സ്റ്റേഷന്‍ കയറിയിറങ്ങാതെ ജി.ഡി എന്‍ട്രി കിട്ടും; ‘പോല്‍ ആപ്പി’ൽ സേവനം തികച്ചും സൗജന്യം
text_fieldsവാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പൊലീസിന്റെ ജിഡി എൻട്രി ആവശ്യമായി വരാറുണ്ട്. വലിയ ക്ലൈം ആണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ചിലപ്പോഴൊക്കെ ജിഡി എൻട്രി നിർബന്ധമായി ആവശ്യപ്പെടാറുണ്ട്. ജിഡി എൻട്രി ലഭിക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങണമെന്ന് കാരണം കൊണ്ട് പലപ്പോഴും ആളുകൾ ഇത് വേണ്ടെന്ന് വയ്ക്കുന്നത്.
എന്നാൽ ഇനി ആക്‌സിഡന്റ് ജിഡി എൻട്രി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും. സ്റ്റേഷനിൽ വരാതെ തന്നെ ജിഡി എൻട്രി ലഭ്യമാക്കുന്നതിനുള്ള സൗകര്യം കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ സേവനം തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. ആദ്യം പോല്‍ ആപ്പ് ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി. സ്ഥിരീകരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന്, ആപ്പിലെ സര്‍വീസസ് എന്ന സേവനത്തില്‍ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. സേവനം തിരഞ്ഞെടുക്കണം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതിയാകും.
ഒന്നാംഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന്, തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണം. ഇതിനുശേഷം അപകടത്തിന്റെ വിവരം നല്‍കുകയും അപകടത്തിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യണം. വാഹനത്തിന്റെ വിവരങ്ങള്‍കൂടി നല്‍കിയശേഷം അപേക്ഷാസമര്‍പ്പണം നടത്താം.
അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ജി.ഡി. എന്‍ട്രി അനുവദിക്കും. പിന്നീട് ഇത് ആപ്പില്‍നിന്ന് ആവശ്യാനുസരണം പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ പൊലീസ് ആവശ്യപ്പെടുന്നപക്ഷം വാഹനം പരിശോധിച്ചശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചെറിയ അപകടങ്ങള്‍, വാഹനങ്ങളുടെ കേടുപാടുകള്‍ എന്നിവയുടെ ഇന്‍ഷുറന്‍സിന് ജി.ഡി. എന്‍ട്രിമാത്രം മതിയാവും. വലിയ അപകടങ്ങള്‍, ഗുരുതരമായ പരിക്കുകള്‍, മരണങ്ങള്‍ എന്നിവ നടന്നാല്‍ ഇന്‍ഷുറന്‍സിന് ജി.ഡി. എന്‍ട്രി മാത്രം പോരാ. പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം നടത്തേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് പറയുന്നു. പോല്‍ ആപ്പിലെ ഈ സേവനം ഇതിനോടകം 55,000-ത്തിലധികം പേര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.