'കണ്ണാടി നന്നായാൽ ചങ്ങാതി വേണ്ട'; വാഹനങ്ങളിലെ റിയർവ്യൂ മിററുകൾ ക്രമീകരിക്കേണ്ടവിധം ഇതാണ്
text_fieldsഒരു വാഹനത്തിൽ ഏറ്റവും പ്രാധാന്യമുള്ള വസ്തുക്കൾ എണ്ണുമ്പോൾ നാം ഒരിക്കലും പറയാൻ സാധ്യതയില്ലാത്ത ഒന്നാണ് റിയർവ്യൂ മിററുകൾ. എന്നാൽ വാഹനയാത്രകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഈ കണ്ണാടികൾ എന്ന് നമ്മുക്കറിയാം. ഒരു വാഹനത്തിന്റെ പിന്നിലെ കണ്ണുകളാണ് റിയർവ്യൂമിററുകൾ. ഈ കാഴ്ച്ച മറഞ്ഞാൽ വലിയ അപകടമാകും നമ്മെ കാത്തിരിക്കുന്നത്. റിയർവ്യൂ മിററുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊലീസ് ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം താഴെ.
വാഹനമോടിക്കുമ്പോൾ പുറകിലും വശങ്ങളിലും നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്നുനോക്കാൻ ചങ്ങാതിമാരോട് (സഹയാത്രികരോട്) പറയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വാഹനത്തിലെ കണ്ണാടി ശരിയായിക്രമീകരിച്ചാൽ ചങ്ങാതിയെക്കൊണ്ട് ചുറ്റുപാടും നോക്കിക്കേണ്ടി വരില്ല.
വശങ്ങളിലൂടേയും പുറകേയും വരുന്ന വാഹനങ്ങളെ കണ്ട് സുരക്ഷിതമായി വാഹനമോടിക്കാനാണ് കണ്ണാടികൾ. വാഹനത്തിൽ കയറിയാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് കണ്ണാടിയുടെ ക്രമീകരണം. ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്റെസ്റ്റിൽ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാൻ. ഹെഡ്റെസ്റ്റിൽ തലചായ്ച്ചശേഷം തല തിരിച്ചാൽ മൂന്ന് കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷൻ.
കണ്ണാടികൾ ക്രമീകരിക്കേണ്ടത് ...
ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാൽഭാഗം ആകാശം (മേൽപ്പോട്ട്) കാണാനും മുക്കാൽ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാൽ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം. ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ മിററുകൾ അഡ്ജസ്റ്റ് ചെയ്താൽ, തലയുടെ തിരിവുകൾകൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.