35,000 രൂപ പിഴയും മൂന്നുവർഷം വരെ ജയിലും; അറിയാം, കുട്ടികളെ സംബന്ധിച്ച വാഹന നിയമങ്ങൾ
text_fieldsകുട്ടികളുമൊത്തുള്ള യാത്രകൾക്ക് കടുത്ത നിബന്ധനകളാണ് സർക്കാർ നടപ്പാക്കുന്നത്. നിയമം കർശനമായി പാലിച്ചില്ലെങ്കിൽ രക്ഷിതാക്കളെ കാത്തിരിക്കുന്നത് വൻ തുക പിഴയും ജയിൽ ശിക്ഷയുമാണ്. പുതിയ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുൻപിലൊ സേഫ്റ്റി ബെൽറ്റ് ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.മുമ്പിലെ വാഹനം ഒന്ന് സഡൻ ബ്രേക്ക് ഇട്ടാൽ പോലും ആദ്യം ഇടിക്കാൻ സാധ്യതയുള്ളത് കുഞ്ഞിന്റെ ശിരസ്സായിരിക്കും എന്നോർക്കുക, തലക്ക് ഏൽക്കുന്ന ക്ഷതം ചികിത്സ മൂലം ഭേദപ്പെടാൻ ബുദ്ധിമുട്ടായിരിക്കും.
വികസിതമായ രാജ്യങ്ങളിൽ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന ചെറിയ കുട്ടികളുടെ ആദ്യപാഠം തന്നെ അവരെ ഹെൽമറ്റ് ധരിക്കാൻ പഠിപ്പിക്കുക എന്നതാണ് ഇരുചക്ര വാഹനത്തിൽ കയറുന്നതിന് മുന്നേ ആദ്യം ചെയ്യേണ്ടത് ഹെൽമെറ്റ് ധരിക്കുകയാണെന്ന ശീലം സ്വഭാവത്തിൽ രൂഢമൂലമാകുന്നത് അത് വഴിവക്കും.
• 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് ദുരന്തത്തിനായി കാത്തിരിക്കുന്നതിന് തുല്യമാണ്.
സ്വന്തം കുഞ്ഞിനെ വാഹനത്തിന്റെ ടാങ്കിന്റെ മുകളിൽ ഇരുത്തി പറപ്പിച്ചു പോകുമ്പോൾ സ്വന്തം മൊബൈൽഫോണിന് കൊടുക്കുന്ന കരുതൽ പോലും നൽകുന്നില്ല എന്നുള്ളത് അത്യന്തം ഖേദകരമായ വസ്തുതയാണ്.
• കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക.
• കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കണം എന്നാണ് മാറിയ നിയമം
• സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി തീർച്ചയായും ഒഴിവാക്കുക.
• കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റിൽ ഇരുത്തുക, മടിയിൽ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം മുൻ സീറ്റിൽ പ്രത്യേകിച്ചും.
അപകടമുണ്ടായാൽ കുഞ്ഞ് തന്നെ പോയി വാഹനത്തിന്റെ ഭിത്തിയിൽ ഇടിക്കുന്നതിനേക്കാൾ ഭീകരമാണ് Inertia force നിമിത്തം രക്ഷിതാവിന്റെ ശരീരഭാരം കൂടി കുട്ടിയുടെ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നത്.
• പുറകിലെ സീറ്റിൽ കുട്ടികൾ ഉള്ളപ്പോൾ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കുക.
• വാഹനം നിറുത്തി ഇറങ്ങുമ്പോൾ വലത് വശത്തേക്കുള്ള ഡോർ തുറന്ന് ഇറങ്ങുന്ന സ്വഭാവം കർശനമായി തടയണം.
• ഡോർ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും ( വലത് കൈ കൊണ്ട് ഇടത് ഡോർ തുറക്കുന്ന രീതി)
• കടകളിലൊ മറ്റും കയറുമ്പോൾ കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുത് പ്രത്യേകിച്ചും ചെറിയ കുട്ടികളെ, സെന്റർ ലോക്ക് മൂലം കുഞ്ഞുങ്ങൾ തനിയെ വാഹനത്തിൽ കുടുങ്ങിപ്പോകാം.
വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക, കുട്ടികൾ ആക്സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.
• വാഹനത്തിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചാവി ഊരി എടുക്കണം.
• കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വീട്ടുമുറ്റത്തും പരിസരങ്ങളിലും വാഹനം എടുക്കുമ്പോൾ അത്യന്തം കരുതലും ശ്രദ്ധയും വേണം.
കുട്ടികൾ വാഹനത്തിന്റെ ചുറ്റിലും ഓടിക്കളിക്കുന്നതും ഒളിച്ചു കളിക്കുന്നതും നിരുൽസാഹപ്പെടുത്തണം.
• 18 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോർ വാഹന നിയമത്തിൽ ഏറ്റവും കഠിനമായ ശിക്ഷാവിധികൾ ഉള്ളത് പ്രായപൂർത്തിയായാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019 -ൽ പുതുതായി 199(A) വകുപ്പ് കൂട്ടി ചേർക്കുക വഴി ജുവനൈൽ ആയ കുട്ടികൾ വാഹനം ഓടിക്കുന്നത് ഇപ്പോൾ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്റെ രജിസ്ട്രേഷനും രക്ഷിതാവിന്റെ ലൈസൻസും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.
• ചെറിയ കുട്ടി ആയിരിക്കുമോഴേ റോഡ് നിയമങ്ങളെക്കുറിച്ചും അപകട സാധ്യത കളെക്കുറിച്ചുമുള്ള പരിശീലനം നൽകുക.
നാലു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളെക്കുറിച്ച് നിലവിലെ നിയമത്തിൽ പരാമർശം ഉണ്ടായിരുന്നില്ല എന്നാൽ 21.10.2021-ൽ ഇത് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം 9 മാസത്തിന് മുകളിലേക്ക് അനുയോജ്യമായ ഹെൽമെറ്റും, സേഫ്റ്റി ബെൽറ്റും നിർബന്ധമാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു മാസത്തിനകം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്. ലിങ്ക് https://morth.nic.in/.../def.../files/notifications_document.
വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.