നിങ്ങളുടേത് മാനുവൽ കാർ ആണോ? ഇവ ഒഴിവാക്കിയില്ലെങ്കിൽ 'പണി' കിട്ടും
text_fieldsകാർ ഓടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഓരോരുത്തരുടേയും ഡ്രൈവിങ് രീതികളും വ്യത്യസ്തമാണ്. എന്നാൽ, മാന്യമായി വാഹനം ഓടിക്കുകയും ശരിയായ ഡ്രൈവിങ് രീതികൾ ശീലമാക്കേണ്ടതും ഇതിൽ പ്രധാനമാണ്. മാനുവൽ കാർ ഓടിക്കുന്നത് ഓട്ടോമാറ്റിക് കാറിനേക്കാൾ ബുദ്ധിമുട്ടാണെന്നത് എല്ലാവർക്കും അറിയാം.
അതിനാൽ, നിങ്ങൾ മാനുവൽ ഗിയർ ബോക്സുള്ള കാർ ഓടിക്കുന്ന ആളാണെങ്കിൽ പിൻതുടരേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ സുരക്ഷയും വാഹനത്തിന്‍റെ ആയുസ്സും ഇതിൽ ബന്ധപ്പെട്ടിരിക്കുന്നു. മാനുവൽ കാർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ഗിയർ ഷിഫ്റ്ററിൽ അനാവശ്യമായി കൈ വെക്കരുത്
ഗിയർ ഷിഫ്റ്ററിൽ കൈ വെച്ച് വാഹനം ഓടിക്കുന്നത് പലരുടെയും ശീലമാണ്. കൈയുടെ വിശ്രമ സ്ഥലമായാണ് ഗിയർ ഷിഫ്റ്ററിനെ ചിലർ കണക്കാക്കുന്നത്. എന്നാൽ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഈ തെറ്റ് ട്രാൻസ്മിഷൻ സിസ്റ്റത്തെ തകരാറിലാക്കും. ഗിയർ ബോക്സിന് അനാവശ്യമായ തേയ്മാനം ഉണ്ടാക്കുകയും ഇത് ചെലവേറിയ
അറ്റകുറ്റപ്പണികൾക്ക് കാരണമാവുകയും ചെയ്യും. രണ്ട് കൈകളും സ്റ്റിയറിങ് വീലിൽ വെച്ച് ഗിയർ മാറ്റുമ്പോൾ മാത്രം ഗിയർ ഷിഫ്റ്ററിൽ തൊടുന്നത് ശീലമാക്കുക.
ക്ലച്ച് പെഡലിൽ കാൽ വെച്ച് വാഹനം ഓടിക്കരുത്
ക്ലച്ച് പെഡലിൽ കാൽ വെച്ച് വാഹനം ഓടിക്കുന്നത് ക്ലച്ചിന് അമിതമായ തേയ്മാനം ഉണ്ടാക്കും. ഈ രീതി ക്ലച്ചിനെ ചൂടാക്കി വേഗത്തിൽ തകരാറിലാക്കും. ക്ലച്ചിന്‍റെ ആയുസ്സ് ഇതിലൂടെ കുറയും. ഗിയർ മാറ്റി കഴിഞ്ഞാൽ
ക്ലച്ച് പെഡലിൽ നിന്ന് കാൽ പൂർണമായി ഒഴിവാക്കണം. ക്ലച്ച് പെഡലിന്‍റെ ഇടതുവശത്തുള്ള വിശ്രമ ഭാഗത്തോ കാറിന്‍റെ തറയിലോ കാൽ വെക്കുക.
ക്ലച്ച് പെഡൽ പൂർണമായി അമർത്താതെ ഗിയർ മാറ്റരുത്
പല ഡ്രൈവർമാരും ക്ലച്ച് പൂർണ്ണമായി ഉപയോഗിക്കാതെ ഗിയർ മാറ്റാറുണ്ട്. ക്ലച്ച് മുഴുവനായി അമർത്താതെയാണ് ഗിയർ മാറ്റിയതെന്ന് ഗിയർ ബോക്സിനുള്ളിലെ ശബ്ദത്തിലൂടെ വാഹനത്തിനുള്ളിൽ ഇരിക്കുന്നവർക്കും പോലും മനസ്സിലാക്കാം.
ഗിയർബോക്‌സിന് സാരമായ തകരാറുകൾ ഇതിലൂടെ ഉണ്ടാവും. വലിയ തുക പിന്നീട് സർവ്വീസിനായി നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരും. അതിനാൽ ഗിയർ മാറ്റുന്നതിന് മുമ്പ് ക്ലച്ച് പെഡൽ പൂർണ്ണമായും താഴ്ത്തിയെന്ന് ഉറപ്പുവരുത്തുക.
അമിതമായുള്ള ആക്സിലേറ്റർ ഉപയോഗം
ശബ്ദമാറ്റത്തിനായി പല കാറുകളിലും സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റുകൾ സജ്ജീകരിച്ചിരിക്കുന്നത് ഇപ്പോൾ പതിവാണ്.നിർത്തിയിടുന്ന അവസരങ്ങളിൽ പോലും ആക്സിലേറ്റർ ചവിട്ടി ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്നത് പലപ്പോഴും കാണാം.
കാർ നിശ്ചലമായ അവസ്ഥയിൽ ഇങ്ങനെ ചെയ്യുന്നത് എൻജിനെയടക്കം പല ഘടകങ്ങളെയും ബാധിക്കും. ഇത് പിന്നീട് വലിയ അറ്റകുറ്റപ്പണിയിലേക്കാണ് നയിക്കുക.
ബ്രേക്കിങിനായി ഗിയർ ഡൗൺഷിഫ്റ്റ് ചെയ്യരുത്
ഗിയർ ഡൗൺഷിഫ്റ്റ് ചെയ്ത് വാഹനത്തിന്‍റെ വേഗത കുറക്കുന്നത് ബ്രേക്കിങിന് സമാനമായ പ്രവർത്തനമാണ് നിർവ്വഹിക്കുന്നത്. എഞ്ചിൻ ബ്രേക്കിങ് എന്നും ഇത് അറിയപ്പെടുന്നു. ചില സാഹചര്യങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് ഒരു ട്രിക്ക് ആയിരിക്കാം.
എന്നാൽ ഈ ശീലം സാധാരണ ബ്രേക്കിങ് രീതിയായി പിന്തുടരരുത്. ട്രാൻസ്മിഷനിലും ക്ലച്ചിലും അമിതമായ തേയ്മാനത്തിന് ഇത് കാരണമാവും. വാഹനത്തിന്റെ വേഗത കുറക്കാനും പൂർണ്ണമായി നിർത്താനും എപ്പോഴും ബ്രേക്ക് പെഡലുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.