പുതുവർഷത്തിൽ സ്മാർട്ടായി കാർ വാങ്ങാം; വാഹനം വാങ്ങുമ്പോൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്
text_fieldsലോകം പൊതുവിൽ ഒരു കച്ചവട കേന്ദ്രവും പൊതുജനം അവിടത്തെ ഉപഭോക്താക്കളുമാണല്ലോ. ഉപഭോക്താക്കൾ അറിയരുതെന്ന് ഓരോ വിൽപ്പനക്കാരനും ആഗ്രഹിക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്. കാർ വാങ്ങുകയാണെങ്കിലും കാര്യങ്ങൾ അങ്ങിനെതന്നെ. ഇന്ത്യയിലെ വെറും ഏഴ് ശതമാനം വീടുകളിലാണ് നിലവിൽ കാറുകളുള്ളത്. വരും വർഷത്തിലും വാഹന വിപണി സജീവമായിരിക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്. ഒരു വാഹനം വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഓഫറുകൾ കണ്ണുമടച്ച് വിശ്വസിക്കരുത്
വാഹന നിർമാതാക്കൾ അവരുടെ കാറുകൾക്കായി പലതരം മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. വളരെ സങ്കീർണമായ ഓഫറുകളായി പല നിർമാതാക്കളും പരസ്യങ്ങളും നൽകാറുണ്ട്. എന്നാലിതിൽ പലതിലും ഉപഭോക്താവിന് ലഭിക്കുന്ന ലാഭം തുച്ഛമായിരിക്കും. ഓഫറുകളെപ്പറ്റി നന്നായി ഹോം വർക്ക് ചെയ്തശേഷമേ വാഹനം വാങ്ങാവൂ. ഓഫറുകളിൽ കുടുങ്ങി മോശം വാഹനം വാങ്ങാൻ ഇടവരാതെ ശ്രദ്ധിക്കണം. മിക്കപ്പോഴും തങ്ങളുടെ മോശം മോഡലുകൾ വിൽക്കാനുള്ള തന്ത്രമായിട്ടായിരിക്കും വാഹന കമ്പനികൾ ഓഫറുകൾ പ്രഖ്യാപിക്കുക. കമ്പനികൾ എടുത്തുകാണിക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ മാർക്കറ്റിങിനെ കണ്ണടച്ച് വിശ്വസിക്കരുത്.
സീറ്റിങ് കപ്പാസിറ്റി
എങ്ങിനേയും അവതരിപ്പിക്കാവുന്ന ഏറ്റവും വഴക്കമുള്ള ആശയങ്ങളിലൊന്നാണ് വാഹനങ്ങളിലെ സീറ്റിങ് കപ്പാസിറ്റി. ഇന്ത്യയിലെ മിക്ക കാറുകളും അഞ്ച് സീറ്ററുകളായാണ് വിപണനം ചെയ്യുന്നത്. എന്നാൽ മിക്കതും ശരിയായ നാല് സീറ്റർ മോഡലുകളാണെന്നതാണ് സത്യം. ഇത്തരം കാറുകളുടെ പിന്നിൽ മൂന്ന് മുതിർന്ന യാത്രക്കാർക്ക് സൗകര്യപൂർവം ഇരിക്കാൻ കഴിയില്ല. ഈ കാറുകളിൽ ഭൂരിഭാഗവും കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലാണ് വരുന്നത്.
കാർ നിർമാതാക്കൾ എം.പി.വി സെഗ്‌മെന്റിലെ ആളുകളെ അവരുടെ കാറുകളെ ഏഴ്, എട്ട് സീറ്റുകളായി പ്രമോട്ട് ചെയ്യുന്നതിലൂടെയും കബളിപ്പിക്കാറുണ്ട്. രാജ്യത്തെ മിക്ക സെവൻ സീറ്ററുകളും ഫൈവ് പ്ലസ് ടു സീറ്ററുകളാണ്. പുറകിൽ കുട്ടികൾക്കായിരിക്കും ഇരിക്കാനാവുക. അതിനാൽ ഒരു കാർ വാങ്ങുന്നതിന് മുമ്പ് സീറ്റിങ് കപ്പാസിറ്റി പരിശോധിക്കുന്നത് നല്ലതാണ്. അതായത് മൂന്നാമത്തെ നിരയിൽ മുതിർന്നയാളുകൾക്ക് ദീർഘദൂരം യാത്ര ചെയ്യാനാവുമോയെന്ന് ടെസ്റ്റ് ഡ്രൈവിലൂടെ അറിഞ്ഞിരിക്കണം. കമ്പനി പറയുന്ന വാക്ക് കേട്ട് ഇത്തരം കാര്യങ്ങൾ പരിശോധിക്കാതെ വാങ്ങിയാൽ ചിലപ്പോൾ തീർച്ചയായും ഭാവിയിൽ നിരാശപ്പെടേണ്ടി വന്നേക്കും.
മൈലേജ് പറയുന്നത് കിട്ടില്ല
ഇന്ത്യയിൽ കാർ വാങ്ങുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് ഇപ്പോഴും മൈലേജാണ്. അതിനാൽ കമ്പനികൾ തങ്ങളുടെ മോഡലുകളുടെ പരസ്യത്തിൽ ARAI മൈലേജ് കണക്കുകളെ എടുത്തു കാണിക്കാറുണ്ട്. എന്നാൽ സർട്ടിഫൈഡ് മൈലേജ് ഒരിക്കലും യഥാർഥ സാഹചര്യങ്ങളിൽ കിട്ടാറില്ല. ARAI മൈലേജ് പരിശോധിക്കുന്നത് പരന്ന റോഡുകൾ, എസി ഇല്ലാതെ തുടങ്ങിയ അനുയോജ്യമായ സാഹചര്യങ്ങളിലാണ്. ഇലക്ട്രിക് വാഹനങ്ങൾ ആണ് വാങ്ങുന്നതെങ്കിൽ റേഞ്ചിന്റെ കാര്യവും ഇതുതന്നെ. പറയുന്നതിന്റെ 70 ശതമാനം റേഞ്ച് മാത്രം ഇ.വികളിൽ പ്രതീക്ഷിച്ചാൽ മതി.
പെർഫോമൻസ്
പെർഫോമൻസ് ഒരു വഞ്ചനാപരമായ ആശയമാണ്. പരമ്പരാഗതമായി 'സിസി' ആണ് ഇന്ത്യയിൽ പെർഫൊമൻസിന്റെ മാനദണ്ഡം. എന്നാൽ ടർബോ പെട്രോൾ എഞ്ചിന്റെ വരവ് ആ സങ്കൽപ്പത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മാരുതി ബ്രെസ 1500 സിസി പെട്രോളുമായി വരുന്നു. ഇത്രയും വലിയ ശേഷി എഞ്ചിൻ ഉണ്ടായിരുന്നിട്ടും ഈ കോംപാക്‌ട് എസ്‌യുവി പക്ഷേ 103 bhp പവർ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. വെന്യു ടർബോ പെട്രോൾ 999 സിസി എഞ്ചിനിലാണ് വരുന്നത്. പക്ഷേ 117 bhp പവറാണ് നൽകുന്നത്. അതിനാൽ ബ്രോഷർ നമ്പറുകൾ മാത്രം പരിഗണിക്കാതെ കാർ നന്നായി ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ടത് പ്രധാനമാണ്. ശേഷി കുറഞ്ഞ ടർബോ എഞ്ചിനുകൾക്ക് റിഫൈൻമെന്റ് കുറവാണെന്ന ധാരണയും തെറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.