കസ്വയുടെ കിസ്സ
text_fieldsഇന്ത്യയിലെ ആദ്യ ലക്ഷ്വറി എം.പി.വി കേരളത്തിന്റെ സംഭാവനയാണെന്നറിയോമോ! കാൽനൂറ്റാണ്ടു മുമ്പ് തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ട് നിർമിക്കപ്പെട്ട കസ്വ. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച ‘ഹരികൃഷ്ണൻസി’ൽ പ്രത്യക്ഷപ്പെട്ടതോടെ കസ്വ താരമായി. 1998ൽ ലോഞ്ച് ചെയ്തപ്പോൾ 50 ബുക്കിങ് കിട്ടിയിട്ടും ഏഴ് എണ്ണത്തിൽ മാത്രമൊതുങ്ങിയ കസ്വയുടെ കിസ്സക്ക് 25 വയസ്സ്...
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ഹരികൃഷ്ണൻസ്’ ഇനി കാണുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ. ചില സീനുകളിൽ ഇന്നത്തെ ഇന്നോവയെ ഓർമിപ്പിക്കുന്നൊരു കാറിൽ ഇരുവരും യാത്രചെയ്യുന്നത് കാണാം. ഒറ്റനോട്ടത്തിൽ പഴയ റെനോ എസ്കേപ് പോലെ തോന്നുമെങ്കിലും ആൾ നാടനാണ്. തനി ‘മലയാളി’യായ എം.പി.വി (multi purpose vehicle). പേര് കസ്വ.
അതെ, 25 കൊല്ലം മുമ്പ് ഇന്ത്യയിലെ ആദ്യ ലക്ഷ്വറി എം.പി.വി കേരളത്തിലാണ് പിറവിയെടുത്തത്. ടയോട്ട ക്വാളിസും ഇന്നോവയുമൊക്കെ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ തുല്യ നിലവാരത്തിലുള്ള വാഹനം നിർമിച്ചത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ട് കാജാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള രാജാ മോട്ടോഴ്സ് ആയിരുന്നു. കാൽനൂറ്റാണ്ട് മുമ്പുതന്നെ കാലത്തിന് മുമ്പേ ഓടിയ കസ്വയിൽ അന്നുതന്നെ ഇന്നത്തെ ന്യൂജൻ വാഹനങ്ങളിൽ കാണുന്ന സൗകര്യങ്ങളുണ്ടായിരുന്നു.
1998 ജൂലൈയിൽ കൊച്ചിയിൽ നടന്ന വമ്പൻ ചടങ്ങിലാണ് കസ്വ ലോഞ്ച് ചെയ്തത്. ‘ഹരികൃഷ്ണൻസി’ൽ സൂപ്പർതാരങ്ങൾക്കൊപ്പം ‘അഭിനയിച്ചതോടെ’ കസ്വയും സെലിബ്രിറ്റിയായി. അവതരിപ്പിച്ചയുടൻ 50 ബുക്കിങ് ലഭിച്ചിട്ടും ഏഴ് വാഹനങ്ങൾ നിർമിക്കാനേ രാജാ മോട്ടോഴ്സിന് കഴിഞ്ഞുള്ളൂ. വിൽപന-സേവന സൗകര്യങ്ങളുടെ പരിമിതികളടക്കം നിരവധി കാരണങ്ങൾമൂലം അവർക്ക് കാർ നിർമാണം നിർത്തിവെക്കേണ്ടി വന്നു.
അങ്ങനെ സിനിമയിലെ സീനുകളിൽ മാത്രമായി കസ്വയുടെ ഓട്ടം ഒതുങ്ങി. 1994ൽ തൃശ്ശൂർ ചാലക്കുടി ആസ്ഥാനമായ ‘എഡി കറന്റ് കട്രോൾസ്’ എന്ന സ്ഥാപനം പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ വൈദ്യുതി കാർ ആയ ‘ലവ് ബേർഡി’നും കസ്വയുടെ അതേ വിധിയായിരുന്നെന്നതും യാദൃച്ഛികം.
അന്നേ ന്യൂജൻ
ബീഡി ബിസിനസും ആയുർവേദ ഹെൽത്ത് ഫാമിന്റെ നടത്തിപ്പുമൊക്കെയായി സജീവമായിരുന്ന കാജാ ഗ്രൂപ്പിലെ പുതുതലമുറ പാരമ്പര്യേതര വഴിയേ സഞ്ചരിക്കാൻ കൂട്ടുപിടിച്ചതാണ് കസ്വയെ. വാഹനപ്രേമികളായ അവർ ഒരു സ്പോർട്സ് കാർ അവതരിപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. അത് എത്തിനിന്നത് വിദേശ രാജ്യങ്ങളിലും മറ്റും കണ്ട വാഹനങ്ങളിലെ സൗകര്യങ്ങളുൾപ്പെടുത്തിയുള്ള ഒരു എം.പി.വി നിർമിക്കുക എന്ന തീരുമാനത്തിലാണ്.
അക്കാലത്ത് ഇന്ത്യയിൽ നിർമിച്ചിരുന്ന കാറുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തിലുള്ളതായിരിക്കണം എന്ന നിർബന്ധബുദ്ധിയും അവർക്കുണ്ടായിരുന്നു. അതിനായി കൂട്ടുപിടിച്ചതാകട്ടെ ഈ രംഗത്തെ അതികായരായ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനെയും. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് 2.0 ടര്‍ബോ ചാർജ് ഇസുസു ഡീസല്‍ എന്‍ജിനാണ് (56 എച്ച്.പി) കസ്വക്ക് നൽകിയത്.
അതിനും ശേഷമാണ് അംബാസഡറിന് കരുത്തുപകരാൻ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഈ എൻജിൻ ഉപയോഗിച്ച് തുടങ്ങിയതെന്ന് ഓട്ടോമൊബൈൽ രംഗത്തെ വിദഗ്ധർ പറയുന്നു. പ്രതിവർഷം 150 കാറുകൾ നിർമിക്കാനുള്ള കരാറിലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സും രാജാ മോട്ടോഴ്സും ഏർപ്പെട്ടത്.
എൻജിന് പുറമേ ഗിയർബോക്സ്, ഡ്രൈവ്ലൈൻ, സസ്പെൻഷൻ, പവർ സ്റ്റിയറിങ്, ബ്രേക്കിങ് സിസ്റ്റങ്ങൾ എന്നിവയുടെ ചുമതലയും ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരുന്നു. കോണ്ടസയിൽ ഉപയോഗിച്ചിരുന്ന പാർട്സായിരുന്നു ഇതിലധികവും. ജാപ്പനീസ് പോലെ തോന്നിക്കുന്നതിനാലും ഈ പേരിൽ അപൂർവ ഇനം ഒട്ടകം ഉള്ളതിനാലുമാണ് ‘കസ്വ’ എന്ന പേര് തിരഞ്ഞെടുത്തത്.
പവർ വിൻഡോകൾ, പവർ സ്റ്റിയറിങ്, ഡ്യുവൽ എയർ കണ്ടീഷനർ, സെൻട്രൽ ലോക്കിങ്, അലോയ് വീലുകൾ തുടങ്ങി ഏറ്റവും പുതിയ ഫീച്ചറുകളായിരുന്നു കാറിന്റെ പ്രത്യേകതകൾ. 6.5-7 ലക്ഷത്തിനിടയിലാണ് വില നിശ്ചയിച്ചിരുന്നത്. കസ്വ വിശാലവും ഇന്നോവയെക്കാൾ 30 എം.എം വീതിയുള്ളതുമായിരുന്നു.
ഡിസൈനും വളരെ മോഡേണായിരുന്നു. വിൻഡ് സ്ക്രീനും സൈഡിലെ ക്വാർട്ടർ ഗ്ലാസും വലിയ ദൃശ്യപരതയാണ് നൽകിയിരുന്നത്. ഉന്നത ഗുണനിലവാരമുള്ള സീറ്റുകളും അപ്ഹോൾസ്റ്ററിയുമാണ് ഉപയോഗിച്ചിരുന്നത്. മൂന്നാം നിര സീറ്റിൽപ്പോലും വിശാലമായി ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി.
അവിടെയും എ.സി വിൻഡോയും കൺട്രോൾ സ്വിച്ചും ആംറെസ്റ്റും കപ്പ് ഹോൾഡറുമൊക്കെ ഉണ്ടായിരുന്നു. റെനോ എസ്കേപ്പിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കസ്വ ഡിസൈൻ ചെയ്തത്. വളരെയധികം സാമ്യം ഇരുവാഹനങ്ങൾക്കുണ്ടായിരുന്നു. ഇതുമൂലം റെനോയിൽനിന്ന് കേസ് ഉണ്ടാകുമോയെന്ന ആശങ്കയും കസ്വയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി.
പലവിധ നികുതിയിളവുകൾ ലഭിക്കാനായി ഒരു ചെറുകിട വ്യവസായ സംരംഭമായിട്ടാണ് കസ്വയുടെ നിർമാണ യൂനിറ്റിനെ രജിസ്റ്റർ ചെയ്യാനിരുന്നത്. ഇതിന് അനുമതി ലഭിക്കാഞ്ഞതും തിരിച്ചടിയായി. ഫൈബർ ഗ്ലാസ് നിർമാണത്തിൽ ഇപ്പോഴും സജീവമാണ് കാജാ ഗ്രൂപ്. കർണാടകയിലും തമിഴ്നാട്ടിലുമുള്ള ഇവരുടെ പ്ലാന്റുകളിൽ നിന്ന് അശോക് ലെയ്ലൻഡ്, ടാറ്റ എന്നിവർക്ക് ഫൈബർ ഗ്ലാസ് പാർട്സ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.