ഡ്രൈവിങ് ഇന്‍റർനാഷനലാക്കണോ?; തട്ടിപ്പിന് ഇരയാകാതെ നോക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsഇന്‍റർനാഷനൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ലളിതമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോയാൽ മതി. ഓൺലൈനായി അപേക്ഷിച്ച് ചില രേഖകൾ ഹാജരാക്കിയാൽ ലൈസൻസ് ലഭ്യമാകും. ഇതിന്‍റെ നടപടിക്രമങ്ങൾ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗികസൈറ്റിൽ വിവരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം.
ജോലിക്കും വിസിറ്റിങ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ പോലുമാവൂ. എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനൽ ലൈസൻസ് (നമ്മുടെ ലേണേഴ്സ്) ലഭിച്ചാലേ ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുകയും വേണം വിദേശത്ത് ചെന്നാലുടനെ ലൈസൻസ് എടുക്കാമെന്ന് കരുതുകയേ വേണ്ട.
ഇന്‍റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്
ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ വ്യത്യസ്തമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുമ്പ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ആറ് മാസം വരെ ഉപയോഗിക്കാം. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയിൽ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന്റെ പ്രസക്തി. ഇന്ത്യയിൽ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിങ് ലൈസൻസുള്ളയാളിന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (ഐഡിപി) അപേക്ഷിക്കാം.
അപേക്ഷകന്റെ മേൽവിലാസം ഏത് ആർടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുൻപ്. എന്നാലിപ്പോൾ ഓൺലൈൻ – ഓഫ്ലൈൻ രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷ സമർപ്പിക്കാൻ വേണ്ട രേഖകൾ:
. സാധുവായ ഡ്രൈവിങ് ലൈസൻസ്
. സാധുവായ ഇന്ത്യൻ പാസ്പോർട്ട്
. സന്ദർശിക്കുന്ന രാജ്യത്തിന്റെ വീസ
. പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്
അപേക്ഷിക്കേണ്ടത് എങ്ങനെ?
പരിവാഹൻ വെബ്സൈറ്റിൽ 'സാരഥി' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ 'അപ്ലൈ ഓൺലൈൻ' ക്ലിക് ചെയ്യുമ്പോൾ 'സർവീസസ് ഓൺ ഡ്രൈവിങ് ലൈസൻസ്' ലഭിക്കും. ഇതിൽ 'ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്' സെലക്ട് ചെയ്ത് രേഖകൾ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിർദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക. തുടർന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസൻസിലെ വിലാസമുള്ള സ്ഥലത്തെ ആർടി ഓഫിസിനെ സമീപിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഇവിടെ നിന്ന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് അനുവദിക്കും.
ഒരു വർഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങൾ ആറ് മാസമേ അനുവദിക്കുന്നുള്ളൂ. എന്നാൽ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസൻസ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയിൽ ഏത് വാഹനം ഓടിക്കാനാണോ ലൈസൻസ് ഉള്ളത് അതേ ഗണത്തിൽ പെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.
ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടമൊബീൽ അസോസിയേഷനുകളുടെയും മറ്റും പേരിൽ ഓൺലൈനിൽ കിട്ടുന്ന ലൈസൻസ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.