അനുയോജ്യമായ വൈദ്യുത സ്കൂട്ടറുകൾ തെരഞ്ഞെടുക്കണോ?; ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsരാജ്യത്തെ വിപണിയിൽ രണ്ട് തരം ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. ഉയർന്ന വേഗതയുള്ളതും കുറഞ്ഞ വേഗതയുള്ളതുമായ മോഡലുകളാണത്. നിലവിൽ ഉപഭോക്താവ് അനുഭവിക്കുന്ന പ്രധാന പ്രശ്നം വിപണിയിലെ ഉത്പന്ന ലഭ്യതയിലെ ധാരാളിത്തമാണ്. പരമ്പരാഗത ബൈക്കുകളെപ്പോലെ സമാനമായ സ്വഭാവസവിശേഷതകളുള്ള വാഹനങ്ങളല്ല വൈദ്യുത വിഭാഗത്തിൽ വരുന്നതെന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്. പെട്രോൾ ബൈക്കുകളെ നമ്മുക്ക് വിവിധ കാറ്റഗറികളിൽപെടുത്തുക എളുപ്പമാണ്. എഞ്ചിന്‍റെ കരുത്തോ മൈലേജോ ഒക്കെ പരിഗണിച്ച് ഇവയെ വർഗീകരിക്കാനാവുമായിരുന്നു. എന്നാൽ ൈവദ്യുത ഇരുചക്ര വാഹനങ്ങൾ അവയുടെ അലകിലും പിടിയിലും അത്രമേൽ വ്യത്യസ്തമാണ്.
വൈദ്യുത ഇരുചക്ര വാഹനങ്ങളെ മൊത്തത്തിൽ രണ്ടുവിഭാഗങ്ങളായി തിരിക്കാം. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ഉയർന്ന വേഗതയുള്ളതും കുറഞ്ഞ വേഗതയുള്ളതുമായ ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. കുറഞ്ഞ വേഗതയുള്ള സ്കൂട്ടറുകൾക്ക് ആർടിഒ, ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയവയൊന്നും ആവശ്യമില്ല. അവയുടെ വേഗത 25 കിലോമീറ്ററിനുള്ളിൽ പരിമിതമായിരിക്കും. എന്നാൽ ഉയർന്ന വേഗതയുള്ള ബൈക്കുകൾക്ക് എല്ലാത്തരം രേഖകളും ആവശ്യമാണ്. ലോ-സ്പീഡ് സ്കൂട്ടറുകൾക്ക് 250 വാട്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ഒരൊറ്റ ചാർജിൽ 65-85 കിലോമീറ്റർ ദൂരം ഓടിക്കാൻ കഴിയും. ഉയർന്ന വേഗതയുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ വില അൽപ്പം കുറവുമാണ്.
രൂപകൽപ്പന
ഒരു കാറോ മോട്ടോർ സൈക്കിളോ സ്‌കൂട്ടറോ ആകട്ടെ, ഏത് വാഹനത്തിേന്റയും ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ കാര്യമാണ് രൂപകൽപ്പന മികവ്. ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഇത് ബാധകമാണ്. ധാരാളം ലെഗ് സ്‌പെയ്‌സും ബൂട്ട് സ്റ്റോറേജുമുള്ള സ്റ്റൈലിഷ് സ്‌കൂട്ടറുകൾ ഇന്ന് ലഭ്യമാണ്. വാഹനത്തിന്‍റെ ഭംഗിയോടൊപ്പം ഇക്കാര്യവും ശ്രദ്ധിക്കുക. പരുക്കൻ റോഡുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സ്കൂട്ടറുകൾക്ക് കഴിയുമോ എന്നും ബിൽഡ് ക്വാളിറ്റി മികച്ചതാണോ എന്നും ഉറപ്പുവരുത്തണം. ബാറ്ററികൾ ഐപി 65/67 നിലവാരത്തിൽ സംരംക്ഷിക്കുന്നവയാണോ എന്ന് പരിശോധിക്കുക. ഇത് വെള്ളം കയറുന്നതിൽ നിന്ന് ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും.
സവിശേഷതകൾ
പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകളെപോലെ ഇലക്ട്രിക് വാഹനങ്ങളും ഓൺബോർഡിൽ നിരവധി സവിശേഷതകളുമായാണ് വരുന്നത്. സ്പീഡ് ലോക്കിങ് സിസ്റ്റം, ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇ-എബിഎസ്, ഡിസ്ക് ബ്രേക്കുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളും ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നില്ല. വാങ്ങാൻ ആഗ്രഹിക്കുന്ന മോഡലിന് ലഭ്യമായ സവിശേഷതകളുടെ പട്ടിക പരിശോധിക്കുകയും പരമാവധി പ്രത്യേകതകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
റേഞ്ച് അഥവാ മൈലേജ്
ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ പരിശോധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് റേഞ്ച് അഥവാ മൈലേജ്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകൾ വ്യത്യസ്ത തരത്തിൽ ലഭ്യമാണ്. കുറഞ്ഞ വേഗതയുള്ളവയും അതിവേഗ മോഡലുകളും ഇതിലുണ്ട്. വേഗത കുറഞ്ഞ മോഡലുകൾക്ക് 85 കിലോമീറ്റർവരെ റേഞ്ച് ലഭിക്കുന്നുണ്ട്. ഉയർന്ന വേഗതയുള്ളവക്ക് 140 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. ഇലക്ട്രിക് സ്കൂട്ടറുകൾ പൊതുവെ നഗര യാത്രയ്ക്ക് വേണ്ടിയുള്ളതാണെന്ന് എപ്പോഴും ഓർമ്മിക്കുക.
ഇലക്ട്രിക് ബാറ്ററി
ലെഡ് ആസിഡ്, ലിഥിയം അയൺ ബാറ്ററി വേരിയന്‍റുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്. ലെഡ്-ആസിഡ് ബാറ്ററി മോഡലുകൾ മലിനീകരണം തീരെ ഉണ്ടാക്കാത്തതാണ്. പക്ഷേ പ്രവർത്തനം അവസാനിപ്പിച്ച് ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ ഇവ മറ്റേതൊരു മാലിന്യത്തെപ്പോലെയും അപകടകാരിയാണ്. ലെഡ്-ആസിഡ് ബാറ്ററികളേക്കാൾ കാര്യക്ഷമമാണ് ലിഥിയം അയൺ ബാറ്ററികൾ. രണ്ട് തരം ബാറ്ററികളുടേയും വിലയിൽ വ്യത്യാസമുള്ളതും ശ്രദ്ധിക്കണം.
ചാര്ജ് ചെയ്യുന്ന സമയം
ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററികൾ പൂർണ്ണമായും ചാർജ് ആകാൻ സാധാരണയായി 5 മണിക്കൂർ വരെ സമയമെടുക്കും. ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ ചാർജിംഗ് സമയം എത്രയാണെന്ന് പരിശോധിക്കുക. കുറഞ്ഞ ചാർജിങ് സമയം ഉള്ള വാഹനങ്ങളാണ് മികച്ചതും പ്രായോഗികവും. ഹൈസ്പീഡ് ചാർജിങ് ലഭ്യമാണോ എന്നും അേന്വഷിക്കുക. സ്വാപ്പബിൾ ബാറ്ററി അഥവാ നീക്കം ചെയ്യാവുന്ന ബാറ്ററികൾ ആണോ എന്നതും പ്രധാനമാണ്. നീക്കം ചെയ്യാവുന്നവയാണെങ്കിൽ കൂടുതൽ പ്രായോഗികമാണ്.
വേഗത
ഇലക്ട്രിക് സ്കൂട്ടർ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അവയുടെ വേഗതയാണ്. ഉയർന്ന വേഗതയുള്ളവക്ക് റേഞ്ച് കുറവായിരിക്കും. റേഞ്ചും വേഗതയും സമാസമം ചേരുന്ന വാഹനങ്ങൾ തെരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. അതുപോലെ കമ്പനി പറയുന്ന റേഞ്ച് എത്ര വേഗത്തിലാണ് ലഭിക്കുന്നതെന്നും ചോദിച്ച് മനസിലാക്കുക. ചില നിർമാതാക്കൾ റേഞ്ച് പറയുേമ്പാൾ വളരെക്കൂടുതലായിരിക്കും. പക്ഷെ അത് 30-40 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുേമ്പാൾ മാത്രമായിരിക്കും എന്നത് അവർ പറയാറില്ല. വേഗത കൂടുംതോറും റേഞ്ച് കുത്തനെ ഇടിയുന്നതും സാധാരണയാണ്.
വില
ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോഴും വിലയിൽ ഏറെ ജാഗ്രതയുള്ളവരാണ്. ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ എല്ലായ്പ്പോഴും അതിന്‍റെ വില പരിശോധിക്കുക. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള വൈവിധ്യമാർന്ന മോഡലുകൾ മത്സര വിലനിർണ്ണയ ശ്രേണിയിൽ വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.