വാഹന തീപിടിത്തം, രക്ഷക്ക് വഴിയുണ്ട്
text_fieldsഓടുന്ന വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യും. ആലോചിച്ചുനിൽക്കാൻ സമയമില്ല. വെപ്രാളവും ഭീതിയും മനസ്സിനെ ഞെരുക്കുന്നതിനാൽ അതിനുള്ളിലെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയേ രക്ഷയുള്ളൂ. അത്ര പെട്ടെന്ന് തീപിടിക്കുന്ന തരത്തിലല്ല വാഹനങ്ങൾ. തീപിടിത്തത്തിന് കാരണങ്ങൾ ഏറെയാണ്. ഷോര്‍ട്സര്‍ക്യൂട്ട് ആണ് വാഹന തീപിടിത്തത്തിൽ പലപ്പോഴും വില്ലനാവുക.
വഴിയിലെ വില്ലന്മാർ
സാങ്കേതികത്തകരാര്‍, വയറിങ് തകരാർ, തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ, യാത്രക്കാരുടെ അശ്രദ്ധ, കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാത്തത് എന്നിവ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. എയര്‍ബാഗുകളും തീപിടിത്ത കാരണമാകാറുണ്ട്. ആഘാതത്തിനിടെ എയര്‍ബാഗ് പുറത്തേക്കു വരുന്ന ചെറു പൊട്ടിത്തെറി കാറിനുള്ളില്‍ തീപിടിത്തത്തിന് വഴിമരുന്നിട്ടേക്കാം. എന്ജിന് ഓയില്‍ ചോര്‍ച്ച, ബാറ്ററി കണക്ഷനിലെ പാകപ്പിഴകൾ, സ്റ്റാർട്ടർ തകരാറുകൾ എന്നിവയും തീപിടിത്ത കാരണമായേക്കാം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്നത് തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍നിന്ന് ചോരുന്ന ഇന്ധനം എൻജിനില്‍ കടന്നാൽ ഉയർന്ന ഊഷ്മാവിൽ തീപിടിക്കും. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാറും ഇന്ധന ചോർച്ചക്കിടയാക്കാം. ബോണറ്റ് തുറന്ന് എൻജിന് ബേ വൃത്തിയാക്കിയ തുണിയും ക്ലീനറുകളും മറന്നുവെക്കുന്നതും തീപിടിത്തത്തിലേക്ക് നയിക്കും. എൻജിന് ചൂടാകുമ്പോള്‍ ഈ തുണി കത്തിയേക്കാം. ഇന്ധന വിലക്കൂടുതൽ കാരണം സി.എൻ.ജി എൽ.പി.ജി കിറ്റുകൾ ഘടിപ്പിക്കാറുണ്ട്. ഇതിലെ ചെറിയ പിഴവുപോലും വൻ അപകടങ്ങൾക്കിടയാക്കും. നിലവാരം കുറഞ്ഞ കിറ്റും തീപിടിത്ത സാധ്യത കൂട്ടും. ശബ്ദമേന്മ ലക്ഷ്യമിട്ട് വാതകങ്ങളെ സുഗമമായി പുറന്തള്ളാനുള്ള എക്സ്ഹോസ്റ്റുകൾ മാറ്റിവെക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും.
മോഡിഫിക്കേഷൻ വേണ്ട
സബ് വൂഫറുകൾ, കാർ സ്റ്റീരിയോകൾ, ഫോഗ് ലാംപുകൾ, എയർ ഹോണുകൾ തുടങ്ങിയ അധിക ഘടകങ്ങൾ കൃത്യമായല്ലാതെ കൂട്ടിച്ചേർക്കുന്നതും അപകടകരമാണ്. കാരണം നിലവിലെ വയറിങ് മുറിച്ച് കണക്ഷൻ നൽകുകയാണ് ചെയ്യുന്നത്. കൂട്ടിച്ചേർക്കൽ അംഗീകൃത സര്‍വിസ് സെന്ററുകളുടെ ഉപദേശങ്ങൾക്കനുസരിച്ചാകണം. സെൻസറുകൾ സങ്കീർണമായതിനാൽ പുതിയ പല വാഹനങ്ങളിലും കൂട്ടിച്ചേർക്കലുകൾ വിപരീത ഫലത്തിനിടയാക്കും. കാലപ്പഴക്കം കൊണ്ട് വയറിങ്ങിലെ ഇൻസുലേഷനുകൾ പൊളിഞ്ഞുപോകുന്നതും പ്രശ്നമാണ്.
നിലവിലുള്ള ബൾബിന് പകരം പ്രകാശം കൂടിയ ബൾബുകൾ ഹെഡ്ലൈറ്റിൽ ഉപയോഗിക്കുന്നതും പ്രശ്നമാണ്. കമ്പനി നിശ്ചയിച്ച വാട്സിന് അനുസരിച്ചുള്ള വയറിങ്ങാണ് കാറുകളിലുണ്ടാകുക. വാട്സ് കൂടിയ ബൾബ് ഇട്ടാൽ വൈദ്യുതി കൂടുതൽ പ്രവഹിച്ച് വയറുകൾ ചൂടായി തീപിടിക്കാൻ സാധ്യതയുണ്ട്.
സൂചന അവഗണിക്കരുത്
പലപ്പോഴും അപകടത്തിന് മുന്നോടിയായി ചില സൂചനകൾ ലഭിച്ചേക്കാം. വയറോ പ്ലാസ്റ്റികോ റബറോ കത്തിയ മണം, പുക എന്നിവ വന്നാൽ അവഗണിക്കരുത്. സാധ്യത മണത്താൽ വണ്ടി നിർത്തി പുറത്തിറങ്ങി അംഗീകൃത സര്‍വിസ് കേന്ദ്രങ്ങളുടെ സഹായം തേടാം. എ.സി പെട്ടെന്ന് നിലക്കുക. ഒപ്പം കരിഞ്ഞ ഗന്ധവും വന്നാൽ കാർ നിർത്തുക. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ കാട്ടുന്ന പരിചിതമല്ലാത്ത ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക. വാഹനം നിർത്തിക്കഴിഞ്ഞ് എടുക്കുമ്പോൾ നിലത്തുവീണ ഇന്ധനത്തിന്റെയും ഓയിലിന്റെയും പാടുകൾ ശ്രദ്ധിക്കുക. അടുത്തിടെയായി വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരക്കുന്നത് ഇന്ധന ചോർച്ചക്ക് ഇടയാക്കാറുണ്ട്. ബോണറ്റിനുള്ളിൽനിന്നു പുക വന്നാൽ പുറത്തിറങ്ങുക. തീപിടിച്ച് കാർ ഉരുണ്ടുപോകാതിരിക്കാൻ ഹാൻഡ് ബ്രേക്ക് ഇടാൻ മറക്കരുത്.
രക്ഷക്ക് വഴികൾ
തീപിടിച്ചാൽ ആദ്യം വണ്ടി ഓഫ് ചെയ്ത് കാറിൽനിന്ന് വേഗത്തിൽ പുറത്തിറങ്ങുക. ഒപ്പമുള്ള യാത്രക്കാരെയും പുറത്തിറങ്ങാൻ സഹായിക്കാം. ബോണറ്റിനകത്താണ് തീ കാണുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. ഓക്സിജനുമായി കൂടുതൽ സമ്പർക്കത്തിലായി തീപടരാൻ കാരണമാകും. അഗ്നിശമനസേനയെ വിവരമറിയിക്കുകയാണ് നല്ലത്. സ്വയം തീ കെടുത്താന്‍ ശ്രമിച്ചാല്‍ വൻ ദുരന്തങ്ങൾക്കിടയാക്കിയേക്കാം. മുതിർന്നവർക്കും കുട്ടികൾക്കും വാതിലുകൾ മാന്വലായി തുറക്കുന്നത് പഠിപ്പിച്ചുകൊടുക്കുക. അപകടമുണ്ടായാൽ ചില്ല് തകർക്കാൻ കാറിനുള്ളിൽ ചെറിയ ചുറ്റിക സൂക്ഷിക്കാം. തീയണക്കാനുള്ള ഗ്യാസ് ബേസ്ഡ് ഫയർ എക്സ്റ്റ്വിംഗിഷറുകൾ കാറിൽ കരുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.