തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയാറാക്കുന്നു
text_fieldsകോട്ടയം: തുടർച്ചയായി നിയമലംഘനം വരുത്തുന്ന ഡ്രൈവർമാരുടെ പട്ടിക മോട്ടോർ വാഹനവകുപ്പ് തയാറാക്കുന്നു. ഗതാഗത കമീഷണർ സി.എച്ച്. നാഗരാജു ഇതുസംബന്ധിച്ച് ആർ.ടി.ഒമാർക്ക് നിർദേശം നൽകി. എത്രയുംപെട്ടെന്ന് പട്ടിക നൽകാനാണ് നിർദേശം. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, റോഡുകളിൽ നിരന്തരം നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിലവിൽ റോഡിൽ നിയമലംഘനം നടത്തിയാലും പിഴ ഒടുക്കി നടപടികളിൽനിന്ന് രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. അതിന് തടയിടാനാണ് തീരുമാനം. അതിനാൽ റോഡിൽ അപകടകരമായ നിലയിൽ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ പട്ടിക തയാറാക്കാനും നിരന്തരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ കടുത്ത നടപടിയിലേക്ക് കടക്കാനുമാണ് ഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നത്. അതിനുപുറമെ തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് അഞ്ചുദിവസത്തെ നിർബന്ധിത പരിശീലനം നൽകാനും ആലോചനയുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്രങ്ങളിലാകും ഈ പരിശീലനം. മറ്റ് ശിക്ഷാനടപടികളും ഉദ്ദേശിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ റോഡപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാരുടെ അനാസ്ഥ മൂലമാണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധന ശക്തമായിരുന്ന സമയത്ത് അപകടങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ, എ.ഐ കാമറകൾ ഉൾപ്പെടെ വ്യാപകമായതോടെ റോഡിലെ പരിശോധന കുറഞ്ഞത് അപകടങ്ങൾ വർധിക്കാൻ കാരണമായെന്ന് വകുപ്പ് വിലയിരുത്തുന്നു. ദീർഘദൂരം ഓടുന്ന ലോറികളിലെ ഉൾപ്പെടെ ഡ്രൈവർമാരിൽ പലരും മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനങ്ങൾ ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ആ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ റോഡുകളിലെ പരിശോധന പുനരാരംഭിക്കാനും നീക്കമുണ്ട്.
സംസ്ഥാനത്ത് അപകടസാധ്യതയുള്ള പോയന്റുകൾ കണ്ടെത്താനും അതുസംബന്ധിച്ച റിപ്പോർട്ടുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനും ആലോചന തുടങ്ങി. അതിനുപുറമെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ കുറ്റമറ്റ രീതിയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങൾ വർധിക്കുന്നതിനാൽ പലപ്പോഴും വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന ആക്ഷേപങ്ങൾ വരുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.