Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Summer car care: tips to protect your vehicle from extreme heat
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightവേനൽക്കാല വാഹന...

വേനൽക്കാല വാഹന പരിചരണം; എ.സി മുതൽ ടയർ സംരക്ഷണംവരെ അറിയേണ്ടതെല്ലാം

text_fields
bookmark_border

വേനൽക്കാലം വാഹനങ്ങളെ സംബന്ധിച്ച് പ്രത്യേക പരിരക്ഷ വേണ്ട കാലമാണ്. വെയിലും മഞ്ഞും മാറിമാറി ഏൽക്കുന്നത് വാഹനങ്ങളെ പ്രതികൂലമായി ബാധിക്കാം. സ്ഥിരമായി പുറത്ത് പാർക്ക് ചെയ്യുന്നത് വൈപ്പറുകൾ ഉൾപ്പടെ കേടാകുന്നതിന് കാരണമാകും. വേനൽക്കാല വാഹന പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.

അധികം വെയിൽ ഏൽക്കരുത്

വേനൽക്കാലത്ത് പതിവായി പുറത്തു​പോകുന്നവർ വാഹനങ്ങൾ നിർത്തിയിടുമ്പോൾ മേൽക്കൂരക്ക്​ കീഴിൽ സൂക്ഷിക്കുക. രാത്രിയിലെ മഞ്ഞ്​ സ്ഥിരമായി ഏൽക്കുന്നത്​ പെയിന്‍റിന്​ മങ്ങൽ വരുത്തിയേക്കാം. ബോഡിയുടെ ഘടകങ്ങൾ ദ്രവിക്കാനും കാരണമാകും. തുറസായ ഇടങ്ങളിൽ കിടക്കുന്ന വാഹനങ്ങൾ എല്ലാ ദിവസവും കഴുകുന്നത് നല്ലതാണ്. ഇതിനായി മെഴുകിന്‍റെ അംശം കൂടുതലുള്ള ഷാംപൂ ഉപയോഗിക്കുന്നതാണ്​ നല്ലത്​. സാധാരണ ഷാംപൂ ഉപയോഗവും വേനലിൽ ഡീസൽ വാഷ് ചെയ്യുന്നതും വാഹനത്തിന്‍റെ നിറം മങ്ങലിനു കാരണമായേക്കാം.

വേനൽ കാലത്ത് വെയിലിൽ വാഹനം കൂടുതൽ സമയം നിർത്തിയിടേണ്ടി വരുന്ന സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസുകൾ അൽപ്പം താഴ്ത്തി ക്രമീകരിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വാഹനത്തിെൻ്റ ഉള്ളിൽ ഉണ്ടായേക്കാവുന്ന അമിത മർദ്ദം ഒഴിവാക്കാൻ സഹായിക്കും.

എ.സി

വേനലിൽ കാർ എ.സിയുടെ ഉപയോഗം കൂടുതലായിരിക്കും. സ്വാഭാവികമായും അകത്ത്​ തണുപ്പും കുറവായിരിക്കും. തണുപ്പു വല്ലാതെ കുറവാണെങ്കിൽ എ.സി ഫിൽറ്റർ പരിശോധിപ്പിക്കണം. പൊടി കൂടുതലുള്ള സമയമായതിനാൽ എ.സി ഫിൽറ്റർ പൊടിപടലങ്ങൾ കയറി അടയാം. അതു ശരിയാക്കുമ്പോൾ മികച്ച തണുപ്പ് കാബിനിൽ കിട്ടും.

കൂടുതൽ സമയം വെയിലത്ത് കിടക്കുന്ന വാഹനങ്ങൾ സ്റ്റാർട്ട്​ ചെയ്യുന്നതിനു മുമ്പ്​ എല്ലാ ചില്ലുകളും പരമാവധി താഴ്​ത്തിയ ശേഷം ബ്ലോവർ ഫാൻ മാത്രം പ്രവർത്തിപ്പിച്ച്​ വാഹനത്തിനുള്ളിലെ ചൂടുള്ള വായു പുറം തള്ളണം. ഇതിനുശേഷം മാത്രം എ.സി. സ്വിച്ച്​ ഓൺ ചെയ്യുക. അല്ലായെങ്കിൽ എ.സി യൂണിറ്റിനു കേടുപാടുകൾ സംഭവിച്ചേക്കാം. വാഹനത്തിലെ എ.സി. ഗ്യാസ്​ ചോർന്നാൽ അത് ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുവാനും പ്രത്യേകിച്ച് കുട്ടികൾക്ക്​ മരണം വരെ സംഭവിക്കാനും സാധ്യതയേറെയാണ്. ഓട്ടമാറ്റിക് എ.സി 23, 24 ഡിഗ്രി താപനിലയിൽ ക്രമീകരിക്കുകയാണു നല്ലത്. ഇടക്കിടെ ഇറങ്ങിക്കയറുന്ന തരത്തിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ തണുപ്പ്​ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എ.സി വെന്‍റ്​ നേരിട്ട് ശരീരത്തിലേക്ക് അടിക്കുന്നതിനു പകരം മേൽക്കൂരയിലേക്കു ക്രമീകരിച്ചാൽ നല്ലതാണ്​.

ടയർ

ടയറിലെ കാറ്റ്​ ഇടക്കിടെ പരിശോധിക്കാം. പ്രത്യേകിച്ച് വെയിലത്ത് ദീർഘദൂരയാത്ര ചെയ്യുന്നവർ. വാഹനം തണുത്തിരിക്കുമ്പോൾ എയർ പരിശോധിപ്പിക്കുക. അതായിരിക്കും ടയറിന്‍റെ യഥാർഥ പ്രഷർ. വണ്ടി ദീർഘദൂരം ഓടിക്കഴിയുമ്പോൾ ടയർ പ്രഷർ സ്വാഭാവികമായും കൂടും. തണുക്കുമ്പോൾ കുറയുകയും ചെയ്യും. നൈട്രജൻ നിറച്ചാൽ ഒരു പരിധി വരെ ഇതു തടയാം. ഓരോ മാസവും നൈട്രജൻ ലെവൽ പരിശോധിക്കാം. ടയറുകളുടെ പഴക്കവും വേനൽ കാലത്ത് പൊള്ളുന്ന റോഡിലെ ചൂടും ചേരുമ്പോൾ ഓട്ടത്തിനിടയിൽ ടയർ പൊട്ടും. ഇതു വലിയ അപകടങ്ങൾക്ക് വഴി വച്ചേക്കാം

പൊടി വില്ലനാകാം

പൊടി കൂടുതലുള്ള കാലാവസ്ഥയിൽ വാഹനത്തിന്‍റെ എയർ ഫിൽറ്റർ ക്ലീൻ ചെയ്യിക്കുന്നതു നല്ലതാണ്. എയർ ഫിൽറ്റർ ബ്ലോക്ക് ആയാൽ വണ്ടിക്കു കരുത്തു കുറയും. എല്ലാ ഡോറുകളും എല്ലാ ദിവസും തുറക്കണം. അല്ലെങ്കിൽ ചൂടുകാരണം റബർ ഘടകങ്ങൾ ഒട്ടിനിൽക്കും. ക്രമേണ റബർ ബീഡിങ് തകരാറിലാകും. പവർ വിൻഡോയുടെ വൈൻഡറിലും പൊടി കയറാം. പൊടിയടിഞ്ഞശേഷം വെള്ളം കൂടി ചേരുമ്പോൾ ചെളി രൂപം കൊള്ളും. കാലക്രമേണ ബീഡിങ് നശിക്കും. ഇതോടെ ഈ ഭാഗത്തുനിന്നു ശബ്ദവും കേൾക്കും.

ചൂട്​ ശ്രദ്ധിക്കുക

ചൂടായ കാറിനുള്ളിൽ ആഹാര സാധനങ്ങളും മരുന്നുകളും വയ്ക്കരുത്. വെയിലിൽ കിടക്കുമ്പോൾ ഉള്ളിലെ താപനില 80 ഡിഗ്രി വരെ എത്തിയേക്കാം. സാധാരണ താപനിലയിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ പോലും അടച്ചിട്ട കാറിനുള്ളിലിരുന്നാൽ കേടാകും. ബോട്ടിൽ ഹോൾഡറിൽ മറന്നുവെച്ച വെള്ളവും ഗ്ലവ് ബോക്സിൽ വെച്ച മരുന്നുകളും ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കരുത്​. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഡാഷ്ബോർഡിൽ പാർക്കിങ് സമയത്ത് തുണി വിരിച്ചിട്ടാൽ ചൂടു കുറയ്ക്കാം. പ്ലാസ്റ്റിക് നരച്ചു പോകുന്നതും തടയാം. ഡാഷ്ബോർഡിൽ വെയിലേൽക്കുന്ന തരത്തിൽ ഫോൺ വെച്ചാൽ തകറാറിലാകാനും സാധ്യതയുണ്ട്​.

തീ പിടിക്കാതിരിക്കാൻ

ഉയർന്ന താപനില ചില ഇലക‍്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് താങ്ങാനാകില്ല. അത്തരം ഇരുചക്രവാഹനങ്ങളെ ഉടൻ തിരിച്ചു വിളിക്കണമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ കമ്പനികളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പെ​ട്രോൾ വാഹനങ്ങളിൽ​ ഇന്ധനം ചോരുന്നതാണ്​ പ്രധാന പ്രശ്നം. എഞ്ചിനിലേക്കുള്ള റബർ നിർമിത ഇന്ധനക്കുഴലുകൾ പരിശോധിക്കേണ്ടത്​ അനിവാര്യമാണ്​. ആവിയായി പൊങ്ങുന്ന ഇന്ധനം പോലും കടുത്ത വേനലിൽ തീപിടുത്തത്തിന്​ ഇടയാക്കിയേക്കാം. ​േബ്രക്​ ഷൂ ജാമായി കിടക്കുന്നതും വീൽ ബെയറിങിന്‍റെ തകരാറും വേഗം തീപിടുത്തമുണ്ടാക്കും. വയറിങിന്‍റെ തകരാർ മൂലമുള്ള ഷോർട്​ സർക്യൂട്ട്, എക്സ്​ട്രാ ഫിറ്റിങുകൾക്കുണ്ടാകുന്ന തകരാറുകൾ എന്നിവയും വേനലിൽ തീപിടുത്തത്തിന്​ കാരണമാകാം.

(പാലാ പോപ്പുലർ ​വെഹിക്കിൾസ്​ ആന്‍റ്​ സർവീസസ്​ സീനിയർ സൂപ്പർവൈസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car careautotips
News Summary - Summer car care: tips to protect your vehicle from extreme heat
Next Story