സൺറൂഫിൽ അപകടം പതിയിരിക്കുന്നു; വിപത്തിന്റെ ആകാശ കാഴ്ചകൾ തുറക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsസൺ റൂഫ് ഉള്ള വാഹനങ്ങളിൽ പുറത്തെ കാഴ്ചകൾ കാണുന്നതിനായി ഒന്നിലധികം കുട്ടികളെ വരെ സീറ്റിൽ കയറ്റി നിർത്തിക്കൊണ്ട് വാഹനം ഓടിച്ചു പോകുന്ന കാഴ്ചകൾ നമ്മുടെ നിരത്തുകളിൽ കാണാറുണ്ട്. തീർത്തും അപകടം നിറഞ്ഞ ഒന്നാണ് ഇത്തരത്തിലുള്ള പ്രവർത്തി.
വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. തെറിച്ചു പോയില്ലെങ്കിൽ കൂടി ബ്രേക്കിങ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫ് എഡ്ജിൽ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിനും ഇടയാക്കും.
മോട്ടോർ വാഹന നിയമം 194 (B) പ്രകാരം 14 വയസ്സിന് മുകളിൽ പ്രായമുള്ളവർ സീറ്റ് ബെൽറ്റും 14 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റോ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമോ ഒരു കാറിൽ സഞ്ചരിക്കുന്ന സമയത്ത് നിർബന്ധമായും ധരിക്കേണ്ടതുമാണ്. ചെറിയ വേഗതയിൽ കാറിൽ ശബ്ദശല്യമില്ലാതെ തന്നെ ശുദ്ധവായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും ചെറിയ മഴയോ മഞ്ഞോ ഉള്ള സന്ദർഭത്തിൽ കാഴ്ച ഭംഗിക്കും സൺറൂഫ് സഹായകരമാണ്.
നല്ല വെയിലുള്ളപ്പോഴും തിരക്കും, പൊടിയുംപുകയും നിറഞ്ഞ നഗര വീഥികളിലും ഇതിന്റെ ഉപയോഗം തുലോം കുറവാണ്. മാത്രവുമല്ല വേഗത കൂടിയ യാത്രകളിൽ വാഹനത്തിന്റെ എയ്റോ ഡൈനാമിക്സിൽ ഉണ്ടാകുന്ന മാറ്റം മൂലം അധിക ഇന്ധന നഷ്ടത്തിനും ഇത് കാരണമാകും.
ആഹ്ളാദകരമായ യാത്രകളിൽ പക്വതയില്ലാത്ത കുഞ്ഞുങ്ങളുടെ നിർബന്ധം മൂലം ഇത്തരത്തിലുള്ള അപകടകരമായ പ്രവർത്തികൾ തടയേണ്ടത് ഉത്തരവാദിത്വമുള്ള രക്ഷിതാക്കളുടെ കടമയാണെന്നും അധികൃതർ പറയുന്നു.
വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.