രാജ്യത്തെ ട്രക്കുകളെ ‘കുളിരണിയിക്കാൻ’ മന്ത്രി; നിർണായക തീരുമാനവുമായി കേന്ദ്ര ഗതാഗത വകുപ്പ്
text_fieldsലോകത്തിലെ ഏറ്റവും കഠിനമായ ജോലികളിലൊന്ന് എന്നാണ് ട്രക്ക് ഡ്രൈവിങ്ങിനെ വിശേഷിപ്പിക്കുന്നത്. നിരവധി മണിക്കൂറുകൾ ഏകാന്തവും വിജനവുമായ പാതകളിലൂടെ കൂറ്റൻ ട്രക്കുകൾ ഓടിച്ചുപോവുക എന്നത് അത്ര സുഖകരമായ ഒന്നല്ല. ഇന്ത്യയിലാണെങ്കിൽ ഈ ജോലിയുടെ കാഠിന്യമേറും. കടുത്ത ചൂടും തണുപ്പും എല്ലാം അനുഭവിച്ചുവേണം ഇന്ത്യയിൽ ട്രക്ക് ഡ്രൈവർമാർ ജോലി ചെയ്യാൻ. ഇത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാജ്യത്തെ ട്രക്കുകൾ പോലുള്ള വാണിജ്യ വാഹനങ്ങൾക്ക് നിർബന്ധിത ഫീച്ചറായി ഉടൻ തന്നെ എയർ കണ്ടീഷനിങ് ലഭ്യമാക്കുമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്. രാജ്യത്ത് ട്രക്ക് ഡ്രൈവർമാർ കടുത്ത ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാണെന്ന് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഗഡ്‍കരി പറഞ്ഞു. ട്രക്ക് ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്‍ത ക്യാബിനുകൾ വേണമെന്ന് താൻ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ചെലവ് വർധിപ്പിക്കുമെന്ന് പറഞ്ഞ് ചിലർ ഇതിനെ എതിർത്തിരുന്നു. എങ്കിലും ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകൾ എയർകണ്ടീഷൻ ചെയ്യണമെന്ന ഫയലിൽ താൻ ഒപ്പുവച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
‘നിലവിൽ, ഒരു ട്രക്ക് ഡ്രൈവർ ദിവസവും 15 മണിക്കൂർ തുടർച്ചയായി ഡ്രൈവ് ചെയ്യുന്നു. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റ് രാജ്യങ്ങളിലേതുപോലെ ഡ്രൈവർമാരുടെ ജോലി സമയം ഉടൻ നിശ്ചയിക്കണം. ഗതാഗത മേഖലയിൽ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് രാജ്യത്തുടനീളം കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കണം’-മന്ത്രി പറഞ്ഞു.
‘ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും ദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറയുന്നു.
വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് വരുന്നത്. എന്നാൽ മിക്ക ഇന്ത്യൻ കമ്പനികളും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. ലോറികളിലെ ഡ്രൈവര്‍ ക്യാബിന്‍ എ.സിയാക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് പകരം ഓപ്ഷണല്‍ ആക്കണമെന്നായിരുന്നു വാഹന നിര്‍മാതാക്കളുടെ ആവശ്യം. ഈ വാദം തള്ളിയ കേന്ദ്രം 2025 ഓടെ ട്രക്ക് ഡ്രൈവര്‍മാരുടെ കമ്പാര്‍ട്ടുമെന്റില്‍ എയര്‍ കണ്ടീഷനിങ് നിര്‍ബന്ധമാക്കുന്നത്. ഒരു ട്രക്ക് എ.സിയിലേയ്ക്ക് മാറ്റാന്‍ പതിനായിരം മുതല്‍ ഇതുപതിനായിരം രൂപവരെയാണ് ചെലവ് വരുന്നത്. സ്വാഭാവികമായും വാഹനങ്ങളുടെ വിലയും ഇതിനൊപ്പം ഉയരും.
ട്രക്ക് മേഖല പൂർണമായും എസി ക്യാബിനുകളിലേക്ക് നവീകരിക്കാൻ പതിനെട്ട് മാസം എടുക്കുമെന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എസി ക്യാബിൻ നിർബന്ധമാക്കാൻ 2025 വരെ സമയം അനുവദിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.