അടുത്ത വർഷം പുതിയ കാർ വാങ്ങാനിരിക്കുകയാണോ? കാത്തിരിക്കുന്നത് വൻ വിലക്കയറ്റം -കാരണങ്ങൾ ഇങ്ങിനെ
text_fieldsപുതിയ കാർ വാങ്ങണമെന്ന് മനസിലുണ്ടോ? അടുത്ത വർഷം വാങ്ങാമെന്ന് കരുതിയിരിക്കുകയാണോ? തീരുമാനം പുനരാലോചിക്കാൻ ചില കാരണങ്ങൾ പറയാം. അടുത്ത വർഷം രാജ്യത്തെ വാഹനവിലയിൽ വർധനവുണ്ടാകാനുള്ള നല്ല സാധ്യതയുണ്ട്. നിരവധി കാരണങ്ങൾ ഇതിനായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വാഹന വില തുടർച്ചയായി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഇന്ത്യയിലുള്ളത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത തുടരാണ് സാധ്യത. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം വർധിച്ചുവരുന്ന നിർമാണ ചെലവുകളാണ് മറ്റൊരു വെല്ലുവിളി. മറ്റൊരു പ്രശ്നം ആഗോള ചിപ്പ് ഷാമമാണ്. ഇതെല്ലാം കാരണം എല്ലാ ഓട്ടോ ബ്രാൻഡുകളും ഓരോ പാദത്തിലും തങ്ങളുടെ ലൈനപ്പിന്റെ വില പതിവായി പരിഷ്കരിക്കുന്നുണ്ട്. എന്നാലിത്തരം താൽക്കാലിക പ്രശ്നങ്ങൾ പരിഹരിച്ചാലും അടുത്ത വർഷം വാഹനങ്ങളുടെ വില കാര്യമായി വർധിക്കുകതന്നെ ചെയ്യും. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.
ഭാരത് സ്റ്റേജ് പരിഷ്‍കരണം
അടുത്ത വർഷം പുതിയ കാർ, ബൈക്ക് വിലകൾ വർധിച്ചേക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതാണ്. ഏപ്രിലിലാണ് ഈ നിയമം നടപ്പിൽവരിക. യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ബിഎസ് 6 ന്റെ രണ്ടാം ഘട്ടത്തിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരിക്കിലാണ് നിലവിൽ നിർമാതാക്കൾ. പുതിയ നിയമം അനുസരിച്ച് വാഹനങ്ങളിൽ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഓട്ടോ കമ്പനികൾ ബിഎസ് 6 ഫേസ് 2 വാഹനങ്ങൾ പുറത്തിറക്കുമ്പോൾ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കാവും വരിക.
മാറ്റങ്ങൾ
പുതിയ വ്യവസ്ഥകള്‍ വരുന്നതോടെ വാഹനങ്ങളിൽ എന്‍ജിന്‍ ഒപ്ടിമൈസേഷന്‍, നൈട്രജന്‍ മലിനീകരണം കുറയ്ക്കാനുള്ള സംസ്‌കരണ സംവിധാനങ്ങള്‍, മലിനീകരണ വസ്തുക്കള്‍ കണ്ടെത്താനുള്ള സെന്‍സറുകള്‍ തുടങ്ങിയവ അധികമായി സ്ഥാപിക്കേണ്ടി വരും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, നൈട്രജൻ ഓക്സൈഡ്, കാർബൺഡൈ ഓക്സൈഡ്, സൾഫർ എന്നിവയുടെ എമിഷൻ നിരീക്ഷിക്കുന്നതിനായി അർധചാലകങ്ങളും നവീകരിക്കും. പുറന്തള്ളൽ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ ഈ ഉപകരണങ്ങൾ മുന്നറിയിപ്പ് നൽകും. ഇതിനു പുറമെ, ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിനും എഞ്ചിനിലേക്ക് ഇൻജക്ട്ചെയ്ത ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്നതിനും വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും.
കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. ഡീസല്‍ വാഹനങ്ങളില്‍ ഇതിനായി 75,000 മുതല്‍ 80,000 രൂപ വരെയും പെട്രോള്‍ വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയും അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 3,000 മുതൽ 10,000 വരെ കൂടാനാണ് സാധ്യത. നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സുരക്ഷാ വർധനവ്
പുതിയ എമിഷൻ മാനദണ്ഡം കൂടാതെ വാഹന വില വർധനയ്ക്ക് കാരണമാകുന്ന മറ്റൊരു നിയമമാണ് നിർബന്ധിത എയർബാധുകളുടെ എണ്ണംകൂട്ടൽ. പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗ് എന്ന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. അടുത്ത വർഷം ഒക്‌ടോബറോടെ ഇൗ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താക്കൾക്ക് അടുത്ത വിലക്കയറ്റം നേരിടേണ്ടിവരും. ഈ വർഷം മുതൽ നടപ്പാക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന പുതിയ നിയമം, ആവശ്യമായ എല്ലാ വാഹനങ്ങളിലും മാറ്റങ്ങൾ വരുത്താനുള്ള കാലതാമസം പരിഗണിച്ച് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. പിന്നിലെ യാത്രക്കാർക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും എയർബാഗുകൾക്കൊപ്പം പിടിപ്പിക്കേണ്ടിയുംവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.