ഇന്ധനം പ്രീമിയം വേണോ സാദാ മതിയോ? നമ്മുടെ വാഹനത്തിന് പറ്റിയ പെട്രോളും ഡീസലും തിരിച്ചറിയാം
text_fieldsഇന്ധനം നിറക്കാനുള്ള ഓരോ യാത്രയിലും നാം അഭിമുഖീകരിക്കുന്നൊരു ചോദ്യമുണ്ട്. പെട്രോളാകട്ടെ ഡീസലാകട്ടെ, പ്രീമിയം വേണോ സാദാ വേണോ എന്ന സുപ്രധാനമായ ചോദ്യമാണത്. പെട്രോൾ പമ്പിലേക്കുള്ള നമ്മുടെ ദൈനംദിന യാത്രകളിൽ ഈ ചോദ്യം കേട്ടിരിക്കുമെങ്കിലും വില കൂടുതലായതിനാൽ നാമീ സാധ്യത ഉപയോഗിക്കാറില്ല എന്നതാണ് സത്യം. പമ്പിൽ ചെന്നാൽ പ്രീമിയം വേണോ സാദാ വേണോ എന്നായിരിക്കും ആദ്യ ചോദ്യംവരിക. 'സാദാ' എന്ന ഒറ്റവാക്കിൽ നാം മറ്റെല്ലാത്തിനേയും തള്ളിക്കളയാറുണ്ട്. ഇവ കേവലം ഫാൻസി പേരുകളാണെന്നും യഥാർഥ നേട്ടങ്ങളില്ലെന്നും നാം വിശ്വസിക്കുന്നതുകൊണ്ടാണ് മറ്റെല്ലാം വേണ്ടെന്ന് വയ്ക്കുന്നത്.
ലോകത്തെ സർവ്വ വസ്തുക്കളിലും ഇനങ്ങളും തരംതിരിവുകളും ഉള്ളതുപോലെ പ്രകൃതിവാതക ഇന്ധനങ്ങളിലും അതുണ്ട്. പെട്രോൾ, ഡീസൽ, ഏവിേയഷൻ ഫ്യൂവൽ, എഞ്ചിൻ ഓയിൽ മുതൽ കോൾടാർ വരെ പ്രകൃതിവാതകത്തിന്‍റെ പലതരം വകഭേദങ്ങളാണ്. അതിൽതന്നെ പെട്രോളിലും ഡീസലിലും അതിന്‍റെ ശുദ്ധീകരണ പ്രക്രിയ അനുസരിച്ച് എക്‌സ്ട്രാ പ്രീമിയം, സ്പീഡ്, പവർ, 93 ഒക്ടെയിൻ, സ്പീഡ് 97 തുടങ്ങി പലതരം ഗ്രേഡുകളുണ്ട്. പെട്രോളിലും ഡീസലിലും അതിന്‍റെ ഗ്രേഡ് തീരുമാനിക്കുന്നത് രണ്ട് മാനദണ്ഡങ്ങൾ അനുസരിച്ചാണ്. പെട്രോളിൽ അത് ഒക്ടേൻ നമ്പർ എന്നാണ് അറിയപ്പെടുന്നത്. ഡീസലിൽ ആകട്ടെ സീറ്റേൻ നമ്പർ എന്നും പറയും.
പ്രീമിയം ഡീസൽ
സ്റ്റാൻഡേർഡ് ഡീസലിൽ നിന്ന് പ്രീമിയത്തെ വേർതിരിക്കുന്ന സവിശേഷതയാണ് അതിൽ ചേർക്കുന്ന അഡിറ്റീവുകൾ. അഡിറ്റീവുകൾ ഇന്ധനത്തിന്‍റെ ഗുണനിലവാരവും എഞ്ചിന്‍റെ ആയുസ്സും വർധപ്പിക്കുമെന്നാണ് ഓയിൽ കമ്പനികൾ അവകാശപ്പെടുന്നത്. പ്രീമിയം ഡീസൽ ഉപയോഗിക്കുന്നതുകൊണ്ട് ചില മെച്ചങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചതായും കമ്പനികൾ പ്രചരിപ്പിക്കുന്നുണ്ട്.
1. എഞ്ചിൻ വൃത്തിയായി സൂക്ഷിക്കും
പ്രീമിയം ഡീസലിൽ ചേർക്കുന്ന ഡിറ്റർജന്‍റുകൾ എഞ്ചിൻ ഘടകങ്ങൾ വൃത്തിയായി സൂക്ഷിക്കുമെന്നാണ് ആദ്യ അവകാശവാദം. മെച്ചപ്പെട്ട ഇന്ധനക്ഷമതയും കൂടുതൽ കരുത്തും ഇതുമൂലം ലഭിക്കുമെന്നും പ്രചരണമുണ്ട്. പ്രീമിയം ഡീസലിെല ഇഞ്ചക്ഷൻ സ്റ്റെബിലൈസറുകൾ ഇന്ധനത്തിന്‍റെ ഓക്‌സിഡേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കും. മറ്റൊരു മെച്ചം ഡെമൽസിഫയറുകൾ എന്നറിയപ്പെടുന്നഘടകങ്ങളുടെ സാന്നിധ്യമാണ്. ജലത്തെ ഇന്ധനത്തിൽ നിന്ന് വേർതിരിക്കുന്ന ഇവ അനാവശ്യമായ ഈർപ്പം ഇന്ധന സംവിധാനത്തിലൂടെ കടന്നുപോകുന്നത് തടയും. ഇത് അടിക്കടി ഫിൽറ്റർ മാറ്റിവയ്ക്കുന്നത് തടയാൻ സഹായിക്കുമെന്നും ഓയിൽ കമ്പനികൾ പറയുന്നു.
2.ജ്വലനത്തിന് സഹായിക്കും
പെട്രോളിനെ അപേക്ഷിച്ച് ഡീസലിനുള്ള പ്രശ്നം കത്താനുള്ള അതിന്‍റെ ശേഷിക്കുറവാണ്. പ്രത്യേക ഇഗ്നിഷൻ സംവിധാനം ഉപയോഗിച്ചാണ് ഡീസലിൽ ഇഗ്നിഷൻ നടക്കുന്നത്. പ്രീമിയം ഡീസലിൽ ഉയർന്ന അവളിൽ സീറ്റെയിൻ ഉണ്ടാകും. മികച്ച ഇഗ്നിഷൻ നിലവാരം കാരണം ബാറ്ററിയുടേയും സ്റ്റാർട്ടറിന്‍റെയും ആയുസ്സ് വർധിക്കുകയും മാലിന്യം അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. പ്രീമിയം ഡീസലിലെ ലൂബ്രിക്കന്‍റുകൾ ഇന്ധന പമ്പിന്‍റെയും ഇഞ്ചക്ഷൻ ഘടകങ്ങളുടെയും ഘർഷണം കുറയ്ക്കുന്നു. സാധാരണ ഡീസലിനേക്കാൾ 10 മുതൽ 15 ശതമാനം വരെ ഘർഷണം കുറച്ച് ഇന്ധന പമ്പിനുൾപ്പടെ മികച്ച സംരക്ഷണം നൽകാൻ പ്രീമിയം ഡീസലിനാവുമെന്നാണ് പ്രധാന അവകാശവാദം.
പ്രീമിയം പെട്രോൾ
സാധാരണ പെട്രോളിനെ അപേക്ഷിച്ച് പ്രീമിയം പെട്രോൾ വാഹനത്തിന്‍റെ മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇന്ധന നിർമാതാക്കൾ അവകാശപ്പെടുന്നത്. പെട്രോളിന്‍റെ ഗ്രേഡുകളെ ഒക്ടെയിൻ എന്ന പാരാമീറ്റർ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന സാധാരണ പെട്രോളിന്‍റെ ഒക്ടേൻ മൂല്യം 87 ആണ്. പ്രീമിയം പെട്രോളിന് 91 ഒക്ടേൻ ഉണ്ട്. ജ്വലിക്കുന്നതിനുമുമ്പ് ഇന്ധനത്തിന് എത്രമാത്രം കംപ്രഷൻ നേരിടാൻ കഴിയും എന്നതാണ് ഒക്ടേൻ മൂല്യത്തിലൂടെ കണക്കാക്കുന്നത്. ഉയർന്ന ഒക്ടേൻ ഇന്ധനം എളുപ്പത്തിൽ കത്തില്ല. എഞ്ചിനിൽ അസാധാരണമായും അസ്വസ്ഥമായും ഇന്ധനം കത്തുന്നത് ഒഴിവാക്കാനും ഒക്ടേൻ മൂല്യം വർധിച്ച പെട്രോളിനാകും.
ഉയർന്ന കംപ്രഷൻ എഞ്ചിനുകൾ ഉപയോഗിക്കുന്ന സ്പോർട്സ് കാറുകൾ ഇതുകൊണ്ടാണ് ഹൈ ഒക്ടേൻ പെട്രോൾ ഉപയോഗിക്കുന്നത്. പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുമെന്ന് ഇന്ധന കമ്പനികൾ അവകാശപ്പെടുന്നുണ്ട്. സമാന്യമായി ഇത് ശരിയാണെന്ന് പറയാം. കത്താനുള്ള ശേഷി പ്രീമിയം പെട്രോളിന് കുറവായതിനാൽ ഇന്ധനക്ഷമത അൽപ്പം വർധിക്കാനുള്ള സാധ്യതയുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഉയർന്ന ഒക്ടേൻ പെട്രോളിന് മലിനീകരണം കുറവാണ്. ചില ഇന്ധന നിർമ്മാതാക്കൾ പ്രീമിയം ഇന്ധനം മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രധാനമായും വാഹനത്തിലെ എഞ്ചിനെ ആശ്രയിച്ചാണിരിക്കുന്നത്.
പ്രീമയം ഇന്ധനം വാങ്ങണോ വേണ്ടേ?
ഇനിയാണാ സുപ്രധാന ചോദ്യം വരുന്നത്. നമ്മൾ പ്രീമിയം ഇന്ധങ്ങൾ ഉപയോഗിക്കണോ വേണ്ടേ? ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ചോദ്യമല്ലിത്. അതേപറ്റി നാം ആദ്യം അന്വേഷിക്കേണ്ടത് നാം ഉപയോഗിക്കുന്ന വാഹന നിർമാതാവിനോടാണ്. കാരണം നമ്മുടെ വാഹനത്തിലെ എഞ്ചിൻ, ഫ്യൂവൽ സിസ്റ്റം തുടങ്ങിയവക്ക് ഇത്തരം ഇന്ധനങ്ങൾ അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. വാഹനത്തിന്‍റെ മാനുവലിൽ ഇന്ധനത്തെപറ്റി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് പോകാവുന്നതാണ്. ഇല്ലെങ്കിൽ സർവീസ് എക്സ്പർട്ടുകളോട് അന്വേഷിക്കാവുന്നതാണ്. പ്രീമിയം പെട്രോൾ ഉപയോഗിക്കാൻ വാഹന നിർമ്മാതാവ് വ്യക്തമായി ശുപാർശ ചെയ്തിട്ടില്ലെങ്കിൽ അത്തരം ഇന്ധനം ഉപയോഗിക്കുന്നത് അധികം നേട്ടമുണ്ടാക്കില്ല.
എഞ്ചിന്‍റെ കംപ്രഷൻ റേറ്റും മറ്റും കൂടുതലാണെങ്കിൽ ഹൈ ഒക്ടേൻ പെട്രോൾ പെട്രോൾ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലെ ചില പ്രധാന കമ്പനികൾ പ്രീമിയം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിനെ ശക്തിയായി എതിർക്കുന്നുണ്ട്. പ്രത്യേകിച്ചും പ്രീമിയം ഡീസൽ. കുറച്ച് ഡിറ്റർജന്‍റുകൾ തള്ളിയിട്ടുള്ള വേസ്റ്റ് എന്നാണ് ഇക്കൂട്ടർ ഇത്തരം ഡീസലിനെ വിളിക്കുന്നത്. മാരുതി, നിസാൻ പോലുള്ള കമ്പനികൾ ഇത്തരത്തിലുള്ളതാണ്. മാരുതിയുടെ ഇപ്പോൾ വിപണിയിൽ ഇല്ലാത്ത 1.3ലിറ്റർ മൾട്ടിജെറ്റ് എഞ്ചിനിൽ ഇത്തരം ഡീസൽ ഒഴിക്കുന്നതിനെ അവർ ശക്തിയായി എതിർത്തിരുന്നു. നിസാന്‍റെ 1.5എൽ ഡി.സി.ഐ എഞ്ചിന്‍റെയും അവസ്ഥ ഇതുതന്നെ. അതിനാൽ വാഹന നിർമാതാവിന്‍റെ ഇക്കാര്യത്തിലുള്ള അഭിപ്രായം സുപ്രധാനമാണ്. പെട്രോളിന്‍റെ കാര്യത്തിലും ഈ നിയമം തന്നെയാണ് പിന്തുടരേണ്ടത്. സാധാരണ വാഹനങ്ങൾക്ക് സാദാ പ്രെട്രോളും ഹൈ പെർഫോമൻസ് വാഹനങ്ങൾക്ക് ഹൈ ഒക്ടേൻ പെട്രാളും എന്ന നിയമമാണ് നാം പിന്തുടരേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.