ഇ.വികൾക്ക് പരമാവധി റേഞ്ച് കിട്ടാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ; ഇനി സഞ്ചരിക്കാം, ആകുലതകളില്ലാതെ
text_fieldsനമ്മുടെ നാട്ടിൽ ഇ.വികൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പെട്രോൾ ഡീസൽ കാറുകളെപ്പോലെ ഇഷ്ടമനുസരിച്ച് സഞ്ചരിക്കാനാവില്ല എന്നതാണ് വൈദ്യുത വാഹനങ്ങളുടെ പ്രധാന പ്രശ്നം. 'ചാർജ് തീരുക' എന്ന പ്രതിഭാസം ഒാരോ ഇലക്ട്രിക് വാഹനങ്ങളേയും തുറിച്ചുനോക്കുന്നുണ്ട്. എങ്ങിനെയാണ് നാം ഇവികളുടെ റേഞ്ച് വർധിപ്പിക്കുക. ജ്വലന യന്ത്രങ്ങളുള്ള വാഹനങ്ങളെപ്പോലെ തന്നെയാണോ ഇ.വികളും കൈകാര്യം ചെയ്യേണ്ടത്?. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒാരോ ഇ.വിയുടേയും പരമാവധി റേഞ്ച് പുറത്തെടുക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. അന്തരീക്ഷ താപനില പോലും ഇ.വികളുടെ മൈലേജിനെ സ്വാധീനിക്കും. അത്തരം കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് പുറത്താണെങ്കിലും ഡ്രൈവിങ് ശൈലിയും വേഗതയും നിയന്ത്രിക്കുന്നത് റേഞ്ച്കൂട്ടും. ഇത്തരം അഞ്ച് കാര്യങ്ങൾ നമ്മുക്ക് പരിശോധിക്കാം.
1. സുഗമമായി ഡ്രൈവ് ചെയ്യുക
കാര്യക്ഷമമായ ഡ്രൈവിങ്ങിനുള്ള സാർവത്രികമായ ഉപായമാണ് സ്മൂത്ത് ഡ്രൈവിങ് അഥവാ സുഗമമായി ഒാടിക്കൽ. കഴിയുന്നത്ര രേഖീയമായി വാഹനം ഒാടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിങും ഒഴിവാക്കണം. നഗരനിരത്തിൽ 40-60 കിലോമീറ്റർ വേഗതയിലും ഹൈവേയിൽ 70-90 കിലോമീറ്റർ വേഗതയിലും ഡ്രൈവ് ചെയ്യുന്നതാണ് അഭികാമ്യം.
ട്രാഫിക്കിെൻറ ഒഴുക്ക് മുൻകൂട്ടി കണ്ട്, മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക. അൽപ്പാൽപ്പം ബ്രേക്ക് ചവിട്ടുകയും വാഹനം പതിയെ വേഗത കുറച്ച് നിർത്തുകയും ചെയ്യുക. ഇ.വികളിലെ റീജനറേറ്റീവ് ബ്രേക്കിങ് കാര്യക്ഷമമാകാൻ ഇത് സഹായിക്കും. മിക്ക ഇ.വികൾക്കും ഡ്രൈവ് മോഡുകൾ ലഭിക്കും. 'ഇക്കോ' മോഡിെൻറ പരമാവധി ഉപയോഗം റേഞ്ച് വർധിപ്പിക്കും. 'സ്‌പോർട്‌സ്' മോഡ് ഒാടിക്കാൻ ആവേശം നൽകുമെങ്കിലും റേഞ്ച് കുറക്കും. ഇന്ധനമൊഴിക്കുന്ന വാഹനങ്ങളിൽ നിന്ന് ഭിന്നമായി ഇ.വികൾക്ക് നഗരങ്ങളിലാവും റേഞ്ച് കൂടുതൽ കിട്ടുക. ഹൈവേകളിൽ വേഗത്തിൽ സഞ്ചരിക്കുന്നതുകൊണ്ടാകും, റേഞ്ച് കുറയും. നിലവിൽ നഗരയാത്രകൾക്കാണ് ഇ.വികൾ ഏറ്റവും അഭികാമ്യമായിട്ടുള്ളത്.
2. എ.സി ഉപയോഗത്തിലും ശ്രദ്ധവേണം
എ.സിയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കുന്നതും ഇ.വികളിലെ റേഞ്ച് ഉയർത്തും. എ.സി എപ്പോഴും 23-24 ഡിഗ്രി സെന്റിഗ്രേഡിൽ ക്രമീകരിക്കുന്നതാണ് നല്ലത്. സുഖപ്രദമായ കാബിൻ അന്തരീക്ഷം നിലനിർത്താനും ബാറ്ററിയിൽനിന്ന് കുറഞ്ഞ ഊർജ്ജം മാത്രം എടുക്കാനും ഇത് കാരണമാകും. വാഹനം പരമാവധി തണലുള്ള സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുക. ഇതും എ.സി പ്രവർത്തനം കുറക്കാനും റേഞ്ച് കൂട്ടാനും സഹായിക്കും.
3. ഇടയ്ക്കിടെ ചാർജ് ചെയ്യുക
ആരോഗ്യമുള്ള ബാറ്ററി കൂടുതൽ കാര്യക്ഷമമായിരിക്കും. പല നിർമ്മാതാക്കളും ബാറ്ററി 100 ശതമാനം ചാർജ്ജ് നിലയിലേക്ക് (എസ്.ഒ.സി) എത്തിക്കാൻ സ്ലോ ചാർജറുകൾ ഉപയോഗിക്കാനാണ് ഉപദേശിക്കുന്നത്. അതേസമയം ഫാസ്റ്റ് ചാർജറുകൾ സാധാരണയായി 20 മുതൽ 80 ശതമാനം വരെ അല്ലെങ്കിൽ 10 മുതൽ 90 ശതമാനം വരെ പെെട്ടന്ന് ചാർജ് ചെയ്യാൻ സഹായിക്കും. മിക്ക ഇ.വികളിലും അവസാന 10-15 ശതമാനം ചാർജ് ചെയ്യുന്ന വേളയിൽ വാഹനത്തിന്റെ ഓൺ-ബോർഡ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS)ചാർജ്ജിങ് വേഗത കുറയ്ക്കുന്നു. ഇത് ബാറ്ററിയിൽ ഉൽപ്പാദിപ്പിക്കുന്ന താപം കുറയ്ക്കുന്നതിനും സെല്ലുകളിൽ പരമാവധി ഊർജ്ജം വിതരണം ചെയ്യുന്നതിനും വേണ്ടിയാണ്.
ഇ.വികൾ ഫുൾ ചാർജ് ചെയ്യുന്നതാണ് എപ്പോഴും മികച്ച റേഞ്ച് കിട്ടാൻ നല്ലത്. അത് ഒരിക്കലും 90 ശതമാനത്തിലോ 95 ശതമാനത്തിലോ അവസാനിപ്പിക്കരുത്. കുറച്ച് സമയമെടുത്താലും ബാറ്ററി പൂർണമായി ചാർജ് ചെയ്യണം. ഇനി ഫാസ്റ്റ് ചാർജ് ചെയ്യുന്നവരും ഇടയ്ക്കിടെ സാധാരണ ചാർജർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചാർജ് തീർന്നതുവരെ ബാറ്ററി ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതും നല്ലതാണ്. കാർ ഇടയ്ക്കിടെ സർവീസ് ചെയ്യുന്നുണ്ടെന്നും വാഹനത്തിന്റെ സോഫ്റ്റ്‌വെയർ നിർമ്മാതാവിന്റെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കും ശുപാർശകൾക്കും അനുസൃതമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
4. ടയർ പ്രഷർ ശ്രദ്ധിക്കണം
ആന്തരിക ജ്വലന എഞ്ചിനുള്ള വാഹനം പോലെ ടയർപ്രഷർ ഇവികളിലും പ്രധാനമാണ്. ടയർ മർദ്ദം കൃത്യമായി നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. കൃത്യമായി വായുനിറച്ച ടയറുകൾ റോളിങ് പ്രതിരോധം കുറയ്ക്കുന്നതിലൂടെ റേഞ്ച് വർധിപ്പിക്കും. എയർ കൂടിയാൽ അത് ബ്രേക്കിങിനെ ബാധിക്കുകയും റൈഡ് ഗുണനിലവാരം കുറക്കുകയും ചെയ്യും. കുറഞ്ഞ മർദ്ദത്തിൽ പ്രവർത്തിക്കുന്ന ടയറുകൾക്ക് റോളിംഗ് പ്രതിരോധം വളരെ കൂടുതലായിരിക്കും. അതിനാൽ, നിർമ്മാതാവ് ശുപാർശ ചെയ്യുന്ന ടയർ മർദ്ദത്തിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലത്.
5. ഭാരം കുറയ്ക്കൽ
ഉയർന്ന ഭാരം ഏതൊരുവാഹനത്തിേൻറയും കാര്യക്ഷമത കുറയ്ക്കും. ഇ.വികൾക്കും അത് ബാധകമാണ്. യാത്രക്കാരുടെ എണ്ണം സീറ്റുകളുടെ എണ്ണത്തിൽ ഒരിക്കലും കൂട്ടാതിരിക്കുക. യാത്രക്കാരെ കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ അനാവശ്യമായി ബൂട്ടുകളിലോമറ്റോ സൂക്ഷിച്ചിരിക്കുന്ന ഭാരം ഒഴിവാക്കുക. കൂടാതെ, കാറിന് ഭാരം കൂട്ടുന്ന ബുൾ ബാറുകൾ, റൂഫ് റാക്കുകൾ, ആഫ്റ്റർ മാർക്കറ്റ് റൂഫ് സ്‌പോയിലറുകൾ തുടങ്ങിയവയും മറ്റും ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിർമാതാക്കൾ പറയുന്ന റേഞ്ചിന് അടുത്ത് ഇ.വികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. അപ്പോഴും എ.ആർ.എ.െഎ റേറ്റിങിൽ പറയുന്ന റേഞ്ച് വൈദ്യുത വാഹനങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. കാരണം അത്രയും െഎഡിയൽ ആയ സാഹചര്യങ്ങളിലാണ് ഇ.വികളിലെ റേഞ്ച് ടെസ്റ്റ് നടക്കുന്നത്. തൽക്കാലം റോഡുകളിലുള്ളത് അത്തരം സാഹചര്യങ്ങളല്ല തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.