ദുബൈയിലേക്ക് ഇലക്ട്രിക്എയർ ടാക്സികളും
text_fieldsദുബൈ: അതിവേഗം വളരുന്ന ദുബൈ നഗരത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ എയർ ടാക്സികൾ ലഭ്യമാകുന്ന കാലം അതി വിദൂരമല്ല. അതിനൂതനമായ സംവിധാനങ്ങളുള്ള ഇലക്ട്രിക് എയർ ടാക്സികളുടെ പരീക്ഷണം മാസങ്ങൾക്കകം ആരംഭിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരിക്കയാണ്. ദുബൈയിൽ കഴിഞ്ഞ ദിവസം അവസാനിച്ച ദുബൈഎയർ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹെലികോപ്റ്ററുകളിൽനിന്ന് വ്യത്യസ്തമായി ശബ്ദമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പുതിയ ഇനം സ്പാനിഷ് എയർ ടാക്സികളാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. സ്പാനിഷ് കമ്പനിയായ ക്രിസാലിയന്റെ കാർബൺ രഹിത ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് ടാക്സി 2019 മുതൽ വടക്കൻ സ്പെയിനിൽ പരീക്ഷിച്ചുവരുന്നതാണ്. യു.എ.ഇ സ്ഥാപനമായ വാൾട്രാൻസ് എന്ന ഗതാഗത മേഖലയിലെ കമ്പനിയുമായി കരാറിന്റെ അടിസ്ഥാനത്തിലാണ്ണ്പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്.
മണിക്കൂറിൽ 180-216കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. ഫ്ലൈഫ്രീ എന്ന പേരിലറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനം ടേക്ക് ഓഫിന്റെയും ലാൻഡിങിന്റെയും സമയങ്ങളിൽ കൂടുതൽ സ്ഥിരത നൽകുന്നതാണ്. കൂടുതൽ കാര്യക്ഷമത, സ്ഥിരത, വിശ്വാസ്യത, കൈകാര്യം ചെയ്യാൻ എളുപ്പം എന്നിവ ഇതിന്റെ ഡിസൈനർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 120കി.മീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് നിലവിൽ എയർ ടാക്സിയിൽ ഉപയോഗിക്കുന്നത്. പൈലറ്റടക്കം ആറുപേർക്ക് സഞ്ചരിക്കാവുന്ന സംവിധാനമാണ് അകത്ത് സജ്ജീകരിച്ചിട്ടുള്ളത്.
പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കം നേരത്തെ തന്നെ ദുബൈ ആരംഭിച്ചിട്ടുണ്ട്. 2026ഓടെ ഇത്തരം ടാക്സികളിൽ ദുബൈയുടെ ആകാശത്തിലൂടെ പറക്കാനുള്ള സൗകര്യമാണ് റോഡ് ഗതാഗത അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈപോര്‍ട്സ് ദുബൈയില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ പണിയുന്നതിന് നേരത്തെ കരാറിലെത്തിയിരുന്നു.
വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് തന്നെ പറക്കും ടാക്സി ശൃംഖലാ സംവിധാനുമുള്ള ആദ്യ നഗരമായി ദുബൈ മാറും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്താണ് വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാന കേന്ദ്രം വരുന്നത്. ഡൗണ്ടൗണ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് മറ്റു വെര്‍ട്ടിപോര്‍ട്ടുകള്‍ നിർമിക്കുക. അതിനിടെ ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ റേസിങിനും യു.എ.ഇ വേദിയാകുമെന്ന് എയർഷോയിൽ വെളിപ്പെടുത്തിയിരുന്നു.
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പറക്കും കാറുകൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ മെക്ക ഫ്ലൈറ്റിന്റെ സി.ഇ.ഒ ക്രിസ്റ്റ്യൻ പിനിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025ന്റെ അവസാനത്തോടെ പറക്കും റേസിങ് ചാമ്പ്യൻഷിപ്പ് നടത്താനാണ് പദ്ധതിയുള്ളത്. ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന കാറുകളാണ് ഇതിന് ഉപയോഗിക്കുക. ഭൂമിയിൽ നിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. ഭൂമിയിൽ നിന്ന് അഞ്ചു മീറ്റർ മാത്രം ഉയരത്തിൽ പറക്കുന്നതിനാൽ കാണികൾക്ക് മത്സരം കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.