കാർഡ് ബോർഡ് വിറ്റ് 23ാം വയസിൽ ഔഡി കാർ വാങ്ങി യുവാവ്; കഠിനാധ്വാനം വഴികാട്ടുമെന്ന് ജാക്ക്
text_fieldsഒരു വാഹനം എന്നത് എല്ലാ മനുഷ്യരുടേയും സ്വപ്നമാണ്. യുവാക്കളാണ് ഏറ്റവും വലിയ വാഹന കമ്പക്കാർ. എന്നാൽ എല്ലാവർക്കും അവരുടെ ചെറുപ്പ കാലത്ത് സ്വന്തമായൊരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവണമെന്നില്ല. മലേഷ്യയിൽ 26കാരനായ യുവാവ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ കഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. 23മത്തെ വയസിൽ ഔഡി കാറാണ് ജാക്ക് എന്നയാൾ ഗ്യാരേജിലെത്തിച്ചത്. ഇപ്പോൾ 26 വയസുള്ള ജാക്ക് ഔഡിയുടെ തന്നെ സ്പോർട്സ് കാറായ ടി.ടി വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.
'19 വയസ്സുള്ളപ്പോൾ, അച്ഛൻ തന്ന മൈവി ഹാച്ച്ബാക്ക് ഓടിച്ചാണ് ഞാൻ പഠിക്കാനായി ക്വാലാലംപൂരിൽ എത്തിയത്. തുടർന്ന്, ഈ വലിയ നഗരത്തിൽ കഠിനാധ്വാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാല് വർഷം പ്രധാനമായും കാർഡ് ബോർഡുകൾ വിൽക്കുന്ന ജോലിയാണ് ചെയ്തത്'-ജാക്ക് ഫേസ്ബുക്കിൽ കുറിച്ചു.
'എന്റെ സുഹൃത്തുക്കൾ പ്രശസ്തമായ സ്കൂളുകളിൽ പഠിക്കുന്നതും അവരുടെ ജീവിതം ആഡംബരത്തോടെ നയിക്കുന്നതും ഞാൻ കണ്ടു. സ്കൂൾ ഫീസിനായി എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. എന്നാൽ എപ്പോഴും കുറച്ച് പണം മിച്ചംവയ്ക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. എനിക്ക് 23 വയസ്സായപ്പോൾ, ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള പണം ലാഭിക്കാൻ കഴിഞ്ഞു. അങ്ങിനെയാണ് സെക്കൻഡ് ഹാൻഡ് ഔഡി കാർ വാങ്ങുന്നത്. അതിനായി ഞാൻ ഒരു ലക്ഷം റിങ്കിറ്റ് ചിലവഴിച്ചു. എന്റെ ബിരുദം പൂർത്തിയായപ്പോ ഞാനൊരു ഔഡി ഉടമയയായും മാറി'-ജാക്ക് എഴുതുന്നു.
തനിക്ക് ഇപ്പോൾ 26 വയസ്സായതായും കാർഡ് ബോർഡുകളുടെ വിൽപ്പന തുടരാനും ഭാവിയിൽ ഒരു ഔഡി ടി.ടിഐയിലേക്ക് മാറാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഡ് ബോർഡുകൾ വിൽക്കുന്നതിനുപുറമെ, ജാക്ക് ഒരു ബബിൾ ടീ ഷോപ്പിലും ജോലി ചെയ്തിരുന്നു.
ജാക്ക് പണ്ടേ ഒരു വണ്ടി പ്രാന്തനാണെന്നാണ് കൂട്ടുകാരും പറയുന്നത്.'ഔഡി ടി.ടി അത്ര ചെലവേറിയതല്ല. പക്ഷെ അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. ചിലർ എന്നെ അവജ്ഞയോടെ വീക്ഷിച്ചേക്കാം. എന്നാൽ എന്റെ നേട്ടങ്ങൾ മറ്റുള്ളവരെപ്പോലെ മികച്ചതാണെന്ന് ഞാൻ കരുതുന്നു'-ജാക്ക് പറഞ്ഞു. നിലവിൽ തന്റെ വാഹനത്തിൽ ഡ്രാഗൺ ഫ്രൂട്ട് വിൽക്കുന്ന ബിസിനസ്സും ജാക്ക് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.