അമിതവേഗത്തിന് ലഭിച്ചത് 89 പെറ്റികൾ; പിഴത്തുക കണ്ട് ഞെട്ടി വാഹന ഉടമ
text_fieldsകോഴിക്കോട്: വേഗതാനിയമം നിരന്തരം ലംഘിച്ചതിന് വാഹന ഉടമ ഒറ്റത്തവണ പിഴയൊടുക്കിയത് 1,33,500 രൂപ. കണ്ണൂർ കുത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എസ്.യു.വി വാഹനമാണ് 89 തവണ മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണ കാമറയിൽ വേഗപരിധി നിയമം ലംഘിച്ചതായി തെളിഞ്ഞത്. 2020 മുതലുള്ള പിഴ ഇദ്ദേഹം മോട്ടോർ വാഹനവകുപ്പിൽ അടച്ചു. ഓരോ തവണയും 1500 രൂപ വീതമാണ് പിഴ വീണത്.
ദേശീയ പാതയിൽ സ്ഥാപിച്ച കാമറയിൽ നിയമലംഘനം രേഖപ്പെടുത്തിയപ്പോഴൊക്കെ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിട്ടും പിഴ ഒടുക്കിയിരുന്നില്ല. കഴിഞ്ഞദിവസം അപകടത്തിൽപെട്ടതിനെ തുടർന്ന് ഇൻഷുറൻസ് ആവശ്യത്തിനായി പരിശോധിച്ചപ്പോഴാണ് വാഹനം കരിമ്പട്ടികയിലാണ് എന്നറിയുന്നത്. ഇതേ തുടർന്ന് വാഹന ഉടമ പിഴത്തുക ഒരുമിച്ച് ഓൺലൈൻ വഴി അടക്കുകയായിരുന്നു. കോയമ്പത്തൂരിൽ ബിസിനസുകാരനാണ് വാഹന ഉടമ.
പരിശോധന ഹൈടെക്
വാഹന പരിശോധന ഹൈടെക് ആയതോടെ ഉടമകൾ അറിയാതെ തന്നെ നിയമലംഘനങ്ങൾക്കുളള പിഴ കുന്നുകൂടുക പതിവായിട്ടുണ്ട്. പരിശോധന ഡിജിറ്റൽ ആയതോടെ വാഹനം തടയുന്നതും പെറ്റി അടിക്കുന്നതും കുറഞ്ഞു. അമിതവേഗം അടക്കമുള്ള നിയമ ലംഘനങ്ങൾ വാഹനത്തിന്റെ ചിത്രം സഹിതം മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ തെളിയും. വകുപ്പിന്റെ വെബ്സൈറ്റിൽ ചിത്രവും സമയവും സഹിതമുള്ള വിവരങ്ങൾ ആർടി രേഖകൾക്കൊപ്പം രേഖപ്പെടുത്തും.
എന്നാൽ ഇതു സംബന്ധിച്ചുള്ള അറിയിപ്പോ ഇ– ചെലാനോ നേരിട്ടു വാഹന ഉടമയ്ക്കു ലഭിക്കണമെന്നില്ല. ഇത് ഉടമയുടെ പേരിൽ പിഴയായി കിടക്കും. മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കായി ഉടമ എത്തുമ്പോഴാവും നിയമലംഘന പിഴത്തുക അറിയുന്നത്. പല തവണയുണ്ടായ നിയമലംഘനങ്ങളുടെ പിഴ പലർക്കും ഒരുമിച്ച് അടയ്ക്കേണ്ടി വരും. ഇതു തർക്കങ്ങൾക്കും ഇടയാകും. ഈയിടെ പ്രാബല്യത്തിൽ വന്ന പുതുക്കിയ മോട്ടർ വാഹന നിയമ പ്രകാരം വലിയ തുകയാണു പിഴയിനത്തിൽ ഈടാക്കുന്നത്.
ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഇ-ചലാൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താൽ ഉടൻതന്നെ ചെക്ക് റിപ്പോർട്ട് തയാറാക്കി വാഹൻ-സാരഥി വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കും. പിഴ ചുമത്തിയതു സംബന്ധിച്ചു വാഹന ഉടമയ്ക്ക് എസ്എംഎസ് ലഭിക്കും. എല്ലാ പരിശോധനയിലും പിഴ ചിലപ്പോൾ ഉടമസ്ഥനെ അറിയിക്കാൻ കഴിയില്ല.
ഇന്റർസെപ്ടർ പോലെയുള്ള വാഹനങ്ങളിൽ ക്യാമറ ഒളിപ്പിച്ചു വഴിയരികിൽ നിർത്തിയിട്ടുള്ള പരിശോധനയിൽ ഉടമസ്ഥൻ അറിയാതെ പിഴ ചുമത്തപ്പെടുന്നുണ്ട്. ദേശീയപാതയോടു ചേർന്നുളള സംസ്ഥാന പാതകളിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹന ഉടമകൾ വേഗ പരിധി അറിയാതെ പോകുന്നതും നിയമലംഘനത്തിനു കാരണമാകുന്നു.
വാഹന ഉടമയുടെ ഫോൺ നമ്പർ മാറിയാലും അഡ്രസ് മാറിയാലും നോട്ടിസ് ലഭിക്കില്ല. പരിശോധനകൾ കൂടുമ്പോൾ ഗതാഗത നിയമ ലംഘനം നടത്തിയ എല്ലാവരെയും പിഴ ചുമത്തിയ കാര്യം അറിയിക്കാൻ കഴിയില്ല. സേവനങ്ങൾക്കായി എത്തുമ്പോൾ ഈ പിഴ ഈടാക്കും. പിഴ അടയ്ക്കാൻ താമസിച്ചതിന് ഫൈൻ ഈടാക്കാറില്ല.
പിഴത്തുകകൾ
∙അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ- 2000 രൂപ
∙അന്തരീക്ഷ ശബ്ദമലിനീകരണം- 2000 രൂപ
∙മദ്യപിച്ചു വാഹനം ഓടിച്ചാൽ- 10000 രൂപ
∙ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ- 5000 രൂപ
∙അമിതവേഗതയ്ക്കുള്ള പിഴ: എൽ.എം.വി- 1500 രൂപ മീഡിയം, ഹെവി വാഹനങ്ങൾ- 3000 രൂപ
∙സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ- 500 രൂപ
∙രണ്ടിൽ കൂടുതൽ ആളുകൾ മോട്ടർ സൈക്കിളിൽ യാത്ര ചെയ്താൽ- 1000 രൂപ
കേരളത്തിൽ കാറിന്റെ വേഗപരിധി
∙നാലുവരിപ്പാതയിൽ - 90 കിലോമീറ്റർ
∙ദേശീയ പാതയിൽ - 85
∙സംസ്ഥാന പാതയിൽ - 80
∙സിറ്റി/മുനിസിപ്പാലിറ്റി- 50
∙സ്കൂൾ പരിസരം- 30
ബൈക്കിന്റെ വേഗപരിധി
നാലുവരിപ്പാതയിൽ - 70 കിലോമീറ്റർ
∙ദേശീയപാതയിൽ - 60 കിലോമീറ്റർ
∙സംസ്ഥാനപാതയിൽ - 50
∙സിറ്റി/മുനിസിപ്പാലിറ്റി - 50
∙സ്കൂൾ പരിസരം- 30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.