നാലുംകൂടിയ കവലയിൽ നേരേ പോകാനുള്ള ലൈറ്റ്; ഹസാർഡ് ലൈറ്റിനെപറ്റിയുള്ള അന്ധവിശ്വാസങ്ങൾ മാറ്റാൻ സമയമായി
text_fieldsവർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണെങ്കിലും അതിലെ എല്ലാ സവിശേഷതകളും ഒരാൾക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ ഓടിക്കുന്ന വാഹനങ്ങളിലെല്ലാം നാം തെറ്റായി ഉപയോഗിക്കുന്ന ചില സവിശേഷതകളും ഉണ്ട്. അതിലൊന്നാണ് ഹസാർഡ് ലൈറ്റ്. എന്തിനാണ് ഹസാർഡ് ലൈറ്റ് എന്നത് പലർക്കും അജ്ഞാതമായ കാര്യമാണ്.
പല ആവശ്യങ്ങൾക്കായാണ് നാം ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്നത്. ചിലരിത് നാല് റോഡുകൾ ചേരുന്നിടത്ത് നേരേ പോകാനുള്ള സിഗ്നൽ ആണെന്നാണ് വിചാരിച്ചിരിക്കുന്നത്. റോഡിലിറങ്ങുമ്പോള്‍ വാഹനത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള മാര്‍ഗമായാണ് ചിലരെങ്കിലും ഹസാര്‍ഡ് ലൈറ്റിനെ കാണുന്നത്. മഴയിലും മൂടല്‍മഞ്ഞിലും വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഇടുന്നവരുമുണ്ട്. ആരും വന്ന് ഇടിക്കണ്ട എന്ന നല്ല ഉദ്ദേശമാണ് ഇതിലുള്ളത്.
ചിലർ ഈ ലൈറ്റിന് പ്രത്യേകിച്ച ഉപയോഗമൊന്നും കാണാൻ കഴിയാത്തതുകൊണ്ട് ആ സ്വിച്ചിൽ തൊടാറേയില്ല. ഫോട്ടോ ഫ്രീക്കുകളാകട്ടെ ക്യാമറ എടുത്താലുടനെ ഹസാർഡ് ലൈറ്റിടും. അവർക്കിത് രംഗം കൊഴുപ്പിക്കാനുള്ളൊരു ഫാൻസി ലൈറ്റാണ്. ഇനി വല്ല തുരങ്കത്തിലോ അടിപ്പാതയിലോ കയറുമ്പോഴും വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുമ്പോഴും ഹസാർഡ് ലൈറ്റ് ഇടുന്നവരും ഉണ്ട്.
എന്താണ് ശരിക്കുള്ള ഉപയോഗം
നിയമപ്രകാരം കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഹസാര്‍ഡ് ലൈറ്റുകള്‍ നിര്‍ബന്ധമാണ്. ചില ഇരുചക്രവാഹനങ്ങളിലും നിർമാതാക്കൾ ഈ സവിശേഷത നൽകുന്നുണ്ട്. വളരെ സവിശേഷമായ ചില ധർമങ്ങളാണ് ഹസാർഡ് ലൈറ്റുകൾക്ക് ഉള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതോരു മുന്നറിയിപ്പ് ലൈറ്റാണ്. മോട്ടോർ വാഹന നിയമപ്രകാരം ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
1. എന്തെങ്കിലും കാരണവശാൽ നമ്മുടെ വാഹനം റോഡ്‍വക്കിൽ നിർത്തിയിടേണ്ടിവരുന്നു എന്ന് വിചാരിക്കുക. ഒരു ബ്രേക്ക് ഡൗണോ, അപകടമോ, ഇന്ധനം തീർന്നോ, അല്ലെങ്കിൽ മുന്നിൽ എന്തെങ്കിലും തടസം കണ്ടിട്ടോ ഒക്കൊ ഇങ്ങിനെ സംഭിക്കാം. ഈ സമയം നാം ഉറപ്പായും ഹസാർഡ് ലൈറ്റ് ഉപയോഗിക്കണം.
2. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഹസാർഡ് ലൈറ്റ് ഇടേണ്ട സന്ദർഭവും ഉണ്ടാകാറുണ്ട്. നാം ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ റോഡിൽ എന്തെങ്കിലും അസാധാരണമായ തടസം കണ്ടുവെന്ന് വിചാരിക്കുക. നാം വാഹനം സ്ലോ ചെയ്യുന്നതിനൊപ്പം ഹസാർഡ് ലൈറ്റും ഇടാവുന്നതാണ്. നമ്മുടെ പരിസരത്തുള്ള മറ്റ് വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനാണിത്. ഇങ്ങിനെ ചെയ്യുമ്പോൾ അൽപ്പനേരത്തേക്ക് മാത്രം ലൈറ്റ് ഓണാക്കുകയും പിന്നീട് ഓഫാക്കുകയും വേണം.
3. തടസമുണ്ടാക്കിയോ അനധികൃതമായോ വാഹനം പാർക്ക് ചെയ്തിട്ട് ഹസാർഡ് ലൈറ്റ് ഇടുന്നത് തെറ്റായ പ്രവണതയാണ്.
4. ദീർഘ നേരത്തേക്ക് ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോഴെന്നും മോട്ടോർ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്. നാം എന്തെങ്കിലും അപകടം പറ്റിയോ അല്ലെങ്കിൽ യന്ത്രത്തകരാർ സംഭവിച്ചോ മറ്റ് വാഹനങ്ങൾക്ക് തടസമായി റോഡിൽ കിടക്കുകയാണെങ്കിൽ ദീർഘനേരത്തേക്ക് ഹസാർഡ് ലൈറ്റ് ഉപയോഗിക്കാവുന്നതാണ്.
ഓടുന്ന വാഹനത്തിൽ ഹസാർഡ് ലൈറ്റ് ഇടേണ്ടിവന്നാൽ അഞ്ച് സെക്കൻഡിനുശേഷം ഓഫാക്കണം. വീണ്ടും ഇടണമെങ്കിൽ ഒരിടവേളക്കുശേഷം ആകാവുന്നതാണ്. അപ്പോഴും ദീർഘനേരം ഇടരുത് എന്നാണ് നിയമം പറയുന്നത്. ഹസാര്‍ഡ് ലൈറ്റുകളുടെ തെറ്റായ ഉപയോഗം അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൂടല്‍മഞ്ഞ്, കനത്ത മഴ തുടങ്ങിയ സാഹചര്യത്തില്‍ വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഇടേണ്ടതില്ല.
കനത്ത മഴയിലും മഞ്ഞിലും ഫോഗ് ലാമ്പുകളോ ഹെഡ്‌ലാമ്പുകളോ ഇട്ടുകൊണ്ട് ഡ്രൈവ് ചെയ്യുകയാണ് ഉചിതം. കാര്‍ കൂടുതല്‍ ദൃശ്യമാക്കുന്നതിന് ഹെഡ്‌ലാമ്പുകള്‍ ലോ ബീമില്‍ ആണെന്ന് ഉറപ്പാക്കണം. വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന് ഹസാര്‍ഡ് ലൈറ്റ് ഓണാക്കിയാല്‍, അത് നിങ്ങളുടെ പിന്നില്‍ ഓടിക്കുന്ന വ്യക്തിക്ക് തെറ്റായ സന്ദേശം നല്‍കിയേക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 177 അനുസരിച്ച്, വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇങ്ങിനെ പിടിക്കപ്പെട്ടാൽ പിഴയടക്കേണ്ടിയും വരും.
വാൽക്കഷണം: എല്ലാ നിയമങ്ങളേയുംപോലെ ഹസാർഡ് ലൈറ്റ് നിയമത്തിനും ഒരു കുഴപ്പമുണ്ട്. ഇടുന്നവർ മാത്രം നിയമം അറിഞ്ഞിട്ട് കാര്യമൊന്നുമല്ല. ഇത് കാണുന്നവർക്കും മനസിലാകണം. ഇല്ലെങ്കിൽ ഇയാളെന്തിനാ ഇപ്പോ ഈ ലൈറ്റ് ഇട്ടതെന്നും ഇപ്പോഴെന്താ ഇടാത്തതെന്നും ചിന്തിച്ച് സമയം പോകുമെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.