'കാരവൻ ടൂറിസം വരുമാനം വേണമെങ്കിൽ ഈ പരിപാടി നിർത്തണം; അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, വായ്പയെടുത്ത് മുന്നോട്ട് പോകാം'
text_fieldsകൊച്ചി: അഞ്ച് രാജ്യങ്ങൾ പിന്നിട്ട് റോഡ് മാർഗം യൂറോപ്പിൽ നിന്ന് ഒരുഡസനിലേറെ കാരവാനുകളിലായി കേരളത്തിലെത്തിയ ടൂറിസ്റ്റുകളെ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞത് വിമർശനത്തിനിടയാക്കുന്നു. ടൂറിസ്റ്റുകൾ വന്ന കാരവൻ വാഹനം രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാൻ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ടൂറിസം മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് പ്രമുഖ ബ്ലോഗർ നിരക്ഷരൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പ്രതികരിച്ചു.
ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത്തരം പിടിച്ചുപറി നിർത്തണമെന്നും അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നും നിരക്ഷരൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
'കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല. അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ? ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ?' -അദ്ദേഹം ചോദിച്ചു.
പ്രത്യേകം തയാറാക്കിയ കാരവൻ വാഹനങ്ങളിൽ ലോകരാജ്യങ്ങൾ ചുറ്റി സഞ്ചരിക്കുന്ന 33 അംഗ വിദേശികളുടെ സംഘമാണ് കഴിഞ്ഞദിവസം തേക്കടിയിലെത്തിയത്. ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം ഡൽഹിയിൽനിന്നുള്ള മൂന്നു ഗൈഡുമാരും സഹായത്തിനുണ്ട്. ജർമനിയിൽനിന്നുള്ള സംഘം സ്വിറ്റ്സർലൻഡിലെത്തി അവിടെനിന്നുള്ള സംഘവും ചേർന്നു ഒരുമിച്ച് ലോകയാത്ര ആരംഭിക്കുകയായിരുന്നു.
135 ദിവസത്തെ യാത്രക്കിടെ ഏഴ് രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. ഒരു വർഷംകൊണ്ട് 18 രാജ്യം സന്ദർശിക്കാനാണ് തീരുമാനം. ആസ്ട്രേലിയയിൽ യാത്ര അവസാനിക്കും. ലോക സഞ്ചാരത്തിനിടെ മൂന്ന് മാസത്തോളം സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേരളത്തിന്‍റെ മനോഹാരിതയും പ്രകൃതിഭംഗിയും മനസ്സിലാക്കിയാണ് സംഘം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങൾ സന്ദർശിച്ച് ഒടുവിൽ തേക്കടിയിലും എത്തിയത്.
പത്ത് ടണ്ണോളമുള്ള 18 കാരവൻ വാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ച് പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാത്തതിനാൽ രണ്ടിടങ്ങളിലായാണ് പാർക്ക് ചെയ്യുന്നത്. ലോക സഞ്ചാരത്തിനായി ഓരോരുത്തരും 33,000 യൂറോയാണ് ചെലവഴിക്കുന്നത്.
അതേസമയം, സംഭവത്തിന് ശേഷം ടൂറിസ്റ്റുകളെ നേരിൽ കണ്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുശലാന്വേഷണം നടത്തി. കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസ്സിലാക്കി യാത്രയുടെ റൂട്ട് മാറ്റി ഇവിടേക്ക് വന്ന സഞ്ചാരികൾക്ക് നന്ദി പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
'ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും 16 കാരവാനുകളിലായി 31 സഞ്ചാരികൾ യാത്ര തിരിച്ചു. യൂറോപ്പില്‍ നിന്നും തുടങ്ങി 365 ദിവസം 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്റര്‍ കാരവാനില്‍ സഞ്ചരിച്ച് ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിൽ ഗോവ വരെയായിരുന്നു യാത്ര. ഇതിനിടയിലാണ് കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. യാത്രയുടെ റൂട്ട് മാറ്റി 16 കാരവാനുകളും നേരെ കേരളത്തിലേക്ക്. ആലപ്പുഴയും കുമളിയും തേക്കടിയും കഴിഞ്ഞ് തിരുവനന്തപുരത്ത്. അവരെ നേരിൽ കാണാനും കേരളത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷനുകളെ കുറിച്ച് സംസാരിക്കാനും സാധിച്ചു' -മന്ത്രി പറഞ്ഞു.
നിരക്ഷരൻ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്.
.
പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം അവർ ചുറ്റിയടിച്ചു. റോഡ് മാർഗ്ഗം പോകാൻ പറ്റാത്ത ഭൂഖണ്ഡങ്ങളിൽ കപ്പലിൽ കയറ്റി വാഹനം കൊണ്ടുപോയി. തീനും കുടിയും കിടപ്പുമെല്ലാം മാറ്റങ്ങൾ വരുത്തി സജ്ജമാക്കിയ സ്വന്തം വാഹനത്തിൽത്തന്നെ. ലോകം മുഴുവൻ ചുറ്റിയെങ്കിലും ഒരിക്കൽ പോയിടത്ത് പിന്നേയും പലവട്ടം അവർ പോയിക്കൊണ്ടേയിരുന്നു.
.
അവർ സഞ്ചരിച്ച ദൂരം, വലത്തും വശത്തും ഇടത്തും വശത്തും ഓടിച്ച ദൂരങ്ങൾ, മാറ്റിയ ടയറുകളുടെ എണ്ണം, മാറ്റിയ ബ്രേക്ക് പാഡുകളുടെ കണക്ക്, എന്നിങ്ങനെ ആ യാത്രയെപ്പറ്റിയുള്ള കൗതുകകരമായ പല കാര്യങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. അവർ യാത്ര തുടങ്ങിയ കാലത്തെ, നാൽപ്പതുകളിലെ അവരുടെ ചിത്രവും നര പടർന്നുകഴിഞ്ഞ നിലവിലെ ചിത്രവുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.
യാദൃശ്ചികമായ തൊട്ടടുത്ത ദിവസം അബുദാബിയുടെ നിരത്തിൽ അവരെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. എൻ്റെ യാത്രാസ്വപ്നങ്ങളിൽ ഏവിയേഷൻ സ്പിരിറ്റ് കോരിയൊഴിച്ച മനുഷ്യന്മാരുടെ കൂട്ടത്തിൽ ആദ്യം വരുന്നത് ആ ദമ്പതികളാണ്. മൊബൈൽ ക്യാമറയും സെൽഫിയുമൊന്നും ഇല്ലാത്ത കാലമായതുകൊണ്ട് അവർക്കൊപ്പമുള്ള ഒരു ചിത്രമെടുക്കാൻ പറ്റാതെ പോയി.
.
അന്നവർ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം, ലോകത്തെവിടെ പോയാലും അവരുടെ വാഹനത്തിൻ്റെ സർവ്വീസും റിപ്പയറുമൊക്കെ ടൊയോട്ടാ കമ്പനി സ്പോൺസർ ചെയ്തിരുന്നെന്നും, ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും അവർക്ക് ആ സർവ്വീസ് കിട്ടിയെന്നുമാണ്. ഇന്ത്യക്കാരനെന്ന നിലയ്ക്ക് തലകുനിഞ്ഞ് പോയ ഒരു സന്ദർഭം.
.
ഇത്രയും പറഞ്ഞത് ആമുഖം തന്നെയായിരുന്നു. അവരെന്നിൽ ഒഴിച്ച് പോയ എണ്ണ ഇന്നും കത്തിത്തീർന്നിട്ടില്ല. കുറഞ്ഞ പക്ഷം ഇന്ത്യയെങ്കിലും അത്തരത്തിൽ മുഴുവനായി കാണണമെന്ന യാത്രാ പദ്ധതിക്ക് കോപ്പുകൂട്ടുന്നതിനിടയ്ക്ക് ഇന്നലെ കാണാനിടയായ ഒരു വാർത്ത ശരിക്കും നിരാശപ്പെടുത്തി.
.
അഞ്ച് രാജ്യങ്ങൾ പിന്നിട്ട് റോഡ് മാർഗ്ഗം യൂറോപ്പിൽ നിന്ന് 13 കാരവാനുകളിലായി ഇന്ത്യയിലെത്തി, തുടർന്ന് കേരളത്തിലേക്ക് കടന്ന് തേക്കടിയിൽ എത്തിയ 31 അംഗ യാത്രാസംഘത്തെപ്പറ്റിയായിരുന്നു ആ വാർത്ത. ഈ വാർത്ത വരുന്നതിന് ഒരാഴ്ച്ച മുൻപ്, ഇക്കൂട്ടർ ഇടപ്പള്ളി ലുലു മാളിൻ്റെ പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചിത്രം സുഹൃത്ത് അലക്സ് Alex P Job എനിക്കയച്ച് തന്നിരുന്നു. രണ്ട് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് മടങ്ങിയില്ലായിരുന്നെങ്കിൽ ആ സഞ്ചാരികളെ കണ്ട് അൽപ്പനേരം സംസാരിച്ചിരിക്കാൻ കട്ടായം ഞാൻ പോകുമായിരുന്നു.
.
ആ വാർത്തയുടെ അവസാനം പറഞ്ഞിരുന്ന കാര്യം ശരിക്കും മാനക്കേടുണ്ടാക്കി.
.
" കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി സഞ്ചാരികള്‍ പറഞ്ഞു. വാഹനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാനും ശ്രമിച്ചു. ഒടുവില്‍ ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. "
.
മന്ത്രിയുടെ ഓഫീസിൽ ഈ വിവരം എങ്ങനെയെത്തി എന്നത് വേറെ അന്വേഷിക്കണം. എത്തിയില്ലായിരുന്നെങ്കിൽ അവർ 10,000 രൂപ ഒടുക്കാതെ അവിടന്ന് തടിയൂരില്ലായിരുന്നു. ടൂറിസം മന്ത്രി റിയാസ്, കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരി ആയത് അവർക്ക് തുണയായി. ഇതേപ്പറ്റിയുള്ള മാതൃഭൂമി വാർത്തയ്ക്കടിയിൽ താഴെ കാണുന്ന ഒരഭിപായം ഞാൻ രേഖപ്പെടുത്തുകയുണ്ടായി.
" കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. ഇങ്ങോട്ട് വരുന്നവരെ സത്യത്തിൽ പൂവിട്ട് പൂജിക്കണം."
ആ അഭിപ്രായത്തെ അനുകൃലിച്ചും എതിർത്തും പലരും സംസാരിക്കുകയുണ്ടായി. സഭ്യമല്ലാത്ത രീതിയിലും ഒരാൾ എനിക്കെതിരെ കയർത്തു.. അത്തരം സ്ഥലങ്ങളിൽ കൂടുതൽ തർക്കിക്കാനും അവരുടെ നിലവാരത്തിൽ മറുപടി കൊടുക്കാനും എനിക്കാവില്ല. ആയതിനാൽ എതിർത്ത് സംസാരിച്ച ചിലർക്കുള്ള മറുപടി ഇവിടെ രേഖപ്പെടുത്തുന്നു.
.
എതിർ സ്വരം 1:- "നിയമം നടപ്പിലാക്കണ്ടേ? ഈ വാഹനങ്ങൾ പോയി എവിടെയെങ്കിലും അപകടം ഉണ്ടാക്കിയാൽ അതും വാർത്തയാകില്ലേ ? അപ്പോൾ MVD യെ കുറ്റം പറയാൻ ഇതുപോലെ കുറേപ്പേർ ഉണ്ടാകില്ലേ ?
മറുപടി 1:- അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ.
അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല. അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ?ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ?
ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ (തൽക്കാലം അത് മാത്രം പറയാം) കമ്പനിയിൽ നിന്ന് ഇറങ്ങുന്നതിൽ കൂടുതലായി പിടിപ്പിക്കുന്ന ഏതൊരു സംവിധാനവും നിയമലംഘനമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഹോൺ, ക്രാഷ് ഗാർഡുകൾ, എക്ട്രാ ലൈറ്റുകൾ ഒക്കെ ഈ കണക്കിൽ പെടും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുത്ത കാറിൽ പിടിപ്പിച്ചിട്ടുള്ള എക്ട്രാ സംവിധാനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിയമം നടപ്പിലാക്കണമെന്ന് ഘോഷിക്കുന്നവർ ആരെങ്കിലും ? ഈയിടെ ഒരു എം. എൽ. എ. യുടെ സ്വകാര്യ കാർ അപകടത്തിൽപ്പെട്ടതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിൽ പിടിപ്പിച്ചിരുന്ന അധികപ്പറ്റ് ഹോണുകൾ മാത്രം നിരത്തിലുണ്ടാക്കിയിട്ടുള്ള ശബ്ദമലിനീകരണം എത്ര ഭീകരമായിരുന്നെന്ന് വല്ല ഊഹവുമുണ്ടോ നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവർക്ക്. ഇപ്പറഞ്ഞതൊക്കെ നമ്മുടെ നിരത്തിൽ സ്ഥിരമായി ചീറിപ്പായുന്ന വാഹനങ്ങളാണ്.
യൂറോപ്പിൽ നിന്ന് ഇവിടത്തെ നിബന്ധനകൾ അറിയാതെ വന്നവർ രണ്ടാഴ്ച്ച കഴിഞ്ഞ് മടങ്ങിപ്പോകും. അവർക്ക് മോശം അനുഭവം ഇന്ത്യയിൽ ഉണ്ടായി എന്നറിഞ്ഞാൽ മറ്റ് വിദേശ കാരവാനുകൾ ഈ വഴി വരാതാകും. ആയതിനാൽ, കാരവൻ പാർക്കുകൾക്ക് ടെൻഡർ കൊടുത്ത് നിർമ്മാണവും തുടങ്ങിക്കഴിഞ്ഞ സംസ്ഥാനത്ത്, കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രി, ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥനയുണ്ട്. ഇതേ വാഹനങ്ങൾ മൈസൂർ കടന്ന് പോയപ്പോൾ അവർക്ക് പൊലീസ് എസ്ക്കോർട്ട് ഉണ്ടായിരുന്നെന്ന കമൻ്റും മാതൃഭൂമി വാർത്തക്കടിയിൽ കാണാം. അത്രേമൊന്നും ചെയ്തില്ലെങ്കിലും സംസ്ഥാനാതിർത്ഥിയിൽ പിടിച്ചിട്ട് പീഡിപ്പിക്കരുത്.
അവരോടിക്കുന്ന വാഹനങ്ങളിൽ പലതും ഇന്ത്യയിൽ മരുന്നിന് പോലും ഇല്ലാത്തതാണെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ ആ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു ലിഖിത ധാരണകളും ഈ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഉണ്ടാകണമെന്നില്ല.
അവരായിട്ട് ഇന്നാട്ടിൽ വന്ന്, അവരുടെ പിശക് കാരണം അപകടമുണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ്. ലേൻ ട്രാഫിക്ക്, ഇൻഡിക്കേറ്റർ ഉപയോഗം, റിയർ വ്യൂ മിറർ ഉപയോഗം, സൈഡ് മിറർ ഉപയോഗം, സിഗ്നലുകൾ അനുസരിക്കൽ എന്നിവയൊന്നും ഒരുതരത്തിലും പാലിക്കാത്ത, ഏത് ഇടവഴിയിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ ഹൈവേകളിലേക്ക് ഇടംവലം നോക്കാതെ വാഹനം കുതിപ്പിക്കുന്ന, ലൈസൻസ് ഇല്ലാത്തവനും ലൈസൻസ് പ്രായം ആകാത്തവനുമൊക്കെ വാഹനമോടിക്കുന്ന, നേരെ ചൊവ്വേ നല്ല റോഡുകൾ ഇല്ലാത്ത, ഒരു പ്രദേശത്തുകൂടെ അപകടമൊന്നും കൂടാതെ മേൽപ്പറഞ്ഞ യൂറോപ്യന്മാർ വാഹനമോടിച്ച് കാഴ്ച്ചകൾ കണ്ട് പിരിയുന്ന ദിവസം വാളയാർ അതിർത്തി വരെ ചെന്ന് ധീരതയ്ക്കുള്ള അവാർഡ് ഒരെണ്ണം കൊടുത്ത് പൊന്നാടയും പുതപ്പിച്ച് അവരെ യാത്രയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.
എതിർസ്വരം 2:- "സൗദിയിൽ ജോലി ചെയ്യുന്ന ലൈസൻസ് ഇല്ലാത്ത ഞാൻ, അവിടെ ഒരു വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിൽ വെറുതെ കയറി ഇരുന്നതിന് ഫൈനടിച്ചിട്ടുണ്ട്. അതുപോലെ എല്ലാ രാജ്യങ്ങളിലേയും നിയമങ്ങൾ അവിടെ ചെല്ലുന്നവർ അനുസരിച്ചേ പറ്റൂ."
മറുപടി 2:- സൗദിയിൽ ജോലി ചെയ്യുന്ന ഒരാൾ അന്നാട്ടിലെ സ്ഥിര താമസക്കാരൻ കൂടെയാണ്. ആ നാട്ടിലെ നിയമങ്ങളെപ്പറ്റി മിനിമം ധാരണകൾ അയാൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു സ്ഥാപനത്തിലെ വിസിറ്റർ കസേരയിൽ അല്ലാതെ, ഔദ്യോഗിക സീറ്റിൽ ചെന്നിരിക്കുമ്പോൾ ആ സ്ഥാപനത്തിൻ്റെ ജോലിക്കാരനാണെന്ന് കാണിക്കുന്ന വിസ (പത്താക്ക) കൈയിൽ ഇല്ലെങ്കിൽ, പിടിച്ച് ഫൈനടിക്കുകയും ജയിലിൽ ഇടുകയും വിസ ക്യാൻസൽ ചെയ്ത് ഡീ പോർട്ട് ചെയ്യുകയുമൊക്കെ മിക്കവാറും അറബ് രാജ്യങ്ങളിലെ രീതികളാണ്. അതുപോലെയല്ല ഒന്നോ രണ്ടോ ആഴ്ച്ചകൾ സ്വന്തം വാഹനത്തിൽ സഞ്ചാരികളായി ഏതെങ്കിലും രാജ്യത്തുകൂടെ കടന്ന് പോകുന്നവർ. പോകുന്ന എല്ലാ രാജ്യങ്ങളിലേയും എല്ലാ നിയമങ്ങളും അവർ അറിഞ്ഞിരിക്കണമെന്നില്ല. അവർക്ക് കടന്ന് പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരും.
ഇതിൽക്കൂടുതലൊന്നും പറയാനില്ല. പരത്തി പറയാനാണെങ്കിൽ പറഞ്ഞ് തീരുകയുമില്ല.
വാൽക്കഷണം:- വാൻ ലൈഫ് ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു സുഹൃത്തുമായി ഈയിടെ സംസാരിക്കാനിടയായി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാരവാൻ പോലുള്ള സംവിധാനങ്ങൾക്ക് പിടിവീഴുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്. കേരള അതിർത്തിക്കുള്ളിലേക്ക് കടന്നയുടനെ കാരവനെ സാധാരണ വാഹനത്തിൻ്റെ കോലത്തിലാക്കിയാണ് അദ്ദേഹം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എന്നുവെച്ച് വാഹനത്തിൽ എന്ത് കോപ്രായവും കാണിച്ച്, അമിത വേഗത്തിൽ പായുന്ന ഈ-ബുൾ ജെറ്റുകൾക്ക് പൂട്ടിടണ്ട എന്നല്ല. നിയമത്തിന്റെ പേരിൽ വിവേചനബുദ്ധിയെ മാറ്റിനിർത്തരുത്. അല്ലെങ്കിൽ കാരവൻ ടൂറിസം എപ്പോൾ കട്ടപ്പുറത്ത് കയറിയെന്ന് ചോദിച്ചാൽ മാത്രം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.