാൻ ശ്രമിച്ചാൽ 'വെള്ളാനകളുടെ നാട്' സിനിമയിലെ പപ്പുവിെൻറ 'ചെറിയ സ്പാനറിങ്ങ് എടുക്ക്, ഇപ്പോ ശരിയാക്കിത്തരാം' പോലെ ആയിരിക്കും റിസൽട്ട്. ഊരിയിടാൻ എളുപ്പമുള്ള പല പാർട്സുകളും തിരിച്ച് അതേ സ്ഥാനത്ത് ഘടിപ്പിച്ചില്ലെങ്കിൽ ഉള്ള അവസ്ഥ പരിതാപകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. മിക്ക വാഹന നിർമാതാക്കളും തങ്ങളുടെ കാറുകൾക്കുള്ള ഒറിജിനൽ സ്പെയർ പാർട്സുകൾ പുറംവിപണിയിൽ ലഭ്യമാക്കുന്നതിൽ വിമുഖരാണ്. അൽപം ലാഭം നോക്കി യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജനെ വാങ്ങിയിട്ടാൽ വണ്ടി എപ്പോഴാണ് പണിമുടക്കുന്നതെന്നോ മറ്റെന്തെങ്കിലും അപകടമുണ്ടാകുമോ എന്നൊന്നും പറയാൻ പറ്റില്ല താനും. അപ്പോൾ വാറൻറി പരിരക്ഷ ഇല്ലെങ്കിൽപ്പോലും കമ്പനി സർവീസ് സെൻററിനെ പൂർണമായും മറക്കുന്നത് ആരോഗ്യകരമാകില്ല.
'മൊതലെടുക്കുവാണല്ലേ സജി'
വാറൻറി പീരിയഡ് തീരും വരെ കമ്പനി സർവീസ് സെൻററിനെ ആശ്രയിച്ചേക്കാം എന്ന് കരുതുന്നവരെ പരമാവധി 'മൊതലെടുക്കുന്ന' ചില ഡീലർഷിപ്പുകളാണ് മുഴുവൻ നിർമാതാക്കൾക്കും ചീത്തപ്പേരുണ്ടാക്കി വെക്കുന്നത്. രാവിലെ എട്ടുമണിക്ക് വാഹനം എത്തിച്ചാൽ അത് പരിശോധിച്ച് വാഹനം അവർ ഏറ്റെടുക്കുന്നതിന് വേണ്ടി പോലും ഏറെ സമയം കാത്തുകെട്ടി നിർത്തിക്കുക, ഇരിപ്പിട സൗകര്യം പോലും തരാതിരിക്കുക (അതൊക്കെ വാഹനം വാങ്ങാൻ വന്ന സമയത്ത് കിട്ടിയതല്ലേ, പണം കൊടുത്തുകഴിഞ്ഞാൽ പിന്നെ ഉപഭോക്താവ് അല്ല രാജാവ്), അതുപോലെ ചില സർവീസ് സെൻററുകൾ ടൗണിൽ നിന്ന് മാറി പ്രാന്ത പ്രദേശങ്ങളിലൊക്കെ ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ വാഹനം സർവീസിന് നൽകി തിരികെ ടൗണിലേക്ക് പോകുന്ന വാഹന ഉടമക്ക് കമ്പനി സൗജന്യമായി സൗകര്യം ഏർപ്പെടുത്തണമെന്ന വകുപ്പും സൗകര്യപൂർവം ഒഴിവാക്കാനും ചില ഡീലർഷിപ്പുകൾ ശ്രമിക്കുന്നുണ്ട്, കൊണ്ടുവിടാൻ ഡ്രൈവർമാർ ഇല്ലെന്നും വാഹനം ലഭ്യമല്ലെന്നും പറഞ്ഞാകും ഒഴിവാക്കാൻ ശ്രമം. സാധാരണക്കാരനായ കസ്റ്റർമർക്ക് മനസിലാകാത്ത വിധം ടെക്നികൽ വാചകങ്ങൾ നിരത്തി വാഹനത്തിന് അതുചെയ്യണം, ഇതുചെയ്യണം എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും പറഞ്ഞ സമയത്ത് സർവീസ് തീർത്ത് വാഹനം വിട്ടുനൽകാതിരിക്കുക, 'ഇവിടെ ഇങ്ങനൊക്കെയാണ്, വേണമെങ്കിൽ കൊണ്ടന്നാൽ മതി' എന്നിങ്ങനെ വളരെ മോശമായി സംസാരിക്കുന്നയിടത്തേക്ക് ഫ്രീ സർവീസായിട്ടുപോലും ഇനി പോകില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ അയാളെ കുറ്റം പറയാനൊക്കുമോ? വാറൻറി കിട്ടണമെങ്കിൽ സർവീസുകൾ കമ്പനി ഷോറൂമിൽ തന്നെ ചെയ്യണമെന്നത് അറിയാമായിട്ടും അത് ഒരാൾ വേണ്ടന്ന് തീരുമാനിച്ചുവെങ്കിൽ അത് തീർച്ചയായും ആ സർവീസ് സെൻററിെൻറ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
* 'കേറിവാടാ മക്കളേ'
നല്ല രീതിയിൽ ഉപഭോക്താക്കളോട് ഇടപെടുകയും കൃത്യമായി വാഹനത്തിെൻറ പ്രശ്നങ്ങൾ ഇന്നയിന്നതാണെന്ന് തെറ്റിദ്ധാരണ പരത്താത്ത വിധം പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന സർവീസ് സെൻററുകളുമുണ്ട്. പറയുേമ്പാ എല്ലാം പറയണമല്ലോ, കുറ്റം മാത്രം പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ ആർക്കാണ് ഇഷ്ടമുണ്ടാകുക. സർവീസ് കഴിഞ്ഞതിനു ശേഷവും സർവീസിംഗിനിടയിലും കസ്റ്റമറെ ബന്ധപ്പെട്ട് വിവരങ്ങൾ നൽകുന്നത് എന്തുമാത്രം ആശ്വാസമായിരിക്കും വിലയേറെ നൽകി വാങ്ങിയ വാഹനത്തിെൻറ ഉടമക്ക് അനുഭവപ്പെടുക. സർവീസിനുശേഷവും മുമ്പും വാഹനം സർവീസ് അഡ്വൈസർക്കൊപ്പം ഓടിച്ചു നോക്കി പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുകയും പരിഹരിച്ച ശേഷമുള്ള സ്മൂത്ത്നെസ് മനസിലാക്കിത്തരികയും ചെയ്യുന്ന ഷോറൂം, ഉപഭോക്താവ് വീണ്ടും തേടിച്ചെല്ലുക തന്നെ ചെയ്യും.
'എനിക്ക് പരാതിയുണ്ട്'; പറഞ്ഞോളൂ, ധൈര്യമായി
'നന്നായി കഴുകിയിട്ട് കൂടിയില്ല, അകവശമൊക്കെ കണ്ടേച്ചാലും മതി'. സർവീസ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് പലരുടെയും പരിശോധനയും കുറ്റം പറച്ചിലുമെന്നത് വ്യാപകമായി ഇവിടെ കണ്ടുവരുന്ന വിരോധാഭാസമാണ്. പണി കഴിഞ്ഞു എന്നറിയിച്ചാൽ നേരിട്ട് അവിടെയെത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കിയാൽ ഇത്തരം അസംതൃപ്തികളെ മറികടക്കാൻ ഒരുപരിധി വരെ സഹായിക്കും. എന്നാൽ മിക്കയിടത്തും ബില്ല് അടച്ചു കഴിഞ്ഞ ശേഷമേ സർവീസ് ചെയ്ത വാഹനം കാണാനാകൂ എന്നത് പോരായ്മയാണ്.
'അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ'
'ഒപ്പിട് ചേട്ടാ'. എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തരുന്ന പേപ്പറിലൊന്നും മനസിലായില്ലെങ്കിൽ ഒപ്പിടുകയേ ചെയ്യരുത്. കണ്ടീഷൻസ് അപ്ലൈ എന്ന കമ്പനി പോളിസി മിക്കവാറും പേപ്പറിെൻറ അടിയിൽ വളരെ ചെറുതായിട്ടായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. സർവീസിനായി കാർ ഏൽപ്പിക്കുമ്പോൾ, കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത്, സ്ഥലം വിടരുത്. എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം. സർവീസ് സെന്‍ററിലെ സേവനങ്ങളെക്കുറിച്ച് തൃപ്തിക്കുറവുണ്ടെങ്കിൽ പരാതിപ്പെടേണ്ടത് ആരോടാണെന്ന് അവിടെ എഴുതി പ്രദർശിപ്പിച്ചിരിക്കും. സർവീസിന് കൊടുക്കുമ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിപ്പെടാൻ മടിക്കരുത്.
'ദിസ് എൻജിൻ ഒൗട്ട് കംപ്ലീറ്റ്ലി'
ഡെലിവറി സമയത്ത് തന്നെ വാഹനം പൂർണമായും പരിശോധിച്ച് പൊട്ടലും തട്ടലും ഇല്ലെന്ന് ഉറപ്പു വരുത്തണം. പെയിന്‍റിങ്ങിലെ തകരാറ്, ട്രിമ്മിന്‍റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമാതാവിന്‍റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടാനും മടിക്കരുത്. പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെന്‍റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം. സർവീസ് അഡ്വൈസറുമായി കാർ ട്രയൽ എടുത്തു പരാതികൾ പരിഹരിക്കപ്പെട്ടോ എന്നു പരിശോധിക്കണം. എത്ര ചെറിയ കാര്യമാണെങ്കിലും സംശയം തോന്നിയാൽ ചോദ്യം ചെയ്യാൻ മടിക്കരുത്. റിപ്പയർ ബിൽ സൂക്ഷിച്ചുവയ്ക്കുക- ഒറിജനിൽ സ്പെയറുകൾക്കു കുറഞ്ഞത് ആറുമാസം വാറന്‍റിയുണ്ട്. മിക്ക നിർമാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്‍റി നൽകുന്നു. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്. ചെറിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ആദ്യത്തെ സർവീസിനു ശരിയാക്കിത്തരാം എന്ന വാഗ്ദാനത്തോടെ പറഞ്ഞുവിടാൻ ശ്രമിക്കാറുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കരുത്.
സർവീസ് വെറും 'കളിയല്ല'
പതിവു സർവീസിൽ ഒഴിവാക്കാൻ ആവശ്യപ്പെടാവുന്ന ഒന്നാണ് ടയറുമായി ബന്ധപ്പെട്ട പണികൾ. ടയർ റൊട്ടേഷൻ, വീൽ അലൈൻമെന്‍റ്, ബാലൻസിങ് എന്നിവ ഒരു നല്ല ടയർ സർവീസ് സെന്‍ററിൽ ചെയ്താൽ ചെലവും കുറഞ്ഞിരിക്കും പണി കണ്ടു ബോധ്യപ്പെടുകയും ചെയ്യാം. കാറിന്‍റെ പ്രവർത്തനത്തിൽ എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടെങ്കിൽ സർവീസിങ്ങിനു കൊടുക്കുമ്പോൾ ഉടമയുടെ സാന്നിധ്യത്തിൽ ട്രയൽ എടുക്കാൻ ആവശ്യപ്പെടണം. കുഴപ്പമെന്താണെന്നു കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധനയ്ക്കു ശേഷം വിവരം അറിയിച്ച് ഉടമയുടെ അനുവാദം വാങ്ങിയശേഷം മാത്രം റിപ്പയർ നടത്തുക എന്നതാണു പതിവുചട്ടം. ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്‍ററിൽ പോയി കണ്ടു ബോധ്യപ്പെടണം. മനസ്സിലാകാത്ത കാര്യം എന്തും വിശദീകരിക്കാൻ ആവശ്യപ്പെടാം. 'എനിക്കിതൊന്നും അറിഞ്ഞുകൂടാ എന്നു തോന്നുന്നതു കുറച്ചിലല്ലേ' എന്നു വിചാരിക്കരുത്. നമ്മളെല്ലാം സർവഞ്ജരായിട്ടല്ല പുതിയ വാഹനം എടുക്കുന്നത്. ശ്രീനിവാസൻ പഴയൊരു സിനിമയിൽ പറയും പോലെ യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും അറിയുന്നവരല്ലല്ലോ വണ്ടി എടുക്കുന്നവർ. ഏറെ ആഗ്രഹിച്ചും നിരവധി റിവ്യൂകൾ കണ്ട് സംതൃപ്തി തോന്നിയും എടുക്കുന്ന വാഹനം എടുത്തു കഴിഞ്ഞ് സർവീസിന് കയറ്റിയിറക്കുേമ്പാഴാണ് മിക്കവരും ടെൻഷൻ അടിക്കേണ്ടി വരുന്നത്. സർവീസ് സെൻററിലിരിക്കുന്നവർ, നമുക്ക് അറിയാത്ത എന്ത് വാചകമോ കാര്യമോ ആയിക്കൊള്ളട്ടെ, പറയുന്നത് എല്ലാം നാം അതേപടി വിഴുങ്ങാതിരിക്കുക, സംശയങ്ങൾ എന്തു തന്നെയാണേലും യാതൊരു നാണക്കേടും വിചാരിക്കാതെ തുറന്നു ചോദിക്കുക. അത്രയെങ്കിലും നാം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.