ഹോണ്ടയുടെ വിമതൻ, റെബൽ വരുന്നൂ; 1100 സി.സി എഞ്ചിൻ കരുത്തുപകരും
text_fieldsഹോണ്ട പുതിയ റെബൽ 1100 അവതരിപ്പിച്ചു. കമ്പനിയുടെ ഹൈ എൻഡ് ക്രൂസർ ബൈക്കാണ് റെബൽ. 1084 സിസി എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. ഡിഫറൻറ് ക്യാം പ്രൊഫൈലും ഇഗ്നിഷൻ ടൈമിങ്ങും ഉള്ള വാഹനമാണ് റെബൽ. നാല് തരത്തിലുള്ള ട്രാക്ഷൻ കൺട്രോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റൈഡിങ് മോഡുകളും നാല്തരത്തിലുണ്ട്. ഇതിൽ ഒരെണ്ണം റൈഡർക്ക് അനുയോജ്യമായി ക്രമീകരിക്കാവുന്നതാണ്.
റെബൽ 1100 നെക്കുറിച്ചുള്ള ഏറ്റവും വലിയ സംസാര വിഷയം അതിെൻറ എഞ്ചിനാണ്. 1084 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ബൈക്കിന്. ഹോണ്ടയുടെ മുൻനിര അഡ്വഞ്ചർ ടൂററായ ആഫ്രിക്ക ട്വിന് ശക്തി നൽകുന്ന അതേ യൂനിറ്റാണിത്. എഞ്ചിനെ റെബലിെൻറ ക്രൂസർ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് ഹോണ്ട. വാഹനത്തിെൻറ രണ്ട് സിലിണ്ടറുകൾക്കായി കമ്പനി വ്യത്യസ്ത ക്യാംഷാഫ്റ്റ് പ്രൊഫൈലുകളും ഇഗ്നിഷൻ ടൈമിംഗും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഒരു സിലിണ്ടർ 4000 ആർപിഎമ്മിനു താഴെ പരമാവധി കരുത്ത് പുറത്തെടുക്കും. മറ്റൊന്ന് 4000 ആർപിഎമ്മിന് മുകളിലായിരിക്കും നന്നായി പെർഫോം ചെയ്യുക.
എഞ്ചിെൻറ ശേഷി പൂർണ്ണമായി വിനിയോഗിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ഹോണ്ട എഞ്ചിനീയർമാരുടെ വിലയിരുത്തൽ. സാധാരണ ക്രൂയിസറുകളുടെ പ്രത്യേകതയായ സവാരി അനുഭവം പ്രാപ്തമാക്കുന്നതിന് എഞ്ചിെൻറ വിശാലമായ ടോർക്ക് ബാൻഡ് സഹായിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. ആറ് സ്പീഡ് ട്രാൻസ്മിഷൻ അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ റെബൽ ലഭ്യമാണ്. ഹാൻഡിൽബാറിലെ ബട്ടണുകൾ ഉപയോഗിച്ച് ഡിസിടി അല്ലെങ്കിൽ ഷിഫ്റ്റ് ഗിയറുകളിൽ ഓടിക്കാനാവും.
പരിചിതമായ രൂപകൽപ്പനയാണ് റെബലിന്. അളവുകളുടെ കാര്യത്തിൽ ഇത് വലുതാണെങ്കിലും റെബൽ 500 ന് സമാനമായ വാഹനമാണിത്. ബോബർ രൂപഭാവമാണ് പൊതുവിലെന്നുപറയാം. സീറ്റ് ഉയരം 698 മിമി മാത്രമുള്ളത് കാരണം ഉയരംകുറഞ്ഞ റൈഡർമാർക്കും സഞ്ചരിക്കാനാവും. മാനുവൽ ട്രാൻസ്മിഷൻ സജ്ജീകരിച്ച വേരിയൻറിന് 220 കിലോയാണ് ഭാരം. ഡിസിടി വേരിയൻറിന് 10 കിലോഗ്രാം ഭാരം കൂടും. റെബൽ 1100 ഉടൻ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിലേക്ക് ബൈക്ക് ഹോണ്ട എത്തിക്കുമോ എന്നത് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.